സംസ്ഥാനത്ത് സഹകരണ മേഖലയിൽ പൂർണമായ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പു നൽകി 44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കമിട്ട് സഹകരണ വകുപ്പ്. സഹകരണ വായ്പാമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ നിക്ഷേപ സമാഹരണം ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നടക്കും. സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായി' എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന 44-ാമത് നിക്ഷേപ സമാഹരണം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്നീ ലക്ഷ്യങ്ങളുമായി സഹകരണ നിക്ഷേപ സമാഹരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യം. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്‌സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണം നടക്കുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകൾ (7250 കോടി രൂപ), കേരള ബാങ്ക് (1,750 കോടി രൂപ), സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് (150 കോടി രൂപ) എന്നിങ്ങനെ 9,150 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണം. ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത് (900 കോടി രൂപ), കോഴിക്കോടാണ് രണ്ടാമത് (800 കോടി രൂപ). നിക്ഷേപങ്ങൾക്ക് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പരമാവധി പലിശ നൽകും. യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നൽകുകയും അവരുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.
സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ചു . ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും, ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർദ്ധന. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്‌സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ വർദ്ധനവുണ്ട്.
കോവിഡ് മഹാമാരി സമയത്തു മൊബൈൽ പർച്ചസ് ചെയ്യാൻ ലോൺ, കമ്മ്യൂണിറ്റി കിച്ചണുകൾക്കാവശ്യമായ സാമ്പത്തിക സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് എന്നീ സേവനങ്ങൾ സഹകരണ ബാങ്ക് ലഭ്യമാക്കി. സ്‌കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിക്ഷേപത്തിനായി അക്കൗണ്ടുകൾ ആരംഭിച്ചു. സാധാരണക്കാരന് ആധൂനിക ബാങ്കിങ് അനുഭവം നൽകാൻ കഴിയുന്ന തരത്തിൽ കേരള ബാങ്ക് ആധുനികവത്കരിച്ചു കൊണ്ട് എ ടി എം, മൊബൈൽ ബാങ്കിംഗ് എന്നിവ സാധ്യമാക്കി. കേരളത്തിലെ സഹകരണ മേഖലയിലെ ആധുനിക വത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിൽ കോർ ബാങ്കിംഗ് നടപ്പാക്കി വരികയാണ്. വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ആധൂനികവൽകരണം, ഡിജിറ്റൽ സേവന വിതരണം, നിക്ഷേപ സമാഹരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മുന്നേറ്റത്തിന്റെ അതിവേഗ പാതയിലാണ് സഹകരണ മേഖല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-11 17:45:53
ലേഖനം നമ്പർ: 1266