കടൽത്തീരങ്ങൾ

589 കിലോമീറ്റർ കടൽത്തീരമുണ്ട് കേരളത്തിന്. ഇതിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കടൽത്തീരങ്ങൾ കേരളത്തിനുണ്ട്. കടൽത്തീരങ്ങളോട് ചേർന്ന സുഖവാസ കേന്ദ്രങ്ങളും ഹോട്ടലുകളും വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നു. കേരളത്തിലെ പ്രധാന കടൽത്തീരങ്ങൾ നോക്കാം.

കോവളം

കേരളത്തിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച കടൽത്തീരമാണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയിൽ മറ്റ് മൂന്ന് തീരങ്ങൾ കൂടിയുണ്ട് കോവളത്ത്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്. ചെലവു കുറഞ്ഞ കോട്ടേജുകൾ, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, യോഗ, ആയുർവ്വേദ തിരുമ്മൽ കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികൾക്ക് വിവിധനിരക്കിലുളള സൗകര്യങ്ങൾ ലഭിക്കും. 

സന്ദർശനത്തിന് നല്ല സമയം : സെപ്റ്റംബർ മുതൽ മാർച്ച് വരെ.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ,  16 കി. മീ.  
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,  10 കി. മീ.

പൂവാർ

തിരുവനന്തപുരം ജില്ലയിലെ തന്നെ തീരമേഖലയാണ് പൂവാർ.  നെയ്യാർ അറബി കടലുമായി ചേരുന്ന അഴിമുഖമാണിത്. കടലും  കായലും അഴിമുഖവും ചേർന്ന മത്സ്യബന്ധന ഗ്രാമങ്ങളും സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാകും.  തീരഗ്രാമങ്ങളിലെ ജീവിതമറിയാൻ യോജിച്ച ഇടമാണ് പൂവാർ.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തിരുവനന്തപുരം, 23 കി. മീ.
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 25 കി. മീ.

ശംഖുമുഖം ബീച്ച്

തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ശംഖുംമുഖം ദേവി ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തിരുവനന്തപുരം, 8 കി. മീ.
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 6  കി. മീ.

വേളി ബീച്ച്

തിരുവനന്തപുരം ന​ഗരത്തിൽ നിന്നും 7.7 കിമീ അകലെ സ്ഥിതിചെയ്യുന്ന കടൽത്തീരമാണ് വേളി. വേളി തടാകത്തെ കടലുമായി വേർതിരിക്കുന്ന മണൽത്തിട്ടയാണ് വേളിയുടെ പ്രധാന ആകർഷണം. ഫ്ലോട്ടിങ് റസ്റ്റോറന്റ്, പാർക്ക്, ബോട്ടിങ് എന്നിവയും ബീച്ചിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തിരുവനന്തപുരം, 7 കി. മീ. കൊച്ചുവേളി 1.5 കീ.മി
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 7  കി. മീ.

വർക്കല ബീച്ച്

തിരുവനന്തപുരം ന​ഗരത്തിൽ നിന്നും 51 കിലോമീറ്ററും കൊല്ലത്തു നിന്ന് 37 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന  കടൽത്തീരമാണ് വർക്കല.   ഒരു പ്രകൃതി ചികിത്സാ കേന്ദ്രമെന്ന നിലയിലും ആയുർവേദ കേന്ദ്രമെന്ന നിലയിലും വർക്കല പ്രാധാന്യം നേടി വരികയാണ്. പാപനാശം എന്നറിയപ്പെടുന്ന വർക്കല കടൽത്തീരം വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് വെറും മൂന്നര കിലോമീറ്റർ അകലെയാണ്. കടലോരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന്‌ പാപനാശം കടൽ എന്ന പേരു നേടിക്കൊടുത്തത്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതുന്നു. ഈ ഉറവയിൽ കുളിക്കുന്നത് വർക്കലയിൽ പ്രശസ്തമാണ്. കടൽത്തീരത്തെ അഭിമുഖീകരിച്ചാണ് പാറക്കെട്ടുകൾക്കിടയിൽ ജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം. 2000ത്തോളം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയുന്നു. ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തന കേന്ദ്രവും പിന്നീട് സമാധി സ്ഥലവുമായിത്തീർന്ന ശിവഗിരി മഠവും വർക്കലയിൽ തന്നെ. 

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ : വർക്കല  3.4 കി. മീ. | 
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 42.7 കി. മീ. 


 കാപ്പിൽ ബീച്ച്

വർക്കലയിൽ നിന്നും 7 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മനോഹരമായ കടൽത്തീരമാണ് കാപ്പിൽ. കായലിന്റെ സ്വച്ഛതയും കടലിന്റെ മനോഹാരിതയും ഒരുമിച്ചറിയാം എന്നതാണ് കാപ്പിൽ ബീച്ചിന്റെ ആകർഷണം. ബോട്ടിങ്ങിനും മറ്റ് ജലവിനോദങ്ങൾക്കുമുള്ള സൗകര്യവും സഞ്ചാരികളെ ഇവിടേക്ക് ക്ഷണിക്കുന്നു. 

