കേരളത്തിന്റെ വ്യവസായ-നിക്ഷേപ മേഖലയിൽ ആഗോളതലത്തിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ സംരംഭകത്വ ശൃംഖലകളെ സംസ്ഥാനത്തിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുമായി പുതിയ നിക്ഷേപ സൗഹൃദ ഇടപെടലുമായി സംസ്ഥാന സർക്കാർ. വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ പ്രമുഖ ആഗോള നഗരങ്ങളിൽ ‘കേരളം ഡെസ്‌കുകൾ’ ആരംഭിക്കുന്നു.

സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് വ്യവസായ വകുപ്പ്  ആദ്യഘട്ടത്തിൽ അഞ്ച് നഗരങ്ങളിൽ ഡെസ്‌കുകളുടെ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ അന്താരാഷ്ട്ര സംരംഭക സമൂഹത്തിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനും നിക്ഷേപകരുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

നിക്ഷേപ അധിഷ്ഠിത പ്രവാസി പങ്കാളിത്തം

കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് കൂടുതൽ നിക്ഷേപാധിഷ്ഠിതമാക്കാനാണ് ‘കേരള ഡെസ്‌കുകൾ’ ലക്ഷ്യമിടുന്നത്. നിലവിൽ പണമയയ്ക്കലിൽ പ്രധാനമായും കേന്ദ്രീകരിക്കുന്ന പ്രവാസി സാമ്പത്തിക പങ്കാളിത്തത്തെ വ്യവസായ നിക്ഷേപം, സംരംഭകത്വം, പുതിയ ബിസിനസ് സാധ്യതകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാകും ഡെസ്‌കുകൾ.

കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ, വ്യവസായ സൗകര്യങ്ങൾ, നിക്ഷേപ നയങ്ങൾ, പദ്ധതികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിദേശത്തുള്ള പ്രവാസി സംരംഭകരിലേക്കും നിക്ഷേപകരിലേക്കും എത്തിക്കുന്നതിനും ഡെസ്‌കുകൾക്ക് സാധിക്കും. ഇതിലൂടെ കേരളത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ളവർക്ക് ആവശ്യമായ പ്രാഥമിക വിവരങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനുള്ള സഹായ സംവിധാനമായി ഇവ പ്രവർത്തിക്കും.

അഞ്ച് ആഗോള നഗരങ്ങളിൽ സാന്നിധ്യം

ആദ്യഘട്ടത്തിൽ ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ നഗരങ്ങളിലാണ് ‘കേരളം ഡെസ്‌കുകൾ’ സ്ഥാപിക്കുന്നത്. വലിയ പ്രവാസി മലയാളി സമൂഹവും ശക്തമായ ബിസിനസ് ശൃംഖലകളും നിലനിൽക്കുന്ന ഈ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള ഇടപെടൽ കേരളത്തിലേക്ക് പുതിയ നിക്ഷേപ സാധ്യതകൾ എത്തിക്കുന്നതിന് സഹായകമാകും.

അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തിലായിരിക്കും ഡെസ്‌കുകളുടെ പ്രവർത്തനം. ഇതുവഴി സർക്കാർ സംവിധാനത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും സംരംഭക ശൃംഖലകളുടെയും ഏകോപിത ഇടപെടൽ സാധ്യമാക്കുകയാണ് ലക്ഷ്യം.

KSIDCയുടെ ‘ഇൻവെസ്റ്റ് കേരളം സെൽ’ വഴി ഏകജാലക സംവിധാനം

‘കേരളം ഡെസ്‌കുകൾ’ വഴി ലഭിക്കുന്ന നിക്ഷേപ താൽപ്പര്യങ്ങൾ കേരളം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KSIDC) ‘ഇൻവെസ്റ്റ് കേരള സെൽ’ മുഖേന ഏകോപിപ്പിക്കും. നിക്ഷേപകരെ വിവിധ സർക്കാർ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും നിക്ഷേപ നടപടികൾ വേഗത്തിലാക്കുന്നതിനും സിംഗിൾ വിൻഡോ സംവിധാനത്തിലൂടെ ആവശ്യമായ പിന്തുണ നൽകുന്നതിനുമാണ് ഈ സംവിധാനം.

വിദേശത്ത് നിന്ന് ലഭിക്കുന്ന നിക്ഷേപ താൽപ്പര്യങ്ങളെ പ്രായോഗിക നിക്ഷേപങ്ങളാക്കി മാറ്റുന്നതിൽ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഈ ഏകോപിത സംവിധാനം സഹായിക്കും. നിക്ഷേപകർക്ക് നടപടിക്രമങ്ങൾ സംബന്ധിച്ച വ്യക്തതയും ആവശ്യമായ മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിലൂടെ കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും.

സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ല

സംസ്ഥാന സർക്കാരിന് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകാത്ത രീതിയിലാണ് ‘കേരളം ഡെസ്‌കുകൾ’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെയും സന്നദ്ധ അടിസ്ഥാനത്തിലുമാണ് ഡെസ്‌കുകൾ പ്രവർത്തിക്കുക. നിലവിലുള്ള പ്രവാസി ശൃംഖലകളെയും സംഘടനാ സംവിധാനങ്ങളെയും പ്രയോജനപ്പെടുത്തി നിക്ഷേപ സാധ്യതകൾ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാതൃകയാണിത്.

നിക്ഷേപ സൗഹൃദ കേരളത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പ്

പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും കേരളത്തിന്റെ വ്യവസായ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ നിക്ഷേപാന്തരീക്ഷത്തിന് കൂടുതൽ ഉണർവ് നൽകാൻ പദ്ധതിക്ക് കഴിയും. ആഗോള ബിസിനസ് ശൃംഖലകളുമായുള്ള ബന്ധം വിപുലീകരിക്കുന്നതിനൊപ്പം കേരളത്തിലെ വ്യവസായ മേഖലയിൽ പുതിയ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും സാങ്കേതികവിദ്യാ കൈമാറ്റത്തിനും വഴിയൊരുക്കുന്നതിനും ഇത്തരം ഇടപെടലുകൾ സഹായകമാകും.

ആഗോള നിക്ഷേപ സാധ്യതകളെ കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ‘കേരള ഡെസ്‌കുകൾ’ നിർണായകമായ ഒരു ഇടനാഴിയായി മാറുകയാണ്. പ്രവാസി മലയാളികളുടെ സാമ്പത്തികവും സംരംഭകവുമായ ശേഷിയെ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയുമായി കൂടുതൽ ശക്തമായി കൂട്ടിയിണക്കുന്നതിനൊപ്പം, വിദേശ നിക്ഷേപകരിലേക്ക് കേരളത്തിന്റെ സാധ്യതകൾ നേരിട്ട് എത്തിക്കാനും സാധിക്കും.

ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ ആഗോള നഗരങ്ങളിൽ ആരംഭിക്കുന്ന ഈ ഡെസ്‌കുകൾ വഴി രൂപപ്പെടുന്ന നിക്ഷേപ താൽപ്പര്യങ്ങളെ KSIDCയുടെ ഏകജാലക സംവിധാനത്തിലൂടെ യാഥാർഥ്യ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലൂടെ കേരളത്തിന്റെ നിക്ഷേപ സൗഹൃദ വികസന സമീപനത്തിന് കൂടുതൽ കരുത്തേകാനാകും. ആഗോളതലത്തിലുള്ള കേരളീയ ശൃംഖലകളെ വികസനത്തിന്റെ പങ്കാളികളാക്കി മാറ്റുന്ന ഈ ഇടപെടൽ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-06 11:00:52

ലേഖനം നമ്പർ: 2108

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo