രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടി (ഓവർ-ദ-ടോപ്) പ്ലാറ്റ് ഫോം 'സി സ്പേസ്' അവതരിപ്പിച്ച് കേരളം. ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമായാണ് 'സി സ്പേസ്' അവതരിപ്പിച്ചിരിക്കുന്നത്.  കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിൻറെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക നിർമ്മാതാവിന് ലഭിക്കും. ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവർത്തകരടങ്ങുന്ന 60 പേരുടെ ഒരു ക്യൂറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ. സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെ തന്നെ പ്രദർശിപ്പിക്കും. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യും.

 കേരളീയ കലകളെയും സാംസ്കാരത്തെയും പ്രതിനിധീകരിക്കുന്ന ഉള്ളടക്കവും സി സ്പേസിൽ ഉണ്ടാകും. സി സ്പേസ് വഴി കലാലയങ്ങളിലടക്കം ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവെക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. നിർമ്മാതാക്കൾക്ക് അവരുടെ സിനിമകൾ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിർമ്മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നൽകിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗിൽ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനും സി സ്പേസ് ലക്ഷ്യമിടുന്നു. സി സ്പേസ്  പ്ലേ സ്റ്റോർ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-07 14:37:34

ലേഖനം നമ്പർ: 1331

sitelisthead