രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടം വയനാട് സ്വന്തമാക്കി. സംസ്ഥാന സർക്കാരിന്റെ മാലിന്യ നിർമാർജ്ജന ദൗത്യങ്ങൾക്കും 'നിർമ്മലം' പദ്ധതിക്കും വലിയ കരുത്തുപകരുന്ന ഈ നേട്ടം, മറ്റ് ജില്ലകൾക്കും രാജ്യത്തിനാകെയും മാതൃകയാണ്. വയനാടിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള മാതൃക ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ 'ഭൂമി' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ആശയമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.

കൂട്ടായ്മയുടെയും ജനപങ്കാളിത്തത്തിന്റെയും വിജയം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന-സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് വയനാടിനെ ഇ-മാലിന്യമുക്തമാക്കിയത്. നൂറ് ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങൾ വിജയകരമായി ശേഖരിക്കാനും സംസ്കരിക്കാനും സാധിച്ചു. ഇ-മാലിന്യങ്ങളിൽ അടങ്ങിയിട്ടുള്ള അപകടകരമായ രാസവസ്തുക്കൾ മണ്ണിലും ജലത്തിലും കലരുന്നത് മണ്ണിന്റെ സ്വാഭാവികതയും ഉത്പാദനക്ഷമതയും നശിപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ ഭീഷണിയെ ഫലപ്രദമായി ചെറുക്കാൻ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലയ്ക്ക് കഴിഞ്ഞു.

സുസ്ഥിര വികസനം, സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനം, കാർബൺ ന്യൂട്രാലിറ്റി

ഇ-വേസ്റ്റ് ഫ്രീ ഡിസ്ട്രിക്ട് പ്രോട്ടോകോൾ & പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷൻ: ഇ-മാലിന്യ ശേഖരണത്തിനും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിനുമായി കൃത്യമായ പ്രോട്ടോക്കോളുകളും രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. വ്യാപാരികളെയും വിനോദസഞ്ചാരികളെയും കൂടി ഉൾപ്പെടുത്തി ജില്ലയെ പ്രകൃതിസൗഹൃദമാക്കും.

വാർഷിക ഡ്രൈവ് & ഗ്രീൻ കേരള കമ്പനി: ഇ-മാലിന്യ ശേഖരണത്തിനായി എല്ലാ വർഷവും പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. മാലിന്യ ശേഖരണത്തിന്റെ പേരിലുള്ള അനധികൃത ഇടപെടലുകൾ തടഞ്ഞ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗ്രീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഐ.സി 100 ചലഞ്ച്: സംസ്ഥാനത്തെ എല്ലാ വാർഡുകളും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി, ഓരോ വാർഡിലെയും മാലിന്യപ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ 100 ദിവസത്തിനകം പോർട്ടലിൽ പങ്കുവെക്കുന്നതിനുമായി ഐ.സി 100 ചലഞ്ച് നടപ്പാക്കുന്നുണ്ട്.

കാർബൺ ന്യൂട്രാലിറ്റി: കൃഷിയും വിനോദസഞ്ചാരവും പ്രധാന സാമ്പത്തിക മേഖലകളായ വയനാട്ടിൽ മികച്ച വായുഗുണനിലവാരം നിലനിർത്തുന്നതിനൊപ്പം കാർബൺ ന്യൂട്രാലിറ്റിയിലേക്കുള്ള പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും.

പ്രഖ്യാപനത്തിന് മുന്നോടിയായി കൽപ്പറ്റയിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ഘോഷയാത്ര സംഘടിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഗ്ലോബ് ഘോഷയാത്രയിലെ പ്രധാന ആകർഷണമായിരുന്നു. ഇ-മാലിന്യത്തിന്റെ വർധിച്ചുവരുന്ന അളവും അത് ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഈ പ്രദർശനം ശ്രദ്ധേയമായി.

വയനാടിൻ്റെ സമഗ്രവും സുസ്ഥിരവുമായ  വികസനത്തോടൊപ്പം  കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള മാതൃക ജില്ലയാക്കുക എന്ന ലക്ഷ്യം  യാർത്ഥ്യമാക്കിയെന്നതിനൊപ്പം, ഇ-മാലിന്യമുക്ത പ്രഖ്യാപനം 'നിർമലം' മാലിന്യ നിർമാർജ്ജന പദ്ധതിക്ക് കൂടുതൽ കരുത്തുപകരുകയും ചെയ്യുന്നു. വയനാടിന്റെ മാത്രമല്ല, ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന ഈ പ്രഖ്യാപനം, അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന് കൂടുതൽ വേ​ഗത നൽകുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-28 11:44:35

ലേഖനം നമ്പർ: 2154

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo