പക്ഷി സങ്കേതങ്ങൾ

കുമരകം പക്ഷി സങ്കേതം

രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷക മേഖലയാണ് കുമരകം പക്ഷി സങ്കേതം. 14 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷി സങ്കേതം രാജ്യത്തെ അപൂർവ്വ ദേശാടന പക്ഷികളെയും തണ്ണീർത്തടങ്ങളും കാണുന്നതിനുള്ള പ്രദേശമാണ്. കോട്ടയത്തെ വേമ്പനാട് തടാകവും തീരങ്ങളും അടങ്ങുന്നതാണ് ഇത്. ഹിമാലയം മുതൽ സൈബീരിയയിൽ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ ഇവിടെ നിരീക്ഷിക്കാം.

ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് പക്ഷികളെ കാണാൻ ഏറ്റവും നല്ല സമയം. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, കിന്നരി നീർക്കാക്ക, അരിവാൾ കൊക്കൻ, പല ഇനങ്ങളിലുള്ള മീൻ കൊത്തികൾ, തണ്ണീർ പക്ഷികൾ, കുയിലുകൾ, താറാവുകൾ, തത്തകൾ, കുരങ്ങുകൾ, വാനമ്പാടികൾ, പ്രാണി പിടിയന്മാർ, തുടങ്ങിയവ ഇവിടെ ഉണ്ട്. ഈ സങ്കേതത്തിലൂടെയുള്ള ബോട്ടു യാത്രകൾ ആനന്ദവും ആശ്വാസവും പകരുന്നവയാണ്. കോട്ടയം ജില്ലയിൽ ഏറെ സന്ദർശകരെത്തുന്ന സ്ഥലമാണിത്.

സന്ദർശന സമയം
06:00 മുതൽ 18:00 വരെ

വിശദ വിവരങ്ങൾക്ക്
ഫോൺ : +91 481 2525864 

എങ്ങനെ എത്താം
അടുത്തുളള റെയിൽവേസ്റ്റേഷൻ : കോട്ടയം,  13 കി. മീ. 
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  94 കി. മീ.

ചൂളന്നൂർ മയിൽ സങ്കേതം

ചൂളന്നൂർ മയിൽ സങ്കേതം പ്രാദേശികമായി അറിയപ്പെടുന്നത് മയിലാടുംപാറ എന്നാണ്. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്. അഞ്ഞൂറ് ഹെക്ടർ വിസ്തീർണമുള്ള വനപ്രദേശത്താണ് മയിൽ സങ്കേതം. മയിലുകളെ കൂടാതെ നൂറോളം ഇനം പക്ഷികളെയും ഇവിടെ കാണാം. പ്രഭാതങ്ങളും സായാഹ്നങ്ങളുമാണ് മയിലുകളെ കൂട്ടത്തോടെ കാണാൻ പറ്റിയ സമയം.

എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ: പാലക്കാട്


തട്ടേക്കാട് പക്ഷിസങ്കേതം

1983 ഓഗസ്റ്റ്‌ 27-നാണ് ഡോ. സാലിം അലി പക്ഷിസങ്കേതം അഥവാ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത്. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. 

മംഗളവനം പക്ഷിസങ്കേതം

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ദ്വീപിലാണ് മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്.

കടലുണ്ടി പക്ഷിസങ്കേതം

മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമാണ് കടലുണ്ടി പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്ത് ചെറുദ്വീപുകളിലായി ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നു. നൂറിലേറെ ഇനം തദ്ദേശീയ പക്ഷികളെയും അറുപതിലേറെ ഇനം ദേശാടന പക്ഷികളെയും ഇവിടെ കാണാം.

മുണ്ടേരിക്കടവ് പക്ഷി സങ്കേതം

കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമ പഞ്ചായത്തിൽ ആണ് ഈ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്.കേരളത്തിൽ നാലാമത് സ്ഥാപിതമായ പക്ഷിസങ്കേതം ആണിത്. 2012-ലാണ് പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. വിവിധയിനം ദേശാടനപ്പക്ഷികളുടെ കേന്ദ്രമാണ് ഈ പക്ഷിസങ്കേതം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 640

sitelisthead