തീർത്ഥാടന കേന്ദ്രങ്ങൾ

വിവിധ മതവിഭാ​ഗങ്ങൾ സഹവർത്തിത്വത്തോടെ താമസിക്കുന്ന ഇടമാണ് കേരളം. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക്  ഓരോ മത വിഭാ​ഗങ്ങളും അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങൾ, മുസ്ലീം പള്ളികൾ, ക്രിസ്ത്യൻ ആരാധന കേന്ദ്രങ്ങൾ എന്നു തുടങ്ങി ജൈന, ബുദ്ധ ക്ഷേത്രങ്ങൾ വരെ കേരളത്തിലുണ്ട്. ഓരോ വിഭാഗങ്ങളിലും പ്രാദേശികമായി വേറിട്ടു നിൽക്കുന്ന പാരമ്പര്യങ്ങളും ആരാധനാ രീതികളും ഇവിടെ കാണാം. 

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. കേരള, ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്ര നിർമ്മിതി. ഇന്ത്യയിലെ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളിൽ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു. അനന്തനു മീതെ യോ​ഗനിദ്രയിൽ വിശ്രമിക്കുന്ന നിലയിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആരാധനാമൂർത്തി.

1750-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യം ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിച്ചു. ഈ നടപടി തൃപ്പടി ദാനം എന്നറിയപ്പെടുന്നു.  ശ്രീപത്മനാഭ ദാസനായി, താനും തന്റെ പിന്മുറക്കാരും രാജ്യഭരണം നടത്തുന്നു എന്ന പ്രഖ്യാപനമാണിത്. അന്നു മുതൽ എല്ലാ തിരുവിതാംകൂർ രാജാക്കന്മാരുടെയും പേരിൽ ശ്രീ പത്മനാഭ ദാസൻ എന്നു ചേർത്തു തുടങ്ങി. ഈ ക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് തിരുവനന്തപുരം എന്ന പേര് തലസ്ഥാനത്തിന് ലഭിച്ചത്. പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട ഏഴു പരശുരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു. സ്കന്ദപുരാണം, പത്മപുരാണം എന്നീ പുരാണങ്ങളിൽ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമർശങ്ങളുണ്ട്. ക്ഷേത്രത്തിന്റെ തീർത്ഥക്കുളത്തിന് പത്മതീർത്ഥം എന്നാണു പേര്. അധികാരമൊഴിഞ്ഞ തിരുവിതാംകൂർ രാജവംശത്തിലെ ഏറ്റവും മുതിർന്ന അംഗം അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിനാണ് ഇപ്പോൾ ക്ഷേത്രം നടത്തിപ്പ് ചുമതല.

ബീമാപ്പള്ളി

കേരളത്തിലെ പഴക്കമേറിയ മുസ്ലീം ആരാധനാലയങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ ബീമാപള്ളി.  നബി പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌.കല്ലടി ബാവ എന്ന ഒരു സിദ്ധന്റെ ഖബറും ഇവിടെ ഉണ്ട്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ ഇവരുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

വർക്കല ശിവ​ഗിരി

വർക്കലയിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവക്ഷേത്രവും ശാരദാക്ഷേത്രവും (ശാരദാമഠം), സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു .ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. 1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ചയിടത്ത് ഇന്ന് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു.

ശബരിമല   

രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രശസ്തമായവയിൽ മുൻനിരയിലാണ് ശബരിമല. സമുദ്ര നിരപ്പിൽ നിന്ന് 914 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലാണ് ക്ഷേത്രം. പമ്പയിൽ നിന്ന് 4 കിലോമീറ്റർ കാട്ടുപാതയിലൂടെ കയറിയാലേ ഈ ക്ഷേത്രത്തിലെത്തൂ. ശബരിമല അയ്യപ്പനാണ് പ്രധാന പ്രതിഷ്ഠ. ഏതു ജാതി-മത-സമുദായത്തിലുള്ളവർക്കും ശബരിമല ക്ഷേത്രത്തിൽ പ്രവേശനം നടത്താം. നവംബർ മുതൽ ജനുവരി പകുതി വരെയാണ് തീർത്ഥാടന സമയം. മണ്ഡല പൂജയും മകരവിളക്കുമാണ് പ്രധാനം. എല്ലാ മലയാള മാസത്തിലും ആദ്യ അഞ്ചു ദിവസവും, വിഷുവിനും ഒഴികെ ബാക്കി എല്ലാ അവസരങ്ങളിലും ക്ഷേത്രം അടച്ചിരിക്കും.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം   

കണ്ണൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദർശിക്കുന്ന ഇടമാണിത്. നായാട്ടിനിറങ്ങുന്ന ഒരു താഴ്ന്ന ജാതിക്കാരന്റെ മകൻ എന്ന സങ്കല്പവും ശൈവസങ്കല്പവും കൂടി ചേർന്ന ഈ ക്ഷേത്രത്തിലെ ആരാധനാ ക്രമത്തിന് ശുദ്ധസാത്വിക ഭാവമല്ല ഉള്ളത്. ശാക്തിക ആചാര, ആരാധനാ രീതികളും കള്ള്, മീൻ, ചെറുപയർ പുഴുങ്ങിയത് എന്നിങ്ങനെ പ്രസാദവസ്തുക്കളും അടങ്ങുന്ന ക്ഷേത്രമാണിത്. വെള്ളാട്ടം, തിരുവപ്പന എന്നിങ്ങനെ രണ്ടു പ്രധാന അനുഷ്ഠാനങ്ങൾ ഈ ക്ഷേത്രത്തിൽ പ്രധാന വഴിപാടാണ്. എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദി കൂടിയാണീ ക്ഷേത്രം.

ഗുരുവായൂർ   

ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടമാണ് ഗുരുവായൂർ. രാജ്യത്തെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണിത്. 1638-ൽ പുതുക്കി പണിതതാണ് ശ്രീകോവിൽ എന്നു കരുതപ്പെടുന്നു. ക്ഷേത്രവും അകത്തുള്ള അലങ്കാരനിർമ്മിതികളും കേരളീയവാസ്തുശൈലിയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്.

കിഴക്കോട്ടു ദർശനമായുള്ള പ്രതിഷ്ഠയോടു കൂടിയ ക്ഷേത്രമാണ് ഗുരുവായൂർ. കിഴക്കും പടിഞ്ഞാറുമാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടങ്ങൾ. രണ്ടിടത്തും ഗോപുരമുണ്ട്. കിഴക്കും പടിഞ്ഞാറും നാലമ്പലത്തിനു മുന്നിൽ ദീപം കൊളുത്താനുള്ള ചെരാതുകളോടെ (ഇതു കല്ലിൽ കൊത്തിയതും, ഓടിൽ തീർത്തതുമാകാം) ഉള്ള ദീപസ്തംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കിഴക്കേ നടയിൽ, ബലിക്കൽ പുരക്കും അകത്തേ നടപ്പന്തലിനുമിടയിലെ 70 അടി ഉയരമുള്ള കൊടിമരമാണ് മറ്റൊരാകർഷണം. ശില്പവേലകൾ ചെയ്ത അടിത്തറയിൽ ഉയർന്നു നിൽക്കുന്ന കൊടിമരം പൂർണ്ണമായും സ്വർണ്ണത്തിൽ പൊതിഞ്ഞതാണ്. 

മട്ടാഞ്ചേരി സിന​ഗോ​ഗ്

കോമൺ‌വെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ൽ കൊച്ചിയിലെ  ജൂതരാണ് ഈ സിനഗോഗ് നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാ‍ഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വർമ്മ ജൂത സമുദായത്തിനു ദാനം നൽകിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയിൽ ഒരു മതിൽ മാത്രമേ ഉള്ളൂ.

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം   

3000 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ചക്കുളത്തുകാവ് ശ്രീ ഭ​ഗവതി ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിന് പുറത്തുനിന്നും നിരവധിപേർ ഇവിടെ എത്താറുണ്ട്.  ദുർഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിൽ കൂടി പമ്പയും മണിമലയാറും ഒഴുകുന്നു. വൃശ്ചിക മാസത്തിലാണ് (നവംബർ-ഡിസംബർ) വിഖ്യാതമായ ചക്കുളത്തുകാവ് പൊങ്കാല നടക്കുക. ദുർഗ്ഗാദേവിക്ക് പ്രിയങ്കരമായ പൊങ്കാല നൈവേദ്യം സമർപ്പിക്കാൻ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവിൽ എത്തുക. 

