പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ  സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പ്രവർത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങളെ നവീന സാങ്കേതിക വിദ്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ ക്യാമ്പസുകളെ പ്രാപ്യമാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ആര്‍ ആന്‍ഡ് ഡി സെന്ററും കൊല്ലം ജില്ലയിലെ  കൊട്ടാരക്കര എന്‍ജിനീയറിംഗ് കോളേജില്‍ തുറക്കുന്നത്.  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റും(ഐഎച്ച്ആര്‍ഡി) പ്രമുഖ ഐടി കമ്പനി സോഹോ കോര്‍പ്പറേഷനും ചേര്‍ന്നാണ് പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. 

തൊഴിലിടം, ഇന്‍ക്യുബേഷന്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ആകര്‍ഷണം. തൊഴില്‍നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം, വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം. കോളേജിലെ ലോഞ്ച് എംപവര്‍ ആക്ലിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ-വര്‍ക്കിങ് സ്പേസാക്കി മാറ്റും. 3800 ചതുശ്രയടിയുള്ള പാര്‍ക്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5000 യുവതീയുവാക്കള്‍ക്ക് വ്യവസായ സംരംഭകത്വ മേഖലയില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ 30 വിദ്യാര്‍ത്ഥികളെ അപേക്ഷകരില്‍ നിന്ന് തൊഴില്‍പരിശീലനത്തിനായി സ്റ്റൈപന്റോടെ തെരഞ്ഞെടുക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കും. ഗ്രാമീണ മേഖലയില്‍ ഐടിഐ, പോളി ടെക്‌നിക് ഡിപ്ലോമ യോഗ്യത നേടുന്നവര്‍ക്കുകൂടി പ്രയോജനകരമാകുന്ന നിലയിലാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍. എംഎസ്എംഇ മേഖലയ്ക്ക് ആവശ്യമായ മാനുഫാക്ചറിംഗ് ഉപകരണങ്ങള്‍, പവര്‍ ടൂളുകള്‍ എന്നിവ നിര്‍മ്മിക്കുകയും അതുവഴി പുതിയ സംരംഭകരെ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കരിയര്‍ അവസരങ്ങള്‍ക്കായി ഇന്റേണ്‍ഷിപ്പ് പരിപാടികളും വര്‍ക്ക്‌ഷോപ്പുകളും നടത്തുക, സംരംഭകത്വ മനോഭാവം വളര്‍ത്തുക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക, തെരഞ്ഞെടുത്ത പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തദ്ദേശിയ-അന്തര്‍ദേശീയ നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുക, നിക്ഷേപം തുടങ്ങി ദീര്‍ഘകാല അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ലോകത്തിലെ ഡിസൈന്‍ ആന്‍ഡ് പ്രോട്ടോടൈപ്പിംഗ് ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി ആക്കം കൂട്ടും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-20 11:32:51

ലേഖനം നമ്പർ: 1316

sitelisthead