സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലൂടെ സാമ്പത്തിക വളർച്ച, തൊഴിൽസൃഷ്ടി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം തീരദേശത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിടുന്ന വികസന പദ്ധതി മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി എത്തുന്ന ആദ്യ പ്രധാന ഇറക്കുമതി ചരക്ക് കോട്ടയം പോർട്ടിലേക്ക് നീക്കം ചെയ്യും. കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) വികസനത്തിൽ നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ഈ ചരക്കുനീക്കം. എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബറാണ് 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുന്നത്.
കോട്ടയം ഐസിഡിയിൽ ഓരോ ബിൽ ഓഫ് ലേഡിങ്ങിന് കീഴിലുള്ള 20 കണ്ടെയ്നറുകളിലെയും ചരക്കുകൾ കസ്റ്റംസ് പരിശോധനയ്ക്കും മറ്റ് നിർബന്ധിത ക്ലിയറൻസ് നടപടികൾക്കും വിധേയമാക്കും. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാർജ് (OOC) അനുമതി ലഭിച്ചശേഷം അതേ ട്രക്കുകളിൽ തന്നെ കണ്ടെയ്നറുകൾ കൊച്ചിയിലെ എംആർഎഫിന്റെ കേന്ദ്രീകൃത വെയർഹൗസിലേക്ക് കൊണ്ടുപോകും. ഇതുവഴി ഉൽപ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വേഗത്തിൽ ലഭ്യമാക്കാനും ഫാക്ടറികളുടെ പ്രവർത്തനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രധാന നേട്ടം. ആവശ്യമായ വെയർഹൗസ് സൗകര്യം ഒരുക്കിയശേഷം ഇറക്കുമതി ചരക്കുകൾ അവിടെ ഇറക്കുകയും ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെ കണ്ടെയ്നർ യാർഡിൽ സൂക്ഷിച്ച് കയറ്റുമതിക്കാർക്ക് ലഭ്യമാക്കുകയും ചെയ്യും.
നിലവിൽ കയറ്റുമതിക്കാർ പലപ്പോഴും കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയത്തേക്ക് എത്തിച്ചാണ് ചരക്കുകൾ നിറയ്ക്കുന്നത്. ഇറക്കുമതിയിലൂടെ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ തന്നെ കയറ്റുമതിക്ക് ഉപയോഗിക്കുന്നതിലൂടെ ഈ അധിക ഗതാഗതചെലവും സമയനഷ്ടവും കുറയ്ക്കാനാകും. കണ്ടെയ്നറുകളുടെ പുനരുപയോഗം വേഗത്തിലാക്കാനും കയറ്റുമതി പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇത് വഴിയൊരുക്കും.
ഇറക്കുമതിയും കയറ്റുമതിയും പരസ്പരം ബന്ധിപ്പിച്ചുള്ള ഈ ചരക്കുനീക്ക മാതൃക ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ലോജിസ്റ്റിക്സ് സേവനദാതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ ചെലവുകുറഞ്ഞ സംവിധാനം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കോട്ടയം ഐസിഡിയെ കൂടുതൽ മത്സരക്ഷമവും പ്രാദേശിക വ്യാപാര-ചരക്കുഗതാഗത മേഖലയിലെ പ്രധാന കേന്ദ്രവുമായി വികസിപ്പിക്കാനാകും.
കോട്ടയം ഐസിഡി വഴി കൂടുതൽ ഇറക്കുമതി-കയറ്റുമതി ചരക്കുനീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും കേരളത്തിലെ ചരക്കുഗതാഗത-വ്യാപാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കും. സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് സാധ്യതകൾ വികസിപ്പിക്കുക എന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിലും ഈ നീക്കം നിർണായകമാകും. കയറ്റുമതി ഇറക്കുമതികാർക്ക് സുഗമമായ ഒരു പ്രവർത്തന കേന്ദ്രമാണ് കോട്ടയം പോർട്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കോട്ടയം ഐസിഡിയെയും ബന്ധിപ്പിച്ചുള്ള കാര്യക്ഷമമായ ചരക്കുഗതാഗത ശൃംഖല വികസിപ്പിക്കാനും കേരളത്തിന്റെ ഉൾനാടൻ ചരക്കുനീക്ക-കയറ്റുമതി മേഖലകൾക്ക് കൂടുതൽ കരുത്തുപകരാനും സാധിക്കും. ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഒരുപോലെ ചെലവുകുറഞ്ഞതും സമയലാഭം ഉറപ്പാക്കുന്നതുമായ ലോജിസ്റ്റിക്സ് സംവിധാനം ഒരുക്കുന്നതിലൂടെ കോട്ടയം പോർട്ടിനെ പ്രാദേശിക വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ വ്യാപാര-വ്യവസായ വളർച്ചയ്ക്കും മിഷൻ സമുദ്ര പുതിയ ദിശാബോധം നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-25 09:00:31
ലേഖനം നമ്പർ: 2150