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ: വർക്കല 7 കിലോമീറ്റർ | 
അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 47.5 കിലോമീറ്റർ


കൊല്ലം ബീച്ച്

കൊല്ലം ജില്ലയിലെ പ്രമുഖ കടൽത്തീരമാണ് മഹാത്മാ​ഗാന്ധി കടൽപ്പുറം അഥവാ കൊല്ലം ബീച്ച്. കേരളത്തിലെ ഏറ്റവും വലിയ വിളക്കുമാടമായ തങ്കശ്ശേരി ഇതിനു സമീപത്തായാണ്.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ : കൊല്ലം ജം​ഗ്ഷൻ,  16 കി. മീ.  
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,  66 കി. മീ.

തിരുമുല്ലവാരം കടൽത്തീരം

കൊല്ലം നഗരത്തിൽ നിന്നും ആറു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണു തിരുമുല്ലവാരം. കടപ്പുറത്തിന്റെ പേരിലാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ : കൊല്ലം ജം​ഗ്ഷൻ, 5.1 കി. മീ.  
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,  70.5 കി. മീ.

ആലപ്പുഴ ബീച്ച്

ആലപ്പുഴ ന​ഗരത്തിന്റെ പടിഞ്ഞാറ് ഭാ​ഗത്തായി സ്ഥിതിചെയ്യുന്ന കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്. ആലപ്പുഴ കടൽപ്പാലം, ആലപ്പുഴ ലൈറ്റ് ഹൗസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലപ്പുഴ റെയിൽവേ സ്റ്റേഷൻ,  1.2 കി. മീ.  
അടുത്തുളള വിമാനത്താവളം : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം,  82.6 കി. മീ.


മാരാരി കടൽത്തീരം

ആലപ്പുഴ ന​ഗരത്തിന്റെ വടക്കുഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന കടൽത്തീരമാണ് മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം.മത്സ്യബന്ധനഗ്രാമങ്ങളിൽ അവരുടെ ജീവിതരീതി കണ്ടറിയാനും അവരുടെ ഭക്ഷ്യവിഭവങ്ങൾ രുചിയ്ക്കാനും താൽപര്യമുള്ളവർക്കും പറ്റിയ സ്ഥലമാണ് മാരാരിക്കുളം.

അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലപ്പുഴ റെയിൽവേ സ്റ്റേഷൻ,  14.2 കി. മീ.  
അടുത്തുളള വിമാനത്താവളം : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം,  82.6 കി. മീ.

അന്ധകാരനഴി ബീച്ച്

ആലപ്പുഴ ജില്ലയിലെ മറ്റൊരു  കടൽത്തീരമാണ് അന്ധകാരനഴി. എല്ലാവർഷവും ഇവിടെ നടത്തുന്ന ബീച്ച് ഫെസ്റ്റിൽ പങ്കെടുക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. മനക്കോടം വിളക്കുമാടം അന്ധകാരനാഴിയിലാണു സ്ഥിതിചെയ്യുന്നത്.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, 30.5 കി. മീ.  
അടുത്തുളള വിമാനത്താവളം : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം,  57.2 കി. മീ.

ചെറായി കടൽത്തീരം

നീന്തൽക്കാരുടെ പറുദീസാ എന്നാണ് ചെറായി കടപ്പുറം അറിയപ്പെടുന്നത്. എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ ഭാ​ഗമാണ് ചെറായി. ഡോൾഫിനുകളേയും കാണാൻ സാധിക്കും എന്നതാണ് ഈ കടൽത്തീരത്തിന്റെ പ്രത്യേകത. 

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം സൗത്ത്‌,  28.4 കി. മീ.  
അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  20 കി. മീ.

ഫോർട്ട് കൊച്ചി ബീച്ച്

എറണാകുളം ജില്ലയിലെ മറ്റൊരു പ്രധാന കടൽത്തീരമാണ് ഫോർട്ടുകൊച്ചി ബീച്ച്. പുതുവത്സരം ആഘോഷിക്കാൻ നിരവധി സഞ്ചാരികളാണ് എല്ലാ വർഷവും ബീച്ചിൽ എത്തുന്നത്.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം സൗത്ത്‌, 12.4 കി. മീ.  
അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  43.4 കി. മീ.

തളിക്കുളം സ്നേഹതീരം

തൃശ്ശൂരിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് തളിക്കുളത്തെ സ്‌നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടൽത്തീരങ്ങളിൽ ഒന്നാണിത്. പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങൾക്കു പ്രസിദ്ധമാണ്. 

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേസ്‌റ്റേഷൻ : ഇരിങ്ങാലക്കുട,  16 കി. മീ. 
അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  46 കി. മീ. 

മുനക്കൽ ബീച്ച്

തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ബീച്ചാണ് മുനക്കൽ ബീച്ച്. കൊടുങ്ങല്ലൂർ ന​ഗരത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച്.വനംവകുപ്പ് സ്ഥാപിച്ച കാറ്റാടിവനം  ബീച്ചിലെ പ്രധാന ആകർഷണമാണ്.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേസ്‌റ്റേഷൻ : ഇരിങ്ങാലക്കുട,  29 കി. മീ. 
അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  36.6 കി. മീ. 

മുഴപ്പിലങ്ങാട്   

കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്. തീരത്തിലൂടെ നാലു കിലോമീറ്റർ കാറോടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരം. തലശ്ശേരിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരമുണ്ട് മുഴപ്പിലങ്ങാട്ടേക്ക്.  ആഴവും അടിയൊഴുക്കും കുറവായതിനാൽ നീന്തൽ ഇഷ്ടമുള്ളവരുടെ പ്രിയസ്ഥലമാണിത്. പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, മൈക്രോ ലൈറ്റ് ഫ്‌ളൈറ്റ് എന്നിവക്കും ബോട്ടിംഗിനും കട്ടമരം യാത്രക്കും സൗകര്യങ്ങളുണ്ട്.

എത്തിച്ചേരാനുള്ള വഴി

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തലശ്ശേരി,  12 കി. മീ. 
അടുത്തുളള വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം,  30 കി. മീ.

പയ്യാമ്പലം   

കണ്ണൂർ ജില്ലയിലെ പ്രധാന കടൽത്തീരങ്ങളിലൊന്നാണ്  പയ്യാമ്പലം. കടലിൽ നീന്തുന്നതിനും സർഫിംഗിനും ഇവിടെ സൗകര്യങ്ങളുണ്ട്. പല സ്വാതന്ത്ര്യ സമര സേനാനികളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സ്മാരക കേന്ദ്രവുമാണ്. കണ്ണൂരിന്റെ ചരിത്രം ഈ കടൽത്തീരത്തെ സ്മാരകങ്ങളിലൂടെ വായിക്കാം.

എത്തിച്ചേരാനുള്ള വഴി

 അടുത്തുളള റെയിൽവേസ്റ്റേഷൻ : കണ്ണൂർ, 2 കി. മീ. ട
വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം,  25 കി. മീ.

കോഴിക്കോട് കടൽത്തീരം   
  
സൂര്യാസ്തമയം കാണാൻ നഗരത്തിനുള്ളിൽ നിന്നും, അകലെ നിന്നും ധാരാളം പേർ എത്തുന്ന സ്ഥലമാണ് കോഴിക്കോട് കടൽത്തീരം.  ഡോൾഫിൻസ് പോയിന്റും വിളക്കുമാടവും കടലിലേക്കു നീണ്ടുനിൽക്കുന്ന രണ്ടു പുലിമുട്ടുകളും മറ്റൊരാകർഷണമാണ്. നൂറു വർഷത്തിലേറെ പ്രായമുണ്ട് വിളക്കുമാടത്തിനും പുലിമുട്ടുകൾക്കും. 

എത്തിച്ചേരാനുള്ള വഴി

എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ : കോഴിക്കോട്, 3 കി. മീ.
വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 29 കി. മീ.

കാപ്പാട് കടൽത്തീരം

കേരളചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് കടൽത്തീരം. ഈ തീരത്താണ് അഞ്ഞൂറു കൊല്ലം മുമ്പ്, 1498-ൽ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിൽ  യൂറോപ്യന്മാർ കേരളത്തിൽ കപ്പലിറങ്ങുന്നത്. നമ്മുടെ ചരിത്രത്തിൽ നിർണായകസ്ഥാനം വഹിക്കുന്ന കാപ്പാട് കടൽത്തീരം എന്തു കൊണ്ടും താൽപര്യമുണർത്തുന്ന ഒരിടമാണ്.

എങ്ങനെ എത്താം

അടുത്തുളള റെയിൽവേസ്റ്റേഷൻ : കോഴിക്കോട്,  35 കി. മീ.
വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 45 കി. മീ.

ബേക്കൽ 
 
കാസർഗോഡ് ജില്ലയിലാണ് ബേക്കൽ. സമുദ്രനിരപ്പിൽ നിന്നും 130 അടി ഉയരത്തിലാണ് ബേക്കൽ കോട്ട. കടലിനോടു ചേർന്നു കുത്തനെയുള്ള കുന്നിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലം കൂടിയാണ് ബേക്കൽ കോട്ട.

എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കാസർഗോഡ് 
അടുത്തുള്ള വിമാനത്താവളം: മംഗലാപുരം-കാസർഗോഡ് നിന്നും 50 കീ. മീ. ദൂരെ,

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 638

sitelisthead