ഹിൽസ്റ്റേഷനുകൾ

അഗസ്ത്യകൂടം   

തിരുവനന്തപുരം ജില്ലയിലാണ് അ​ഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്. അപൂർവ്വമായ സസ്യ ജന്തു ജാലങ്ങളാണ് അഗസ്ത്യകൂടത്തിന്റെ സവിശേഷത. ഇവിടെ മാത്രം കണ്ടു വരുന്ന ഔഷധ ചെടികളുമുണ്ട്. രണ്ടായിരത്തിലധികം അപൂർവ്വ സസ്യങ്ങളും ഔഷധ ചെടികളും ഓർക്കിഡുകളും അഗസ്ത്യകൂടത്തിൽ ഉളളതായി രേഖപ്പെടുത്തിയിരിക്കുന്നു. പുരാണ കഥാപാത്രമായ അഗസ്ത്യ മുനിയുടെ വാസസ്ഥലം ആയിരുന്നുവത്രെ ഈ പ്രദേശം. അതാണ് അഗസ്ത്യകൂടം എന്ന പേരിൽ ഈ സ്ഥലം വിഖ്യാതമായത്. അഗസ്ത്യമുനിയുടേത് എന്ന് കരുതുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനയാത്ര സാധ്യമാകൂ. കൊടുമുടിയിലേക്ക് നടന്നു തന്നെ കയറണം. സാഹസിക നടത്തത്തിനു കർശനമായ നിയന്ത്രണമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയാണ് സീസൺ. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് മുൻകൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യകൂടം സന്ദർശിക്കാനാകൂ.

പൊന്മുടി   

തിരുവനന്തപുരം ന​ഗരത്തിൽ നിന്നും  അറുപത് കിലോമീറ്റർ യാത്ര ചെയ്താൽ പൊന്മുടിയിലെത്താം. പൊന്മുടിയിലേക്കുള്ള യാത്രയിലുളള ഇടത്താവളമാണ് കല്ലാർ. പൊന്മുടിയുടെ മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന കല്ലാർ സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണിത്. റോഡരികിലെ തിരക്കിൽ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാൽ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദർശകർക്കു കാഴ്ച്ചയാകും. വൈകിട്ടാവുമ്പോഴേക്കും മൂടൽമഞ്ഞു പരക്കുന്ന പൊന്മുടിയിൽ താമസത്തിനും സൗകര്യങ്ങളുണ്ട്.

ഗവി 

സ‍ഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ് പത്തനംതിട്ട ജില്ലയിലെ ​ഗവി.  ഇന്ത്യയിൽ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്. ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും  ആകർഷണീയമായ സ്ഥലങ്ങളുണ്ട്.

ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാർക്ക് തൊഴിൽ നൽകുന്നു എന്നതാണ്. ഈ പദ്ധതിയിൽ വനത്തിലെ വഴികാട്ടികളും, പാചകക്കാരും, പൂന്തോട്ടങ്ങൾ പരിപാലിക്കുന്നവരും നാട്ടുകാർ തന്നെ. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പദ്ധതി. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോർ ക്യാമ്പിംഗ് (പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ) രാത്രി വനയാത്രകൾ എന്നിവയാണ് ഇവിടത്തെ സവിശേഷതകൾ.

വിവിധ സസ്യജന്തുജാലങ്ങളാൽ സമൃദ്ധമാണ് ഇവിടം. കുന്നുകളും, സമതലങ്ങളും, പുൽമേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. വേഴാമ്പൽ ഉൾപ്പെടെ (ഇവയുടെ മൂന്നിനങ്ങൾ ഇവിടെ ഉണ്ട്) 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകർക്കും സ്വർഗ്ഗമാണ് ഇവിടം. കാടിനകത്ത് ക്യാമ്പ് ചെയ്യാൻ ഗവിയിൽ അനുവാദമുണ്ട്. 

