കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും പുതിയ ദിശാബോധം നൽകുന്ന സുപ്രധാന ചുവടുവയ്പ്പാണ് സംസ്ഥാന സർക്കാരിന്റെ മകൾക്കൊപ്പം പദ്ധതി. സ്ത്രീകളുടെ സമഗ്രമായ ശാക്തീകരണം, സുരക്ഷ, തുല്യനീതി, സാമൂഹിക-സാമ്പത്തിക പങ്കാളിത്തം എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് പുതുയുഗ വനിതാനയം രൂപപ്പെടുത്തുന്നതിനുള്ള ആശയരൂപീകരണ വേദിയായി വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'മകൾക്കൊപ്പം – ഹെർ സമ്മിറ്റ് 2026' സംഘടിപ്പിച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനുഭവങ്ങൾക്കും കാഴ്ചപ്പാടുകൾക്കും നിർദേശങ്ങൾക്കും നയരൂപീകരണത്തിൽ അർഹമായ ഇടം നൽകുന്നതിനൊപ്പം, കൂടുതൽ നീതിപൂർവവും സുരക്ഷിതവും തുല്യാവസരങ്ങൾ ഉറപ്പാക്കുന്നതുമായ സമൂഹനിർമാണത്തിനുള്ള കൂട്ടായ ചർച്ചകൾക്കും ആശയവിനിമയത്തിനും സംഗമം വേദിയൊരുക്കി. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് സംസ്ഥാനത്തിന്റെ പുതുയുഗ വനിതാനയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചത്.
ഹെർ സമ്മിറ്റ് 2026 - പുതുയുഗ വനിതാനയത്തിന്റെ അഞ്ച് പ്രധാന മേഖലകൾ
തൊഴിൽ-സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും, രാഷ്ട്രീയ പ്രാതിനിധ്യവും നേതൃത്വവും, വിദ്യാഭ്യാസം-ആരോഗ്യം-മാനസികക്ഷേമം, സ്ത്രീസുരക്ഷയും നീതിന്യായവും, സൈബർ സുരക്ഷ എന്നിവയാണ് ഉച്ചകോടിയിലെ അഞ്ച് പ്രധാന ചർച്ചാവിഷയങ്ങൾ. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുക, തുല്യവേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക, വനിതാ സംരംഭകത്വത്തിനും ഡിജിറ്റൽ തൊഴിൽസാധ്യതകൾക്കും പ്രോത്സാഹനം നൽകുക, രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയ്ക്ക് ചർച്ചകളിൽ പ്രത്യേക പരിഗണന നൽകും. വിദ്യാഭ്യാസ-ആരോഗ്യ അവകാശങ്ങൾ, മാനസികക്ഷേമം, അതിക്രമങ്ങൾക്കെതിരായ നിയമസംരക്ഷണം, സൈബർ കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ മേഖലകളിൽ പ്രായോഗികവും കാലോചിതവുമായ നിർദേശങ്ങളും രൂപപ്പെടുത്തും.
വനിതാനയ രൂപീകരണം ഉച്ചകോടിയിലെ ചർച്ചകളിൽ മാത്രം പരിമിതപ്പെടുത്തില്ല. വിവിധ മേഖലകളിലെ വിഷയവിദഗ്ധർ, സർക്കാർ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അക്കാദമിക-ഗവേഷണ മേഖല, സിവിൽ സമൂഹം, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തുടർചർച്ചകളും കൂടിയാലോചനകളും സംഘടിപ്പിക്കും. വിവിധ വിഭാഗങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് നയരൂപീകരണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ ജനകീയവും സമഗ്രവും പ്രായോഗികവുമായ വനിതാനയം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സ്ത്രീകളുടെ ആവശ്യങ്ങളും അവകാശങ്ങളും വികസന കാഴ്ചപ്പാടുകളും ഒരുപോലെ പരിഗണിക്കുന്ന നയസമീപനത്തിന് ഇതിലൂടെ അടിത്തറയൊരുങ്ങും.
