വെള്ളച്ചാട്ടങ്ങൾ

മീൻമുട്ടി വെള്ളച്ചാട്ടം

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്. ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. വയനാട്ടിലെ അമ്പുകുത്തി മലയിൽ നിന്നും ഉൽഭവിച്ച് ചാലിയാറിലാണ് ഇതിന്റെ പതനം.കൽ‌പറ്റയിൽ നിന്ന്  തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ് കൽ‌പറ്റയിൽ നിന്നുള്ള വഴി. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം.

സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം.  100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളച്ചാട്ടം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്.

കാന്തൻപാറ വെളളച്ചാട്ടം 
  
 വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സൂചിപ്പാറ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തിൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

ആഢ്യൻപാറ വെള്ളച്ചാട്ടം   
 
മലപ്പുറം ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യൻപാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പൊതുവെ കരുതപ്പെടുന്നു. മലപ്പുറത്തു നിന്നും ആഢ്യൻപാറയിലേക്കു ഗതാഗത സൗകര്യമുണ്ട്.  

ആറ്റുകാട് വെളളച്ചാട്ടം   
 
സാഹസിക പ്രേമികൾക്ക് ഏറെ ഇഷ്ടപ്പടുന്ന സ്ഥലമാണ് മൂന്നാറിലെ ആറ്റുകാട്. ദുർഘടമായ പാതയിലുടനീളം ഒളിഞ്ഞും തെളിഞ്ഞും നിങ്ങൾക്കൊപ്പം പോരുന്ന വെളളച്ചാട്ടങ്ങളും തണുത്ത കാറ്റും അപൂർവ സസ്യലതാദികളുടെ സാന്നിദ്ധ്യവും എല്ലാം ചേർന്ന് അവിസ്മരണീയമായ യാത്രാനുഭവമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

അരുവിക്കുഴി വെളളച്ചാട്ടം   
 
കോട്ടയത്തെ അരുവിക്കുഴി വെളളച്ചാട്ടം റബർക്കാടുകൾക്കിടയിൽ പ്രകൃതി കാത്തുവെച്ച വിസ്മയമാണ്. നൂറടി ഉയരത്തിൽ നിന്നും പതിക്കുന്ന വെളളച്ചാട്ടം കാണാൻ സദാ സന്ദർശകരെത്താറുണ്ട്. കുടുംബത്തോടൊപ്പം വന്നുല്ലസിക്കാവുന്ന സുരക്ഷിതമായ ജലപാതമാണിത്. ഹൃദ്യമായ കാലാവസ്ഥയും എപ്പോഴും വീശുന്ന കുളിർമ്മയുളള കാറ്റും കോട്ടയത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറ്റുന്നു.

അതിരപ്പിള്ളി, വാഴച്ചാൽ  

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി.  തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ്  വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കിൽ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനു​ഗ്രഹീതമാണ് ചുറ്റുവട്ടം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.

ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ   
 
ഇടുക്കി ജില്ലയിലെ മൂന്നാറിലേക്കുള്ള യാത്രാ മധ്യേയാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. നിബിഡമായ വനം, അപൂർവമായ സസ്യജാലങ്ങൾ, ഏഴു തട്ടുകളിലായി കുത്തി ഒലിച്ചുവരുന്ന വെള്ളച്ചാട്ടങ്ങൾ ഇതൊക്കെയാണ് ചീയപ്പാറയുടെ പ്രത്യേകത. സമൃദ്ധമായ പച്ചപ്പാണ് വാളറ വെള്ളച്ചാട്ടത്തിൻറെ സവിശേഷത. രണ്ടു വെള്ളച്ചാട്ടങ്ങളും വിനോദ യാത്രക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്.

പാലരുവി വെള്ളച്ചാട്ടം   
   
കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടൻ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകൾക്കിടയിലൂടെ 300 അടിയോളം ഉയരത്തിൽ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. ഏറെ ആളുകളെ ആകർഷിക്കുന്ന ഈ അരുവിയുടെ തണുപ്പിൽ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും.  മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയിൽ നീരൊഴുക്കും അപകടവും വർദ്ധിപ്പിക്കുന്ന സ്ഥലമാണ്.

തുഷാരഗിരി വെള്ളച്ചാട്ടം   
  
കോഴിക്കോട് നിന്ന്  50 കിലോമീറ്റർ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഏറ്റവും മുകളിൽ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേരിനെ അന്വർത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും സമീപമെത്താൻ കാഠിന്യമേറിയ നടപ്പ് ആവശ്യമാണ്. അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്കു നടുവിലാണീ വെള്ളച്ചാട്ടം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്. ഇവിടെയെത്തുന്ന സാഹസികർക്ക് ഈ വഴിയിലൂടെ വയനാട്ടിലേക്ക് ഒരു ദീർദൂര നടത്തം പരീക്ഷിക്കാവുന്നതാണ്.

മങ്കയം   
 
തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ മങ്കയത്തിനു സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. മഴക്കാടുകളിൽനിന്ന് ഒഴുകിയിറങ്ങുന്ന അരുവിയിൽ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണ്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങൾ. തിരുവനന്തപുരം നിവാസികൾക്ക് ഒരു വാരാന്ത വിനോദസഞ്ചാര കേന്ദ്രമാണിത്.പുഴയുടെ ഓരത്തു കൂടി  നടന്നാൽ ചെറിയ  വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും കുടുംബസമേതം ഒരുമിച്ചിരിക്കാൻ വേദിയൊരുക്കും. ദീർഘദൂര നടത്തത്തിനായി വനത്തിലേക്കു നീളുന്ന നടപ്പാതകളും ഉണ്ട്.  വെള്ളച്ചാട്ടത്തിനരികെ തുറന്ന പ്രദേശത്ത് തമ്പടിക്കാനുള്ള സൗകര്യങ്ങളുമുണ്ട്‌.

മീൻവല്ലം വെള്ളച്ചാട്ടം

പാലക്കാട് ജില്ലയിലെ അത്രയൊന്നും അറിയപ്പെടാത്ത വെള്ളച്ചാട്ടമാണ് മീൻവല്ലം.   കല്ലടിക്കോടൻ മലനിരകളിൽ നിന്നു ഉദ്ഭവിക്കുന്ന തുപ്പനാട് പുഴ 45 മീറ്റർ ഉയരത്തിൽ നിന്നു തട്ടു തട്ടായി താഴേക്കു പതിക്കുന്ന സ്ഥലമാണ് മീൻവല്ലം. ഈ പുഴ പിന്നീട് തൂതപ്പുഴയുമായി ഒത്തു ചേരുന്നു. തൂതപ്പുഴ ചെന്നു ചേരുന്നത് ഭാരതപ്പുഴയിലാണ്. തുപ്പനാട് കവലയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ഈ വെള്ളച്ചാട്ടം. മീൻവല്ലത്ത് മൂന്നു മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള ഒരു ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടുണ്ട്. പാലക്കാട് വനംവകുപ്പ് വിഭാഗം ഒലവക്കോട് റേഞ്ചിൽ തുടിക്കോട് വനസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ് വെള്ളച്ചാട്ടവും ചുറ്റുമുള്ള വനമേഖലയും. സൈലന്റ് വാലി ദേശീയോദ്യാനത്തിനോടു ചേർന്നു കിടക്കുന്ന വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശവും. മണ്ണാർക്കാട്ടു നിന്ന് 26 കി. മീറ്ററും പാലക്കാട് നിന്നു 34 കി. മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

കീഴാർക്കുത്ത് വെള്ളച്ചാട്ടം

തൊടുപുഴയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ വേളൂർ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കുത്തനെയുള്ള പാറക്കൂട്ടങ്ങളോട് അനുബന്ധിച്ചുള്ള വെള്ളച്ചാട്ടമാണിത്. വനത്തിലൂടെ നടക്കാൻ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് കീഴാർക്കുത്ത് സമ്മാനിക്കുന്നത്. റെയിൻബോ വാട്ടർഫോൾ എന്ന പേരിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരെ കീഴാർക്കുത്ത് ഒരിക്കലും നിരാശപ്പെടുത്തില്ല. ട്രെക്കിങ്, റോക്ക് ക്ലൈംപിങ്, തുടങ്ങിയ സാഹസിക വിനോദങ്ങൾക്കു പറ്റിയ ഇടമാണു പ്രദേശം. ചിലപ്പോൾ കാട്ടാനക്കൂട്ടങ്ങളെയും കേഴ പോലുള്ള കാട്ടുമൃഗങ്ങളെയും അപൂർവമായി കാണാം. കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യമുണ്ടാകും. തോട്ടപ്പുഴുക്കളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 644

sitelisthead