കയർ മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാൻ പുതിയ 8 ഉൽപ്പന്നങ്ങളുമായി ദേശീയ കയർ ഗവേഷണ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌.  ഇ-കൊയർ ബാഗുകൾ,കയർപിത്ത് ഉപയോഗിച്ചുള്ള പീറ്റ്‌കോൾ ഡോട്ട്സ് എന്ന കാർബൺ ബ്രിക്കറ്റുകൾ, മൊബൈൽ ടെൻഡർ കോക്കനട്ട് ക്രഷർ , കയർ ഡിവൈഡർ , കൊക്കോഓറ എയർഫ്രഷ്‌നർ ,ഡിജിറ്റൽ റണ്ണേജ്‌ മീറ്റർ, കോക്കോനേച്ചർ, ട്രൈക്കോപിത്ത്‌ എന്നിവയാണ് വികസിപ്പിച്ചെടുത്ത പുതിയ ഉൽപ്പന്നങ്ങൾ. 

പ്ലാസ്റ്റിക്ക് ഗ്രോ ബാഗുകൾക്ക് പകരം ഉപയോ​​ഗിക്കാവുന്നവയാണ് കയർ ഉപയോഗിച്ച് നിർമ്മിച്ച ഇ-കൊയർ ബാഗുകൾ. ഇവ പരിസ്ഥിതി സൗഹൃദവും ഭാരം കുറഞ്ഞതുമാണ്. കയർപിത്ത് ഉപയോഗിച്ചുള്ള പീറ്റ്‌കോൾ ഡോട്ട്സ് എന്ന കാർബൺ ബ്രിക്കറ്റുകൾ വളരെ ഉയർന്ന താപം നിലനിർത്താൻ സഹായിക്കുന്നവയും പരിസ്ഥിതി സൗഹൃദവുമാണ്. ചെറിയ കയർ സംഭരണ കേന്ദ്രങ്ങൾക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് കരിക്കിൻ തൊണ്ട് സംസ്‌കരിക്കുന്ന മൊബൈൽ ടെൻഡർ കോക്കനട്ട് ക്രഷർ നിർമ്മിച്ചിരിക്കുന്നത്. 

പരമ്പരാഗതമായ റോഡ് നിർമാണത്തിൽനിന്ന്‌ വ്യത്യസ്ത‌മായി ചെലവ് ചുരുങ്ങിയ സാങ്കേതിക വിദ്യയാണ് കയർ ഡിവൈഡർ. റോഡിന്‌ ഇരുവശവും സ്ഥാപിക്കുന്ന  ഡിവൈഡറുകളിൽ മണ്ണിന്റെ ഉപയോഗം കുറയ്‌ക്കുന്നതിലുടെ ചെലവുകുറയ്‌ക്കുന്നതിനൊപ്പം വെള്ളം ആഗിരണം ചെയ്‌ത്‌ സൂക്ഷിക്കുവാനുള്ള കഴിവ്,  സൗന്ദര്യവൽക്കരണത്തിനുള്ള വിശാലമായ സാധ്യതകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കയർപിത്തും സസ്യങ്ങളിൽനിന്ന് വേർതിരിച്ചെടുത്ത തൈലവും ഉപയോഗിച്ച്‌ നിർമിച്ചതാണ്‌ കൊക്കോഓറ എയർഫ്രഷ്‌നർ. ജെൽ, ഫൈബർ, സാഷേ, ഗ്രാനുലേറ്റ്‌സ്, വെന്റ് ക്ലിപ്സ് എന്നീ അഞ്ച് വ്യത്യസ്‌ത രൂപത്തിൽ കൊക്കോഓറ ലഭ്യമാണ്. കയർ ഉൽപ്പാദകർക്കും ഏജൻസികൾക്കുമായി നിർമിച്ച ആധുനിക ഉപകരണമാണ്‌ ഡിജിറ്റൽ റണ്ണേജ്‌ മീറ്റർ. കയറിന്റെ റണ്ണേജ് സ്വമേധയ അളക്കുന്നതിനുള്ള പരമ്പരാഗത രീതിയ്‌ക്ക്‌ പകരമാണ്‌  റണ്ണേജ്‌ മീറ്റർ രൂപകൽ‌പ്പനചെയ്‌തത്‌. 
 
 നടീൽ സുഗമമാക്കാൻ എൻസിആർഎംഐ കണ്ടെത്തിയ നടീൽ മിശ്രിതമാണ്‌ കോക്കോനേച്ചർ. മണ്ണിന്റെ ഉപയോഗം ഇതിലൂടെ 20 ശതമാനമായി കുറക്കാനാകും. ഇളം തെങ്ങിൻ തൊണ്ട്, ചകിരിച്ചോറ് ട്രൈക്കോഡെർമ, മണ്ണ് ചേർത്തുണ്ടാക്കിയ മിശ്രിതമാണിത്‌. മണ്ണ്‌ കുറവായതിനാൽ ഭാരവും കുറയും അതുകൊണ്ടുതന്നെ ടെറസ്‌ ഫാമിങ്‌ പോലുള്ള കൃഷി രീതികൾക്ക്‌ അനുയോജ്യവുമാണ്‌. കോക്കോനെച്ചർ നിർമിക്കുന്നതിന്‌ ആവശ്യമായ ട്രൈക്കോഡെർമ ആസ്‌പിരിലവും എൻസിആർഎംഐ വികസിപ്പിച്ചിട്ടുണ്ട്‌. ട്രൈക്കോപിത്ത്‌ പ്രോ എന്ന പേരിലാണ്‌ ഇത്‌ വിപണിയിലെത്തുന്നത്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-30 16:47:42

ലേഖനം നമ്പർ: 1286

sitelisthead