2023–25 കാലയളവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) രാജ്യത്ത് നടത്തിയ സർവേയിൽ വിളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. രാജ്യത്തെ 183 ജില്ലകളിലായി രണ്ടുലക്ഷത്തിലധികം പേരിൽ നടത്തിയ സർവേയിൽ ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് കേരളം ഈ നേട്ടം കൈവരിച്ചത്. വിവിധ പ്രായവിഭാഗങ്ങളിലെ വിളർച്ചാ നിരക്കിൽ കേരളം ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി സർവേ വ്യക്തമാക്കുന്നു.

കേരളത്തിലെ അഞ്ചു മുതൽ ഒൻപത് വയസ്സുവരെയുള്ള കുട്ടികളിൽ വിളർച്ചാ നിരക്ക് 9.8 ശതമാനമാണ്. കൗമാരക്കാരായ പെൺകുട്ടികളിൽ 21.4 ശതമാനവും ആൺകുട്ടികളിൽ 6.3 ശതമാനവുമാണ് വിളർച്ചാ നിരക്ക്. മുതിർന്ന സ്ത്രീകളിൽ ഇത് 28 ശതമാനവും പ്രത്യുൽപാദന പ്രായത്തിലുള്ള 15 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകളിൽ 29.1 ശതമാനവുമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എല്ലാ പ്രധാന പ്രായവിഭാഗങ്ങളിലും മികച്ച നില കൈവരിച്ചിട്ടുണ്ട്.

ഈ നേട്ടത്തിന് പിന്നിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് – വിവ കേരളം' ക്യാമ്പയിന്റെ ഇടപെടലുകൾ പ്രധാന പങ്കുവഹിക്കുന്നു. കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും വിളർച്ച കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ ഗോത്രവർഗ മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടപ്പാക്കിയത്.

ക്യാമ്പയിന്റെ ഭാഗമായി സൗജന്യ വിളർച്ചാ പരിശോധന, അയൺ ഗുളികകളുടെ വിതരണം, പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ഭക്ഷണക്രമീകരണ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്രമബദ്ധമായി നടപ്പാക്കി. ആരോഗ്യ വകുപ്പിനൊപ്പം വനിതാ ശിശു വികസന വകുപ്പും ക്യാമ്പയിന്റെ ഭാഗമായി വിവിധ ഇടപെടലുകൾ നടത്തി.

ക്യാമ്പയിൻ ആരംഭിക്കുന്ന സമയത്ത് കേരളത്തിൽ 15 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകളിലെ വിളർച്ചാ നിരക്ക് 36.3 ശതമാനമായിരുന്നു. 2023–25 ലെ ICMR സർവേ പ്രകാരം ഇത് 29.1 ശതമാനമായി കുറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളിൽ വിളർച്ചാ നിരക്ക് 32.5 ശതമാനത്തിൽ നിന്ന് 21.4 ശതമാനമായും കൗമാരക്കാരായ ആൺകുട്ടികളിൽ 27.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായും കുറഞ്ഞു. കുട്ടികൾ ഉൾപ്പെടെ വിവിധ പ്രായവിഭാഗങ്ങളിലും വിളർച്ചാ നിരക്ക് കുറഞ്ഞതായി സർവേ കണക്കുകൾ സൂചിപ്പിക്കുന്നു.

വിളർച്ച തടയുന്നതിനുള്ള ആരോഗ്യ ഇടപെടലുകൾ, പോഷകാഹാര ബോധവൽക്കരണം, വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം എന്നിവയുടെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം. പൊതുജനാരോഗ്യ രംഗത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയും സ്ത്രീകളുടെയും കുട്ടികളുടെയും പോഷക ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകിയും മുന്നേറുന്ന കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് ICMR സർവേ കണക്കുകൾ അംഗീകാരമാകുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-28 10:30:13

ലേഖനം നമ്പർ: 2153

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo