രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. ‌‌ കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രമാണ് രാജ്യത്തെ ആദ്യ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്. സമയബന്ധിതമായി എല്ലാ ആശുപത്രികളേയും സ്മാർട്ട് ആശുപത്രികളാക്കാനാണ് നീക്കം. 

ലോകം നേരിടുന്ന വലിയ ആരോഗ്യ ഭീഷണിയാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥ. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.  ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരോ​ഗയവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു.  

'ആന്റിബയോട്ടിക് സാക്ഷര കേരളം' എന്ന ലക്ഷ്യം നേടുന്നതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചത് കേരളമാണ്. 'ആന്റിബയോട്ടിക് സാക്ഷര കേരളം', 'സ്മാര്‍ട്ട് ഹോസ്പിറ്റല്‍' എന്നിവ പ്രാവര്‍ത്തികമാക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. എല്ലാ ആശുപത്രികളേയും കേരള എഎംആര്‍ സര്‍വെലന്‍സ് നെറ്റുവര്‍ക്കിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1254

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo