ഓണക്കാലത്തോടനുബന്ധിച്ച് ശക്തമായ വിപണി ഇടപെടലുകൾ നടത്തി വിലക്കയറ്റം നിയന്ത്രിച്ച് കേരളം. വിപണി ഇടപെടലുകൾ, സാംസ്‌കാരിക പരിപാടികൾ , പെൻഷൻ , ഉത്സവ അലവൻസുകൾ തുടങ്ങി സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഓണക്കാലത്ത് ചിലവഴിച്ചത്. സപ്ലൈകോ വില്പനശാലകൾ, കുടുംബശ്രീ ഓണച്ചന്തകൾ , കർഷക ചന്തകൾ, കൺസ്യൂമർ ഫെഡിന്റെ വിപണികൾ, മിൽമ എന്നിവയുടെയെല്ലാം റെക്കോഡ് വിൽപ്പനയാണ് ഓണക്കാലത്ത് നടന്നത്. കേരളത്തിന്റെ തനതു വരുമാനം വർദ്ധിപ്പിച്ചും ശരിയായ സാമ്പത്തിക നയം പ്രവർത്തികമാക്കിയും ഈ ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സർക്കാരിന്റെ സഹായമെത്തിക്കാൻ സാധിച്ചു.
ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതൽ 28വരെ സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായി. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയർ നടന്നത്. 14 ജില്ലാ ഫെയറുകളിൽ മാത്രം 6.5 കോടിയുടെ വില്പന നടന്നു. 2022 ൽ ഇത് 2.51 കോടിയായിരുന്നു. 13 ഇനം സബ്‌സിഡി ഉൽപ്പന്നങ്ങളും സപ്ലൈകോയുടെ ജില്ലാ ഫെയറുകളിൽ ലഭ്യമാണെന്ന് സർക്കാർ ഉറപ്പു വരുത്തിയിരുന്നു. പൊതു വിപണിയിൽ 1200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങൾ നിശ്ചിത അളവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ ഏകദേശം 650 രൂപയ്ക്കാണ് ലഭ്യമാക്കിയത്. ഓണക്കാലത്ത് ഏകദേശം 32 ലക്ഷം കാർഡുടമകൾ സംസ്ഥാനത്തെ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി എത്തി.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച 1087 ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി ഡി എസ് തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളില്‍ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 103 ഓണച്ചന്തകളില്‍ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 81 ഓണച്ചന്തകളില്‍ നിന്നും 2.55 കോടി രൂപ നേടി കണ്ണൂര്‍ ജില്ല മൂന്നാമതും എത്തി.
കുടുംബശ്രീയുടെ കീഴിലുള്ള 28401 സൂക്ഷ്മസംരംഭ യൂണിറ്റുകളും 20990 വനിതാ കര്‍ഷക സംഘങ്ങളും വിപണിയില്‍ ഉല്‍പന്നങ്ങളെത്തിച്ചുകൊണ്ട് ഇത്തവണയും വിപണിയിലെ വിജയത്തിന് വഴിയൊരുക്കി. ഇതുവഴി പൊതുവിപണിയില്‍ വിലക്കയറ്റം തടയാനും ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കാനായി എന്നതും കുടുംബശ്രീക്ക് നേട്ടമായി. 110 ഓണച്ചന്തകള്‍ ഒരുക്കി മലപ്പുറം ജില്ല മേളയുടെ എണ്ണത്തില്‍ മുന്നിലെത്തി. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുമായി 4854 യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഏറ്റവും കൂടുതല്‍ സംരംഭകരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയതിലും മലപ്പുറം ജില്ല ഒന്നാമതായി. 104 ഓണച്ചന്തകളിലായി 4723 യൂണിറ്റുകളെ പങ്കെടുപ്പിച്ച് എറണാകുളം ജില്ലയും, 103 ഓണച്ചന്തകള്‍ സംഘടിപ്പിച്ച് 4550 യൂണിറ്റുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഓണം വിപണിയില്‍ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനും കുടുംബശ്രീക്ക് കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണാഘോഷത്തിനുള്ള പൂക്കള്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1870 വനിതാ കര്‍ഷക സംഘങ്ങള്‍ ചേര്‍ന്ന് 780 ഏക്കറിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ പൂക്കൃഷി നടത്തി തൃശൂര്‍ ജില്ല ഒന്നാമതായി. സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേളകളില്‍ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത പൂക്കളും വിപണനത്തിനെത്തിയത് ഏറെ ശ്രദ്ധേയമായി. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ ഏകോപനവും കുടുംബശ്രീ ഓണച്ചന്തകളുടെ പ്രത്യേകതയായിരുന്നു.
ഓണക്കാലത്ത് കൺസ്യൂമർ ഫെഡിന് 106 കോടിയുടെ റെക്കോഡ് വിൽപ്പന. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. സംസ്ഥാനതല ചന്തകൾക്കുപുറമെ ജില്ലാതലത്തിലും ഗ്രാമീണ തലത്തിലും ചന്തകൾ നടത്തിയാണ് കൺസ്യൂമർ ഫെഡ് പത്തുദിവസം വിപണിയിൽ ഇടപെട്ടത്. 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കി. അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണംചെയ്‌തു. വിപണിയിൽ 1100 വിലവരുന്ന 13 ഇനങ്ങൾ 462 രൂപയ്‌ക്കാണ് വിറ്റഴിച്ചത്.106 കോടിയിൽ 50 കോടി സബ്‌സിഡി സാധനങ്ങളും 56 കോടി സബ്സിഡി ഇതര സാധനങ്ങളുമാണ്. കൂടാതെ മിൽമ, റെയ്‌ഡ്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിറ്റു. ഹോർട്ടികോർപ്പുമായി സഹകരിച്ചും സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും ത്രിവേണി സൂപ്പർമാർക്കറ്റുകളോടൊപ്പം പച്ചക്കറിച്ചന്തകളും നടത്തി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ പ്രധാന പങ്കാണ് വഹിച്ചത്.
ഓണക്കാലത്ത് പാൽ, പാലുൽപന്നങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവ്വകാല റെക്കോഡുമായി മിൽമ. ആഗസ്റ്റ് 25 മുതൽ 28 വരെ നാലു ദിവസം കൊണ്ട് 1,00,56,889 ലിറ്റർ പാലാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 94,56,621 ലിറ്റർ പാലാണ് ഇതേ കാലയളവിൽ വിറ്റു പോയത്. പാലുൽപ്പന്നങ്ങളുടെ വിൽപ്പനയിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. തൈരിന്റെ വിൽപ്പന 15.44% വർദ്ധിച്ചപ്പോൾ മിൽമയുടെ മൂന്ന് യൂണിയനുകളുമായി 743 ടൺ നെയ്യും വിറ്റു.മിൽമയുടെ മറ്റ് പ്രാദേശിക യൂണിറ്റുകളേക്കാൾ തിരുവനന്തപുരം യൂണിയൻ റെക്കോഡ് വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 21 ശതമാനത്തിന്റെ വർധനവാണ് തിരുവനന്തപുരം യൂണിയന്റെ നേട്ടം. സെപ്റ്റംബർ 28ന് മാത്രം 15,50,630 ലിറ്റർ പാലാണ് വിറ്റത്. തൈരിന്റെ വിൽപ്പനയിൽ 26 ശതമാനം വർധനയോടെ 2,40,562 കിലോയാണ് വിറ്റത്. ഓണക്കാലത്ത് മാത്രം 320 മെട്രിക് ടൺ പാലും പാൽ ഉത്പന്നങ്ങളും വിറ്റഴിച്ചതിലൂടെ ടിആർസിഎംപിയുടെ വിറ്റുവരവ് 126 കോടി രൂപയായി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-08 17:53:14
ലേഖനം നമ്പർ: 1177