പീരുമേട്   

കോട്ടയം - കുമളി റോഡിൽ ഉള്ള  ചെറുപട്ടണമാണ് പീരുമേട്. തോട്ടങ്ങളുടെ പട്ടണം എന്ന് ഇതിനെ വിളിക്കാം. കടൽ നിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിൽ ചെറുകുന്നുകളും, തോട്ടങ്ങളുമുളള,  സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിൾ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്. സാഹസിക വിനോദങ്ങൾക്കു പേരുകേട്ട കുട്ടിക്കാനം ഇവിടെ നിന്ന് 3 കിലോമീറ്റർ അകലെയാണ്. നാലു കിലോമീറ്റർ അകലെയുള്ള ത്രിശങ്കു കുന്നുകൾ ദീർഘദൂര നടത്തത്തിന് വഴികളൊരുക്കുന്നു. 

വാഗമൺ   

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ പശ്ചിമഘട്ടമലനിരകളുടെ തുടർച്ചയായി മീനച്ചിൽ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമൺ പ്രദേശം. വാഗമൺ പട്ടണം ഉൾപ്പെടെ വാഗമൺ മലനിരകളുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയുടെ അതിർത്തിയിലാണ്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങൾക്കു പറ്റിയ സ്ഥലമാണ് വാഗമൺ. കോടയിറങ്ങുന്ന പുൽമേടുകൾ, ചെറിയ തേയിലത്തോട്ടങ്ങൾ, അരുവികൾ, പൈൻമരക്കാടുകൾ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാ​ഗമൺ. തങ്ങൾമല, കുരിശുമല, മുരുകൻ മല എന്നിങ്ങനെ മൂന്നു പ്രധാന മലകൾ വാഗമണ്ണിന്റെ അടയാളങ്ങളാണ്. 

രാമക്കൽമേട്   
 
ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. തേക്കടിയിൽ നിന്നു വടക്കു കിഴക്കായി, കുമളി - മൂന്നാർ റോഡിൽ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റർ ഉള്ളിലാണ് രാമക്കൽമേട്. തമിഴ്‌നാട് അതിർത്തിയിൽ കമ്പം താഴ്‌വരയെ നോക്കി നിൽക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാർത്ഥത്തിൽ ഇത്. ഏലത്തോട്ടങ്ങൾക്കും ചായത്തോട്ടങ്ങൾക്കും മുകളിൽ വിശാലമായ കുന്നിൻപരപ്പിലാണ് കിഴക്കു നോക്കി നിൽക്കുന്ന ഈ പാറക്കെട്ടുകൾ. ഇതിലൊരു പാറയിൽ വലിയൊരു കാൽപ്പാദത്തിന്റെ പാടു കാണാം. സീതാന്വേഷണ കാലത്ത് ഭഗവാൻ രാമൻ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്നും പേരു വീണു. ഈ കുന്നിൻ മുകളിൽ എപ്പോഴും കാറ്റ് ആഞ്ഞു വീശുന്നതിനാൽ കേരള സർക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.

ഇലവീഴാപ്പൂഞ്ചിറ

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഇലവീഴാപ്പൂഞ്ചിറ. കാഞ്ഞാറിനടുത്തുള്ള കുന്നുകൾ ദീർഘദൂര നടത്തത്തിന് അനുയോജ്യമായ  ഇടമാണ്. മൂടൽമഞ്ഞും വെയിലും മാറിമറിയുന്ന മഴക്കാലത്താണ്‌ ഇവിടം ഏറ്റവും മനോഹരമാകുന്നത്. ഇലവീഴാപ്പൂഞ്ചിറയിൽ നിന്നുള്ള സൂര്യോദയ, അസ്തമന ദൃശ്യങ്ങളും അവിസ്മരണീയമാണ്.

മൂന്നാർ   
    
കേരളത്തിലെ പ്രധാനവിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് മൂന്നാർ.  പുൽമേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. ഇരവികുളം ദേശീയോദ്യാനം സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പ്രധാന കേന്ദ്രമാണ്. ഇരവികുളം ദേശീയോദ്യാനത്തിന് ഉള്ളിലാണ് പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. 2700 മീറ്ററോളം ഉയരമുണ്ട് ഇതിന്. മൂന്നാർ ടൗണിൽ നിന്ന് 12 കി. മീ. അകലെയാണ് മാട്ടുപ്പെട്ടി. 1700 മീറ്റർ ഉയരത്തിലുള്ള മാട്ടുപ്പെട്ടിയിൽ പഴയ അണക്കെട്ടും വലിയ ജലാശയവുമുണ്ട്. ഈ തടാകത്തിൽ ബോട്ടിംഗിനും സൗകര്യങ്ങളുണ്ട്. ചുറ്റുമുള്ള കുന്നുകളും തോട്ടങ്ങളും കാണാൻ കഴിയും. ഇൻഡോ-സ്വിസ്സ് പദ്ധതി പ്രകാരം നടക്കുന്ന കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്. ഉയർന്ന പാലുല്പാദന ശേഷിയുള്ള പശുക്കളെ ഇവിടെ കാണാനാകും. മൂന്നാറിൽ നിന്ന് 3 കി. മീ. താഴേയാണ് ചിത്തിരപുരത്തെ പള്ളിവാസൽ. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഇവിടെയാണ്. ഒട്ടേറെ റിസോർട്ടുകളുള്ള പള്ളിവാസൽ നല്ല ഉല്ലാസകേന്ദ്രമാണ്.

ചിന്നക്കനാലും ആനയിറങ്കലും

പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാൽ മൂന്നാറിനടുത്താണ്. കടൽ നിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലിൽ നിന്നു 7 കി. മീ. യാത്ര ചെയ്താൽ ആനയിറങ്കൽ എത്താം. തേയിലത്തോട്ടങ്ങളും സ്വാഭാവിക വനങ്ങളും വലയം ചെയ്യുന്ന തടാകവും ഒരു അണക്കെട്ടും ഉണ്ട്. ആന ഉൾപ്പെടെ വന്യമൃഗങ്ങളെയും കാണാം. ചിന്നക്കനാലും ആനയിറങ്കലും താമസ സൗകര്യങ്ങളുള്ള പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.

ടോപ് സ്റ്റേഷൻ

മൂന്നാറിൽ നിന്ന് 32 കി. മീ. അകലെയാണ് ടോപ്‌സ്റ്റേഷൻ. മൂന്നാർ - കൊഡൈക്കനാൽ റോഡിൽ സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരെയാണ് ഈ സ്ഥലം. തമിഴ്‌നാട് തെക്കുഭാഗത്തായി കൊളുക്കു മലയും, വടക്കു പടിഞ്ഞാറായി കുണ്ടള പ്രദേശങ്ങളും കാണാൻ കഴിയുന്ന ടോപ്‌സ്റ്റേഷനിൽ നിന്ന് കൊഡൈക്കനാൽ വരെ നീളുന്ന നടപ്പാതയുണ്ട്.

എക്കോ പോയിൻറ്   

ഏതു ശബ്ദവും പ്രതിദ്ധ്വനിപ്പിക്കുന്ന ഇടമാണ് മൂന്നാറിലെ എക്കോ പോയിന്റ്. മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് എക്കോ പോയിൻറ്. പ്രകൃത്യാൽതന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്ന പ്രതിധ്വനിയും ഈ പ്രദേശത്തിന്റെ മനോഹാരിതയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. 600 അടി ഉയരത്തിലുള്ള എക്കോ പോയിൻറ് സാഹസിക നടത്തത്തിനും  അനുയോജ്യമായ ഇടമാണ്. പരിസരഭം​ഗി നുകർന്നുകൊണ്ട് വനാന്തരത്തിലൂടെ ഒരു സവാരി എക്കോ പോയിന്റ് തേടിയെത്തുന്നവരെ കാത്തിരിക്കുന്നു.മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് എക്കോ പോയിന്റ്. 1700 മീറ്റർ ഉയരത്തിലുള്ള ടോപ് സ്റ്റേഷൻ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. മേഘങ്ങൾ കയ്യെത്തും ദൂരെത്താണെന്ന പ്രതീതിയും ടോപ് സ്റ്റേഷനെ ആകർഷകമാക്കുന്നു.

