ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച കേരളം, ഡിജിറ്റൽ രംഗങ്ങളിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ച് രാജ്യത്തെ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ചു. ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ മുഴുവൻ സുതാര്യവും വേഗത്തിലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുകയാണ് സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരള സർക്കാർ വിവിധ വകുപ്പുകൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സമൂഹത്തിലെ നാനാതുറകളിൽപെട്ട ജനങ്ങൾക്ക് ഒട്ടേറെ സേവന പദ്ധതികൾ ലഭ്യമാക്കുന്നുണ്ട്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളിൽ ഇരുന്നുതന്നെ എല്ലാ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് സർക്കാർ സേവനങ്ങൾ വേഗത്തിലും സമയബന്ധിതമായും പൗരന്മാർക്ക് ലഭ്യമാക്കുന്നത്തിനായി വിവിധ വകുപ്പുകളുടെ സേവനങ്ങളെയും ഒരൊറ്റ പോർട്ടലിൽ ബന്ധിപ്പിച്ചുകൊണ്ട് ഇ സേവനം എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിനു രൂപം നൽകുകയും 885 സേവനങ്ങൾ ഇ-സേവനം പോർട്ടലിലൂടെ (services.kerala.gov.in) ലഭ്യമാക്കുകയും ചെയ്യുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഭൂനികുതി, വസ്തുവകകളുടെ ഡോക്യുമെന്റേഷൻ, പൊതുവിതരണ സമ്പ്രദായം, സാമൂഹിക സുരക്ഷ പേഔട്ടുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഡൊമെയ്നുകളും ഉൾക്കൊള്ളുന്ന എല്ലാ സുപ്രധാന സേവനങ്ങളുടെയും വിതരണം ഇതിനകം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഇ ഡിസ്ട്രിക്ട്, കെ സ്വിഫ്റ്റ്, ഇ ഹെൽത്ത്, ഇപിഡിഎസ്, ഇ-കോർട്ട് മാനേജ്മെന്റ്, ഇആർഎസ്എസ്, പോൽ ആപ്പ്, സൈബർ ഡോം, കൈറ്റ്, എച്ച്എസ്സിഎപി, ഡിജിറ്റൽ സർവേ മിഷൻ തുടങ്ങിയ വൻകിട പദ്ധതികളും സംസ്ഥാനം വിജയകരമായി നടപ്പാക്കി.
ഇ-ഹെൽത്ത് സംവിധാനത്തിലൂടെ എവിടെ നിന്നും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചു. ഒരു പൗരന് ഒരു ഹെൽത്ത് റെക്കോർഡ് എന്നതും കേരളം അതിവേഗം നടപ്പാക്കി. സംസ്ഥാനത്ത് എല്ലാ മേഖലകളിലും, എല്ലാ വിഭാഗം ജനങ്ങളിലും ഇ- ഗവേർണൻസിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കി. പൊതുവിതരണ രംഗം പൂർണമായും ഇ- ഗവേർണൻസിന്റെ കീഴിലായി. ഇതിലൂടെ റേഷൻ വിഹിതം കൃത്യമായി പൗരന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സാധിച്ചു. മുഴുവൻ ഭൂമിയും ഡിജിറ്റൽ സർവേയിലൂടെ അളന്നു തിട്ടപ്പെടുത്തുകയും ഒരു പൗരന് ഒരു തണ്ടപ്പേര് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ആധാരം ഉൾപ്പടെയുള്ള രേഖകൾ ഓൺലൈനിലൂടെ ലഭ്യമാക്കി. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ഡിജിറ്റൽ സാക്ഷരതയുടെ വാതിൽ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് 2002 ൽ ആരംഭിച്ച അക്ഷയ പദ്ധതി ഇന്ന് സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ഡിജിറ്റൽ ഹബ്ബായി മാറിക്കഴിഞ്ഞു. ഓരോ വർഷവും സ്‌കൂളുകൾ വഴി 4 ലക്ഷത്തിലധികം വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച IT@School സംരംഭം പൊതു വിദ്യാഭ്യാസത്തിന് കൂടുതൽ കരുത്തു പകർന്നിട്ടുണ്ട്. സർക്കാർ വകുപ്പുകളും ഏജൻസികളും നൽകുന്ന എല്ലാ ഓൺലൈൻ ആപ്ലിക്കേഷൻ സേവനങ്ങളുടെയും ആദ്യതല സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന യുണീക്ക് ഡാഷ്ബോർഡ് എന്നിവയെല്ലാം സമ്പൂർണ ഇ ഗവേണൻസ് സംസ്ഥാനത്തിലേക്കുള്ള കേരളത്തിന്റെ പ്രധാന ചുവടുവെയ്പുകളായിരുന്നു.
