കോവിഡ് മൂലമുണ്ടായ പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും അത്ഭുതകരമായ വളർച്ചയാണ് കേരളം കൈവരിച്ചത്. വിദ്യാഭ്യാസ - ആരോ​ഗ്യ മേഖലകൾ, വൻകിട പദ്ധതികൾ, വ്യാവസായിക വളർച്ച എന്നിങ്ങനെ സമസ്ത മേഖലകളിലും ഏറെ മുന്നോട്ടുപോകാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ നേർക്കാഴ്ച ഒരുക്കുകയാണ് എന്റെകേരളം പ്രദർശന വിപണന സേവന മേള.

സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിന്റെ ഭാ​ഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന മേളയിൽ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനം കൈവരിച്ച മികവുകളും നേട്ടങ്ങളും അവതരിപ്പിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടങ്ങളും സംയുക്തമായാണ് എന്റെകേരളം മേള നടത്തുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രിൽ ആദ്യവാരം എറണാകുളത്ത് ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മേള ആവിഷ്ക്കരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും എന്റെ കേരളം പ്രദർശനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളും സൗജന്യമായി വളരെ വേഗത്തില്‍ ഇവിടെ നിന്നും ലഭ്യമാകുന്ന വിധമാണ് മേള ഒരുക്കുന്നത്. ഓരോ ജില്ലയിലും ചുരുങ്ങിയത് 7 ദിവസം വീതം മേള നടക്കും. സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സന്ദേശം എല്ലാവരിലുമെത്തിക്കാൻ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രചരണ പരിപാടികള്‍ നടക്കും.

സർക്കാർ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനം, വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ. യൂണിറ്റുകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവർ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകൾ, ടെക്‌നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്‌സിബിഷൻ നടക്കുന്നത്. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകൾ മേളയുടെ ആകർഷണമാകും.

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ബോധവത്കരണ പരിപാടികളും മേളയുടെ ഭാ​ഗമായി നടക്കും. ആധാർ രജിസ്‌ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തത്സമയം അക്ഷയ പവിലിയനിൽ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ പ്രശ്‌നങ്ങൾ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളിൽ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാൾ. മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും. യുവജനങ്ങൾക്കായി സേവനം, വിദ്യാഭ്യാസം, തൊഴിൽ എന്നീ വിഭാഗങ്ങളിൽ സ്റ്റാളുകളൊരുക്കും. സ്റ്റാർട്ടപ്പ് മിഷൻ, തൊഴിൽ - എംപ്ലോയ്‌മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഈ വിഭാഗത്തിലുണ്ടാകും. ഊർജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകൾ അനർട്ടിന്റെയും എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനിൽ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.

സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയർ ആന്‌റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിൻഫ്ര, മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, സോഷ്യൽ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവർഗം, കയർ, ലീഗൽ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളും  പ്രദർശനത്തിൽ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്‌പ്ലെ സോണുകളും സജ്ജമാക്കും. പൊലീസിന്റെ ആഭിമുഖ്യത്തിൽ ദിവസവും ഡോഗ് ഷോ, വാഹന പ്രദർശനം, സ്വയരക്ഷ പരിശീലന പ്രദർശനം എന്നിവയും അരങ്ങേറും.


എന്റെ കേരളം പ്രദർശന വിപണനമേള- പ്രോഗ്രാം ഷെഡ്യൂൾ 

ജില്ല  തിയതി  സ്ഥലം 
എറണാകുളം ഏപ്രിൽ 1-8 മറൈൻ​ഡ്രൈവ്  
പാലക്കാട് ഏപ്രിൽ 9-15 ഇന്ദിരാ​ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം
കണ്ണൂർ       ഏപ്രിൽ 11-17 പൊലീസ് ​ഗ്രൗണ്ട്
ആലപ്പുഴ ഏപ്രിൽ 17-23 ആലപ്പുഴ ബീച്ച്
വയനാട് ഏപ്രിൽ 24-30 എസ്കെഎംജെ എച്ച്എസ്ഇ കൽപ്പറ്റ
ഇടുക്കി   ഏപ്രിൽ 28-മെയ് 4 വിഎച്ച്എസ്ഇ വാഴത്തോപ്പ്
കാസർ​ഗോഡ്   മെയ് 3-9      കാഞ്ഞങ്ങാട് ന്യൂ ബസ് സ്റ്റാൻഡ്
മലപ്പുറം     മെയ് 4-10    പൊന്നാനി എ വി എച്ച് എസ് എസ്
തൃശ്ശൂർ     മെയ് 10-16 തേക്കിൻകാട് (സ്റ്റ്യുഡന്റ്സ് കോർണർ)
കോഴിക്കോട്   മെയ് 12-18 കോഴിക്കോട് ബീച്ച്
പത്തനംതിട്ട മെയ് 12-18    മുൻസിപ്പൽ സ്റ്റേഡിയം
കോട്ടയം       മെയ് 16-22 നാ​ഗമ്പടം ​ഗ്രൗണ്ട്
കൊല്ലം   മെയ് 18-24 ആശ്രമം ​ഗ്രൗണ്ട്
തിരുവനന്തപുരം മെയ് 20-27 കനകക്കുന്ന് പാലസ്




 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-06 15:25:01

ലേഖനം നമ്പർ: 1002

sitelisthead