വട്ടവട   

പച്ചക്കറി തോട്ടങ്ങളാൽ സമൃദ്ധമാണ് മൂന്നാറിലെ വട്ടവട. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ​ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല. ഇവിടെനിന്ന് കൊടൈക്കനാൽ, ടോപ്‌സ്റ്റേഷൻ, മാട്ടുപ്പെട്ടി, കാന്തല്ലൂർ, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുണ്ട്.

ചെമ്പ്ര കുന്ന്   
  
വയനാട് ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ചെമ്പ്ര. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര. മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത. അപൂർവ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും വിഹാര വേദിയാണ്. ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവും സഞ്ചാരികളെ വരവേൽക്കുന്നു. സാഹസിക നടത്തത്തിന് അനുയോജ്യമായ പ്രദേശമാണ് ചെമ്പ്ര. മുൻകൂർ അനുമതി വാങ്ങണം. ഗൈഡുകൾ നയിക്കുന്ന സാഹസിക നടത്തം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

എടക്കൽ ഗുഹകൾ   
 
വയനാട്ടിലെ എടക്കൽ ഗുഹകളിലേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള  സഞ്ചാരം കൂടിയാണ്. സുൽത്താൻ ബത്തേരിയിൽനിന്നും പത്തു കിലോമീറ്റർ അകലെയുള്ള എടക്കൽ ഗുഹകൾ ചരിത്രകാരന്മാർക്കു പ്രിയപ്പെട്ട ഇടമാണ്. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടിരിക്കുന്നത്. ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ​ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. 

നീലിമല   
 
വയനാട്ടിലെ ഉയർന്ന പ്രദേശമായ തെക്കൻ മേഖലയിലാണ് നീലിമല. ഇവിടെ നിന്നാൽ മനോഹരമായ മീൻമുട്ടി വെള്ളച്ചാട്ടം അകലെയായി കാണാം. നീലിമലയിലേക്കുള്ള നടത്തം സാമാന്യം സാഹസികമായ ഒരു അനുഭവമാണ്. മലയിലെത്തിയാൽ മേ​ഘങ്ങൾ നിങ്ങളെ മുട്ടി ഉരുമ്മുന്നതായി തോന്നും. മൂടൽ മഞ്ഞ് പൊതിയുന്ന പാറക്കെട്ടുകളുടെ  ഭംഗി കാണേണ്ടത് തന്നെയാണ്.  വയനാട്ടിലേക്കുള്ള ഏതു യാത്രയും നീലിമലയുടെ സൗന്ദര്യം നുകരാതെ പൂർണ്ണമാവില്ല.

വൈത്തിരി   
  
വയനാടിന്റെ കവാടമാണ് വൈത്തിരി. സു​ഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലം. ​അനേകം ഗോത്രവർ​ഗ കഥകളുറങ്ങുന്ന മണ്ണ്. കേരളത്തിലെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. വൈത്തിരിയിൽ നിന്ന് 8 കി. മീ. അകലെയാണ് കർലാട് തടാകം. ബോട്ടിംഗിനും ചൂണ്ടയിടലിനും സൗകര്യങ്ങളുണ്ട്. ഈ തടാകത്തിനരികിലേക്ക് സാഹസിക നടത്തത്തിനുമുള്ള സാധ്യതകളുണ്ട്.

വൈത്തിരിയിൽ നിന്ന് 5 കിലോ മീറ്ററും ദൂരമാണ് ലക്കിടിയിലേക്ക്. കോഴിക്കോട് - മൈസൂർ പാതയിൽ താമരശ്ശേരി ചുരം കഴിഞ്ഞാൽ ആദ്യത്തെ ജനവാസകേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലുള്ള ഇവിടെ ചെറു അരുവികളും യാത്രക്കാരുടെ കണ്ണുകൾക്ക് ആനന്ദമരുളുന്നു. വൈത്തിരിയിൽ നിന്നു മൂന്നു കി. മീ. ഉള്ളിലാണ് പൂക്കോട് തടാകം. കയാക്കിംഗ്, വഞ്ചി തുഴയൽ, പെഡൽ ബോട്ടിംഗ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാർക്ക്, കരകൗശല, സുഗന്ധ വ്യജ്ഞന വില്പനശാലകൾ എന്നിവയുണ്ട്. 

ധോണി മലകൾ   

പാലക്കാട് ജില്ലയിൽ സാവകാശം പ്രശസ്തിയിലേക്കുയരുന്ന ഉല്ലാസ കേന്ദ്രമാണ് ധോണി മല. അടിവാരത്തിൽ നിന്നു മൂന്നു മണിക്കൂർ നടന്നാൽ നിബിഡ വനത്തിലെത്തും. അപൂർവസസ്യങ്ങളുടെ കലവറയായ ധോണിയുടെ ചെരിവുകളിൽ ആനയടക്കമുളള കാട്ടുമൃ​ഗങ്ങൾ ധാരാളമുണ്ട്. ഉയരം കൂടുന്നതിന് അനുസരിച്ച് മൂടൽമഞ്ഞും തണുപ്പും വന്നുപൊതിയുന്ന ധോണിയിലേക്കുളള നടത്തം ഹൃദ്യമായ ഒരനുഭവമായിരിക്കും. 

നെല്ലിയാമ്പതി   

പാലക്കാട് ജില്ലയിലെ നെന്മാറയ്ക്കടുത്തുള്ള നെല്ലിയാമ്പതി മലനിരകൾ ആരേയും ആകർഷിക്കുന്ന കാഴ്ചയാണ്. 467 മീറ്റർ മുതൽ 1572 മീറ്റർ വരെയാണ് കടൽ നിരപ്പിൽ നിന്ന് ഈ മലനിരകളുടെ ഉയരം. പാലക്കാടൻ സമതലങ്ങളുടെ ചൂടിൽ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ ഈ കാഴ്ച തന്നെ കുളിർമ്മയേകും. നെല്ലിയാമ്പതിയിൽ എത്താൻ നെന്മാറയിൽ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിൽ പോകണം. ഏകദേശം 10 - ഓളം ഹെയർപിൻ വളവുകൾ പിന്നിട്ടാലാണ് മുകളിലെത്തുക. നെല്ലിയാമ്പതി  ഓറഞ്ച് തോട്ടങ്ങൾക്കും പ്രസിദ്ധമാണ്. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാൻ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണിവിടം. പക്ഷികളുടെ വൈവിധ്യവും വൈപുല്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. പക്ഷി നിരീക്ഷകരുടെ പറുദീസയാണിത്.

റാണിപുരം   
  
കേരളത്തിന്റെ വടക്കേയറ്റത്തെ വിനോദ സഞ്ചാരികളുടെ ഒരു ലക്ഷ്യമാണ് റാണിപുരം. കടൽ നിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലുള്ള കുന്നിൻ പ്രദേശമാണിത്. ഇടക്ക് കാട്ടാനകൾ ഇറങ്ങാനിടയുള്ള, സഞ്ചാരികൾക്കും, ഉല്ലാസയാത്രികർക്കും യോജിച്ച സ്ഥലം. കർണ്ണാടകയോടു ചേർന്നു കിടക്കുന്ന മടത്തുമല എന്ന് അറിയപ്പെടുന്ന വനപ്രദേശമാണിത്. മഴക്കാടുകളും ചോലവനങ്ങളും പുൽമേടുകളും ചേർന്ന കുന്നിൻ നിരകളാണ് റാണിപുരത്ത്. സഞ്ചാരികൾക്ക് എത്തിപ്പെടാൻ ബസ്സ് സൗകര്യം ലഭ്യമാണ്. ജീപ്പിൽ മലവഴികളിലൂടെ യാത്രയും ആനന്ദകരമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 645

sitelisthead