സാങ്കേതികവിദ്യയുടെ നവീകരണവും സ്വീകാര്യതയും വേഗത കൈവരിച്ചപ്പോൾ, ഇന്റർനെറ്റ് ലഭ്യത ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതൽ പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു ഡിജിറ്റൽ സമൂഹത്തിൽ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റിന്റെ ആവശ്യകത സർക്കാർ മനസിലാക്കുകയും "ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി" പ്രഖ്യാപിക്കുകയും ചെയ്തു. ഡിജിറ്റൽ വിഭജനം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പദ്ധതിയാണ് കെഫോൺ. കേരളത്തിലെ 30,000 സർക്കാർ സ്ഥാപനങ്ങളെയും 20 ലക്ഷത്തിലധികം ബിപിഎൽ കുടുംബങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് കെഫോൺ ശൃംഖല രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സർക്കാർ ഓഫീസുകളെ പേപ്പർ രഹിതമാക്കുന്നതിന് ഡിജിറ്റൽ ഫയൽ ഫ്ലോ സംവിധാനമായ ഇ ഓഫീസ് വിജയകരമായി നടപ്പാക്കി, ഇത് ഫയൽ ചലനങ്ങളിൽ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിച്ചു. 150 ലധികം ഓഫീസുകൾ ഇപ്പോൾ ഇ-ഓഫീസുകളാണ്. താലൂക്ക്, വില്ലേജ് തലങ്ങളില് ഇ-ഓഫീസ് നടപ്പാക്കൽ ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ്, എല്ലാ പ്രധാന സർക്കാർ വകുപ്പുകൾ, എല്ലാ കളക്ടറേറ്റുകൾ, 25 റവന്യൂ ഡിവിഷണൽ ഓഫീസുകൾ, ഡയറക്ടറേറ്റുകൾ, കമ്മീഷണറേറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ ഫയൽ ഫ്ലോ സംവിധാനമാണ് ഇ-ഓഫീസ്.
കേരളത്തെ 100 ശതമാനം ഇ-അക്ഷരീയ, ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഐടി/ ഐടിഇഎസ് നിക്ഷേപ കേന്ദ്രമായി വികസിപ്പിക്കാനും വിപണനം ചെയ്യാനും സർക്കാർ ലക്ഷ്യമിടുന്നു. റവന്യു വകുപ്പിന്റെ ഡിജിറ്റൽ റീസർവ്വേ, പ്രവാസി മിത്രം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സിറ്റിസൺ സെന്റർ പോർട്ടൽ , മൃഗസംരക്ഷണ വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ , കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് തുടങ്ങിയവയെല്ലാം വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഡിജിറ്റൽ സേവനങ്ങളുടെ ഉദാഹരണങ്ങളിൽ ചിലതാണ്.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുമുള്ള ഒരു ഉപകരണമെന്ന നിലയിലും, സാമ്പത്തിക വളർച്ചയുടെ നിർണായക ഘടകം എന്ന നിലയിലും ഉല്പാദനക്ഷമത, വേഗത, സുതാര്യത എന്നിവ വർധിപ്പിക്കുന്നതിനും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ശാസ്ത്രീയ ചാലകം എന്ന നിലയിലും ഡിജിറ്റൽ വ്യാപനത്തിന് സമഗ്രസംവിധാനങ്ങളും പദ്ധതികളുമാണ് കേരളം ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-25 17:16:50
ലേഖനം നമ്പർ: 1066