പുതുയുഗ വനിതാനയം
സമത്വാധിഷ്ഠിതവും സുരക്ഷിതവും പുരോഗമനപരവുമായ കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വനിതാനയത്തിന് രൂപം നൽകുന്നത്. നിലവിലുള്ള നയങ്ങളും അവയുടെ നിർവഹണവും സമഗ്രമായി വിലയിരുത്തുന്നതിനൊപ്പം, മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായ പരിഷ്കാരങ്ങളും ഫലപ്രദമായ ഇടപെടലുകളും നിർദേശങ്ങളും ഉൾക്കൊള്ളുന്നതാണ് പുതുയുഗ വനിതാനയം. ഉച്ചകോടിയിൽ ഉയർന്നുവന്ന ആശയങ്ങളും പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളും പരിഗണിച്ച് സമഗ്രമായ വനിതാനയം തയ്യാറാക്കി സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും.
വനിതാനയ രൂപീകരണത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാർഥിനികളെയും തിരഞ്ഞെടുക്കപ്പെട്ട യുവജന നേതാക്കളെയും പങ്കെടുപ്പിച്ച് പ്രത്യേക യൂത്ത് ജെൻ സി കോൺക്ലേവും സംഘടിപ്പിക്കും. ക്യാമ്പസുകളിലും സമൂഹത്തിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും യുവതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിനും നടപടികൾ ആവിഷ്കരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിലും നീതി ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരെയും കൂടിയാലോചനകളുടെ ഭാഗമായി ഉൾപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിർദേശമുണ്ട്. ഇത്തരത്തിൽ വിവിധ വിഭാഗങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്ന പങ്കാളിത്തപരമായ നയരൂപീകരണ പ്രക്രിയയ്ക്കാണ് ഉച്ചകോടി അടിത്തറയിട്ടത്.
വനിതാനയം - പൊതുജന പങ്കാളിത്തം
വനിതാനയ രൂപീകരണത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകുന്നതിനായി makalkkoppam@gmail.com എന്ന പ്രത്യേക ഇമെയിൽ വിലാസം സജ്ജമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന നിർദ്ദേശങ്ങളിൽ പ്രസക്തമായവ കൂടി പരിഗണിച്ച് കർമ്മപദ്ധതി കൂടുതൽ ജനകീയവും ഫലപ്രദവുമാക്കും. വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചായിരിക്കും അന്തിമ വനിതാനയം തയ്യാറാക്കുക.
സ്ത്രീകളുടെ അവകാശസംരക്ഷണവും സുരക്ഷയും സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക-രാഷ്ട്രീയ പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള ദീർഘകാല നയപരമായ ഇടപെടലുകൾക്ക് പുതുയുഗ വനിതാനയം അടിത്തറയൊരുക്കും. സ്ത്രീകളുടെ ജീവിതാനുഭവങ്ങളും ആവശ്യങ്ങളും വികസന കാഴ്ചപ്പാടുകളും നയരൂപീകരണത്തിന്റെ കേന്ദ്രത്തിൽ കൊണ്ടുവരുന്നതിലൂടെ കൂടുതൽ ഉൾക്കൊള്ളുന്നതും നീതിപൂർവവുമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കും. ഭരണനിർവഹണത്തിലും നയരൂപീകരണത്തിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തവും നേതൃത്വപരമായ ഇടവും ഉറപ്പാക്കുക എന്നതും പുതുയുഗ വനിതാനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
തീരുമാനമെടുക്കുന്ന വേദികളിലും ഭരണസംവിധാനങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിലും സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ഉൾക്കൊള്ളുന്നതും ജനകീയവുമായ ഭരണസംസ്കാരം വളർത്തിയെടുക്കാനാകും. സ്ത്രീകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഭരണനയങ്ങളിലും വികസനപരിപാടികളിലും പ്രതിഫലിക്കുമ്പോഴാണ് ലിംഗനീതി യാഥാർഥ്യമാകുന്നത്. അവകാശ സംരക്ഷണത്തിൽ നിന്ന് അധികാര പങ്കാളിത്തത്തിലേക്കും തുല്യാവസരങ്ങളിൽ നിന്ന് നേതൃത്വത്തിലേക്കുമുള്ള ഈ മാറ്റത്തിന് നയപരമായ അടിത്തറയൊരുക്കാനാണ് മകൾക്കൊപ്പം പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് തുല്യനീതിയും സ്വയംപര്യാപ്തതയും നേതൃത്വാവസരങ്ങളും ഉറപ്പാക്കുന്ന സമത്വാധിഷ്ഠിത കേരളത്തിന്റെ രൂപീകരണത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായി പുതുയുഗ വനിതാനയം മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-05 10:13:07
ലേഖനം നമ്പർ: 2135