മ്യൂസിയങ്ങൾ

ചരിത്ര സംഭവങ്ങളുടേയും ഇടപെടലുകളുടേയും സാക്ഷ്യപത്രമാണ് മ്യൂസിയങ്ങൾ. കാലങ്ങളിലൂടെ സംസ്ഥാനം നേടിയ പുരോഗതിയും നമ്മൾ ഇനി എങ്ങോട്ട് എന്നതിന്റെ ഉത്തരവും ആണിവ. നന്നായി പരിപാലിക്കപ്പെടുന്നവയാണ് നമ്മുടെ മ്യൂസിയങ്ങൾ. പ്രദർശനവസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചുതരാൻ അംഗീകാരമുള്ള ഗൈഡുകൾ മ്യൂസിയങ്ങളിൽ സന്ദർശകരുടെ സഹായത്തിനുണ്ട്. 

അറയ്ക്കൽ മ്യൂസിയം   
 
കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കൽ വംശത്തിന്റെ അഴീക്കലിലുള്ള കൊട്ടാരമാണിത്. കേരളീയ വാസ്തുശൈലിയിൽ പണിതിട്ടുളള കൊട്ടാരത്തിൽ രാജകുടുംബം ഉപയോ​ഗിച്ചിരുന്ന പത്തായം, ആധാരപ്പെട്ടി, വാളുകൾ, കഠാരകൾ തുടങ്ങി ഖുറാൻ പതിപ്പുകളും മറ്റമൂല്യ വസ്തുക്കളും പ്രദർപ്പിച്ചിരിക്കുന്നു. വിശാലമായ നടുമുറ്റവും ചുറ്റിനും വലിയ കെട്ടിട സമുച്ചയങ്ങളും ചേരുന്നതാണ് കൊട്ടാരം. വെട്ടുകല്ലും മരവും ഉപയോ​ഗിച്ചാണ് നിർമ്മിതി. അറയ്ക്കൽ രാജവംശത്തിന് യൂറോപ്യൻ കൊളോണിയൽ ശക്തികളുമായി ഉണ്ടായിരുന്ന സൗഹൃദത്തിന്റെയും സു​ഗന്ധവ്യഞ്ജന വ്യാപാരക്കുത്തകയുടെയും വ്യാപ്തി വെളിവാക്കുന്ന അനേകം പ്രദർശനവസ്തുക്കൾ മ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ച്ചകളിലും മ്യൂസിയം അവധിയായിരിക്കും.

കൃഷ്ണമേനോൻ മ്യൂസിയം   

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ സ്മരണാർത്ഥം സ്ഥാപിച്ചതാണ് കോഴിക്കോടുളള വി.കെ. കൃഷ്ണമേനോൻ സ്മാരക മ്യൂസിയം. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും നിരവധി ഫോട്ടോകളും മറ്റും ഇവിടെ ഭംഗിയായി പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിനോടു ചേർന്നുളള ആർട്ട് ​ഗ്യാലറിയിൽ രാജാ രവിവർമ്മയുടെയും രാജരാജ വർമ്മയുടെയും ചിത്രങ്ങളുടെ മികച്ച ഒരു ശേഖരം തന്നെയുണ്ട്.

കൊല്ലങ്കോട് ഹൗസ്

കൊല്ലങ്കോട് രാജവംശത്തിലെ ഒടുവിലത്തെ കിരീടാവകാശി ആയിരുന്ന വാസുദേവ രാജ 1904ൽ പണികഴിപ്പിച്ചതാണ്  തൃശൂർ ചെമ്പൂക്കാവിൽ സ്ഥിതിചെയ്യുന്ന കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെട്ടിരുന്ന കൊട്ടാരം. ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണ് ഇന്തോ യൂറോപ്യൻ ശൈലിയിലുളള ഈ കൊട്ടാരം പണിതീർത്തത്. ഇം​ഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളും തറയോടുകളുമാണ് നിലത്ത് വിരിച്ചിരിക്കുന്നത്. 1975-ലാണിത് കേരള പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത്. ഇതുകൂടാതെ വീരക്കല്ലുകളും താളിയോല ​ഗ്രന്ഥങ്ങളും ആയുധങ്ങളും നന്നങ്ങാടികളും പോയ കാലത്തിന്റെ കഥ പറയുന്ന സ്മരണികകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കിർത്താഡ്സ്   

പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പഠന ​ഗവേഷണ പരിശീലന കേന്ദ്രമാണ് കിർത്താഡ്സ്. കോഴിക്കോടാണിത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ​ഗോത്രവർ​ഗ വിഭാ​ഗങ്ങളുടെ പുരോ​ഗതി ലക്ഷ്യമിട്ടാണ് 1972-ൽ കിർത്താഡ്സ് സ്ഥാപിതമായത്. ഇതിനോടു ചേർന്നുളള ​ഗോത്രപഠന മ്യൂസിയത്തിൽ പുരാതനകാലത്ത് കേരളത്തിലെ ​ഗോത്രവർ​ഗം ഉപയോ​ഗിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. നരവംശ ശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലുമുളള പുസ്തകങ്ങളുടെ വലിയൊരു ശേഖരവും എടുത്തു പറയേണ്ട ഒന്നാണ്.

ഹിൽപാലസ്  മ്യൂസിയം, തൃപ്പൂണിത്തുറ   

കൊച്ചിയുടെ ഭരണകർത്താക്കളായിരുന്ന രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു എറണാകുളത്തു നിന്ന് 10 കി. മീ. അകലെ തൃപ്പൂണിത്തുറയിലുള്ള കുന്നിന്മേൽ കൊട്ടാരം എന്നറിയപ്പെടുന്ന ഹിൽപാലസ്. 1865-ൽ പണിതീർത്ത ഈ കൊട്ടാരം രാജകുടുംബത്തിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ശേഷം സംസ്ഥാനത്തെ ആദ്യത്തെ പുരാവസ്തു മ്യൂസിയമാക്കി മാറ്റുകയായിരുന്നു  49-ഓളം കെട്ടിടങ്ങളുടെ സമുച്ചയമാണിത്. ചുറ്റും റോഡുകളും വന്മരങ്ങൾ നിറഞ്ഞ വലിയ തോട്ടവും വലയം ചെയ്യുന്നതാണ് ഈ കൊട്ടാരവളപ്പ്. പുരാതന കേരളീയ വാസ്തുവിദ്യയും വിദേശശൈലിയും ഒത്തുചേർന്നതാണ്  നിർമ്മാണരീതി. തട്ടു തട്ടായി തിരിച്ച 52 ഏക്കറോളം വരുന്ന ഉദ്യാനം മ്യൂസിയത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന എണ്ണച്ചായ ചിത്രങ്ങൾ, ചുവർ ചിത്രങ്ങൾ, ശില്പങ്ങൾ, താളിയോലകൾ, കൊച്ചി മഹാരാജാക്കന്മാരുടെ അമൂല്യമായ വസ്തുക്കൾ, രാജ സിംഹാസനങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കിഴക്കനേഷ്യയിൽ നിന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് എത്തിയ പുരാതന സെറാമിക് സൃഷ്ടികൾ, കേരളത്തിന്റെ നരവംശ ചരിത്രത്തിലെ നാഴിക കല്ലുകളായ കുടക്കല്ല്, തൊപ്പിക്കല്ല്, വെട്ടുകല്ലിൽ തീർത്ത ഓർമ്മ സ്തംഭങ്ങൾ, പഴയ സംസ്കൃതിയുടെ അവശിഷ്ടങ്ങളായ മരത്തിൽ തീർത്ത വസ്തുക്കൾ തുടങ്ങി ഇൻഡസ് വാലിയിലെയും ഹാരപ്പൻ സംസ്കൃതിയുടെയും അവശിഷ്ടങ്ങളുടെ മാതൃകകൾ വരെ ഇവിടെ കാണാം. ആധുനിക കലാസൃഷ്ടികളുടെ ഒരു ഗ്യാലറിയും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ പൈതൃകം വെളിവാക്കുന്ന ഈ മ്യൂസിയം മലയാളികളുടെ അഭിമാനം കൂടിയാണ്.