അരുവിത്തുറ പളളി   

തോമാ ശ്ലീഹ കേരളത്തിൽ സ്ഥാപിച്ച ഏഴു പളളികളിൽ ഒന്നാണിതെന്നാണ് വിശ്വാസം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സെന്റ് ജോർജ് ഫൊറോനാ പളളി നിലകൊളളുന്നത്. 

അച്ചൻകോവിൽ ശാസ്താക്ഷേത്രം   
 
കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലത്തെ അച്ചൻകോവിൽ ക്ഷേത്രം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. എത്ര വിഷമുളള പാമ്പിന്റെ കടിയേറ്റാലും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സുഖപ്പെടുമെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലേക്കുളള വഴിമദ്ധ്യേ മണലാർ, കുംഭാവുരുട്ടി വെളളച്ചാട്ടങ്ങൾ കാണാം.

അനന്തപുര തടാക ക്ഷേത്രം   

കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കാസർകോഡുളള അനന്തപുര ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം അനന്തപുര ക്ഷേത്രമാണെന്നാണ് വിശ്വാസം. ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുളളത്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണിത്. ക്ഷേത്രക്കുളത്തിലെ സ്ഥിരതാമസക്കാരനായ ബബിയ എന്ന സസ്യാഹാരിയായ മുതല ഇവിടെ എത്തുന്ന തീർത്ഥാടകർക്ക് കൗതുകമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം   

തനതു കേരളീയ വാസ്തു ശൈലിയിൽ പണിതിട്ടുളള അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീ കൃഷ്ണന്റേതാണ്. ഇവിടത്തെ നിത്യനൈവേദ്യമായ പാൽപ്പായസം ലോകപ്രശസ്തമാണ്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ക്ഷേത്രത്തിലെ പളളിപ്പാനയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർ ആദ്യമായി ഓട്ടൻ തുളളൽ അവതരിപ്പിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.

കൊടുമൺ ചിലന്തിയമ്പലം  

പത്തനംതിട്ട ജില്ലയിലെ പള്ളിയറ  ശ്രീ ഭഗവതി ക്ഷേത്രം അഥവാ ചിലന്തിയമ്പലം എന്ന പേരിലാണ് പ്രശസ്തമായത്. ദൈവീക ശക്തിയുള്ള ചിലന്തിക്കായി സമർപ്പിച്ചതാണ് ഈ ക്ഷേത്രം. ചിലന്തി ആരാധനയുമുണ്ട്. ചിലന്തി വിഷം ഏറ്റവർക്ക് ഇവിടെ പരിഹാരം ലഭിക്കും. അടൂരിൽ നിന്ന് 10 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നു 11 കിലോമീറ്ററും അകലെയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത നാടകം രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മസ്ഥലം കൂടിയാണ് കൊടുമൺ. 

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം   
 
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചുവർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രമാണ്. ഇവയിൽ പ്രശസ്തമായത് ഗോപുരത്തിലെ നടരാജ ചിത്രമാണ്. എല്ലാ വർഷവും അരങ്ങേറുന്ന ഏഴര പൊന്നാന എഴുന്നള്ളത്ത് പ്രസിദ്ധമാണ്.

കാലടി അദ്വൈതാശ്രമം

അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. ശൈവമതപ്രഭാവകാലത്തിനു മുമ്പ്, ഇത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും കരുതുന്നു.ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള നിരവധി പൗരാണികക്ഷേത്രങ്ങൾ കാലടിക്ക് പരിസരത്തായി സ്ഥിതിചെയ്യുന്നു. ഇതിനുപുറമേ ശൃംഗേരി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ശങ്കരാചാര്യർ ജന്മഭൂമി ക്ഷേത്രം ഒരു തീർത്ഥാടനകേന്ദ്രമാണ്. രാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര കീർത്തിസ്തംഭം തുടങ്ങിയവ മറ്റ് ആധുനികസാംസ്കാരികകേന്ദ്രങ്ങളാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 641

sitelisthead