നേപ്പിയർ മ്യൂസിയം   
   
തിരുവനന്തപുരം നഗരഹൃദയത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പണിതീർത്ത കൊട്ടാര സദൃശമായ കെട്ടിടത്തിലാണ് നേപ്പിയർ മ്യൂസിയം. മൃഗശാലയോടു ചേർന്ന് മ്യൂസിയം വളപ്പിലാണ് ഇത്. ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകൾ, ആഭരണങ്ങൾ, രാജകീയരഥം, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചൈനീസ്, മുഗൾ, കേരളീയ വാസ്തു ശില്പകല, എന്നിവയുടെ സംയുക്ത സങ്കരനിർമ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം. നിർമ്മാണശൈലി കൊണ്ടു തന്നെ ഈ കൊട്ടാരത്തിനകത്തു സ്വാഭാവികമായി തണുപ്പ് അനുഭവപ്പെടും. മുൻ മദ്രാസ് ഗവർണറായ ജനറൽ ജോൺ നേപ്പിയറുടെ സ്മരണക്കാണ് ഇത് സമർപ്പിച്ചിട്ടുള്ളത്. സർക്കാർ ആർട്ട് മ്യൂസിയം എന്നും നാമകരണം ചെയ്തിട്ടുണ്ട്.

പ്രകൃതി ശാസ്ത്ര മ്യൂസിയം

ഇതേ വളപ്പിൽ തന്നെ ആധുനിക ശൈലിയിൽ തീർത്ത കെട്ടിടത്തിലാണ് പ്രകൃതി ശാസ്ത്ര മ്യൂസിയം പ്രവർത്തിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും അസ്ഥികൂടങ്ങൾ, സ്റ്റഫ് ചെയ്ത് സംരക്ഷിച്ച മൃഗരൂപങ്ങൾ എന്നിവയാണ് പ്രധാനം. ഇതിനകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധമാണ്.

ഇടപ്പളളി കേരള ചരിത്ര മ്യൂസിയം   
  
കൊച്ചി  ഇടപ്പളളിയിൽ സ്ഥിതി ചെയ്യുന്ന മാധവൻ നായർ ഫൗണ്ടേഷന്റെ വിശാലമായ കെട്ടിട സമുച്ചയത്തിലാണ് കേരള ചരിത്ര മ്യൂസിയം പ്രവർത്തിക്കുന്നത്. നിയോലിത്തിക് കാലഘട്ടം മുതൽ ആധുനിക യുഗം വരെയുളള കേരള ചരിത്രത്തിന്റെ ഏടുകൾ ശബ്ദ വെളിച്ച വിന്യാസത്തിലൂടെ ഭം​ഗിയായി പുനഃസൃഷ്ടിച്ചിരിക്കുന്നത് ഇവിടെ കാണാം. ​ഇംഗ്ലീഷിലും മലയാളത്തിലുമുളള ലൈറ്റ് സൗണ്ട് ഷോ കേരളത്തിന്റെ ഇന്നലെകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഗ്യാലറിയിൽ ഇരുന്നൂറോളം ഇന്ത്യൻ കലാകാരന്മാരുടെ അസൽ സൃഷ്ടികൾ ചിത്രങ്ങളായും ശില്പങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്.

തേക്ക് മ്യൂസിയം നിലമ്പൂർ

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്. 1840 ലാണ് ബ്രിട്ടീഷുകാർ നിലമ്പൂരിൽ കനോലി പ്ലോട്ട് എന്ന തേക്ക് പ്ലാന്റേഷൻ ആരംഭിക്കുന്നത്. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു.

ടീ മ്യൂസിയം മൂന്നാർ

തേയില തോട്ടങ്ങളുടെ ആരംഭവും വളർച്ചയും മൂന്നാറിന്റെ ചരിത്രം കൂടെയാണ്. മൂന്നാറിന്റെ ഈ പ്രാധാന്യം കണക്കിലെടുത്ത് ടാറ്റാ ടീയാണ് തോട്ടങ്ങളുടെ ഉദ്ഭവവും വളർച്ചയും രേഖപ്പെടുത്തുന്ന ടീ മ്യൂസിയം ആരംഭിച്ചത്. മൂന്നാറിലെ ടാറ്റാ ടീയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ഈ മ്യൂസിയം. ആദ്യകാലത്ത് സമയമളക്കാൻ ഉപയോഗിച്ചിരുന്ന നിഴലളക്കുന്ന സൂര്യഘടികാരം (സൺഡയൽ) ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 643

sitelisthead