കായിക സ്ഥാപനങ്ങൾ

കായികമേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത്, കായിക താരങ്ങൾക്ക് മികച്ച പരിശീലനത്തിനും  മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി വിവിധ സ്ഥാപനങ്ങളാണ് കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നത്.  കായിക യുവജനകാര്യ ഡയറക്ടറേറ്റ്, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ,കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, കേരള സംസ്ഥാന യുവജന കമ്മീഷൻ എന്നിവയാണവ.

കായിക യുവജനകാര്യ ഡയറക്ടറേറ്റ്

കായികരംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം നൽകുന്ന കായിക യുവജനകാര്യ ഡയറക്ടറേറ്റ് (DSYA) സ്ഥാപിതമായത് 1986ലാണ്.  ഗുണമേന്മയുള്ള അടിസ്ഥാനസൗകര്യങ്ങൾ, യുവജനക്ഷേമവുമായി ബന്ധപ്പെട്ട പരിപാടികൾ തുടങ്ങി കായികവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഡയറക്ടറേറ്റ് പ്രാധാന്യം നൽകിവരുന്നു. സ്പോട്സിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുക, യുവജനങ്ങൾക്ക് പരിശീലനം നൽകുക, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ താരങ്ങളെ പ്രാപ്തരാക്കുക എന്നിവയും DSYA-യുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. Attitude Stimulated Training (ASTRA) സൗകര്യം DSYA-യുടെ നേട്ടങ്ങളിൽ പരമപ്രധാനമാണ്. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച 'സ്വിം ആന്റ് സർവൈവ് പ്രോഗ്രാം' കുട്ടികൾക്ക് നീന്തലിൽ പരിശീലനം നൽകുന്നു.  5നും 12നും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ടെന്നീസ് എന്നിവയിൽ തുടർച്ചയായ പരിശീലനം നൽകുന്ന പദ്ധതിയാണ് 'കായിക കാൽവയ്പ്'.  

രാജീവ്ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്റർ

കായികരം​ഗത്തെ ചികിത്സയ്ക്ക് വേണ്ടി കായിക യുവജനകാര്യ ഡയറക്ടറേറ്റ് 1992ൽ സ്ഥാപിച്ചതാണ് രാജീവ്​ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്റർ. കേരളത്തിലെ ഏക സ്പോർട്സ് മെഡിസിൻ സെന്ററാണിത്. സ്പോർട്സുമായി ബന്ധപ്പെട്ട പരിക്കുകൾ നിയന്ത്രിക്കുക,പരിക്കേറ്റ കായികതാരങ്ങളെ പുനരധിവസിപ്പിക്കുക, പൂർണ്ണമായും വേഗത്തിലും ശാരീരിക ക്ഷമത തിരിച്ചു കൊണ്ടു വരിക. എന്നിവയാണ് സെന്ററിന്റെ ലക്ഷ്യങ്ങൾ. കായിക താരങ്ങൾക്കുള്ള സൗജന്യ ചികിത്സാ സൗകര്യം, കളിക്കിടെ ഉണ്ടായ പരിക്കുകൾക്ക് ഫിസിക്കൽ തെറാപ്പിയും ഫിസിയോതെറാപ്പിയും നൽകുക,വിദ്ഗ്ധാഭിപ്രായം തേടാനും ആവശ്യമെങ്കിൽ മറ്റൊരിടത്തേയ്ക്കയക്കാനുള്ള സൗകര്യങ്ങൾ,പരിക്കേറ്റ സ്ഥലത്തു ചെന്നു നൽകുന്ന മെഡിക്കൽ പരിരക്ഷയും സ്പോർട്സ് മെഡിക്കൽ എയ്ഡ് സേവനവും,പോഷകാഹാരം, ശാരീരിക ക്ഷമത എന്നിവയ്ക്കുള്ള ഉപദേശങ്ങൾ, ആധുനിക ഉപകരണങ്ങളടങ്ങിയ ഫിസിയോ തെറാപ്പി സെന്റർ എന്നീ സൗകര്യങ്ങളും സെന്ററിൽ ലഭ്യമാണ്. 

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ

കായികരം​ഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് 1954ൽ രൂപീകരിച്ച സ്ഥാപനമാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ.  സ്പോർട്സ് മന്ത്രി ചെയർമാനും, പ്രസിഡന്റും, സെക്രട്ടറിയുമുൾപ്പെടെ ഔദ്യോഗിക ഭാരവാഹികളും ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കൗൺസിലിന്റെ ഭരണം നിർവഹിക്കുന്നത്. കായികരംഗത്ത് സർക്കാരിന് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നല്കുക, കേരളത്തിൽ സ്പോർട്സിന്റെ വളർച്ചയ്ക്കു നാനാവിധമായ നടപടികൾ സ്വീകരിക്കുകയും വേണ്ട പ്രേത്സാഹനങ്ങൾ നല്കുകയും ചെയ്യുക, സ്പോർട്സ് അസോസിയേഷനുകളെ അവയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുക, എല്ലാ പ്രൊഫഷണൽ വിദ്യാഭ്യാസമേഖലകളിലും കായിക താരങ്ങൾക്കു നീക്കിവച്ചിട്ടുള്ള സീറ്റുകളിലേക്ക് അർഹരായ പ്രഗല്ഭ കായികതാരങ്ങളെ നിർദ്ദേശിക്കുക, സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഹോസ്റ്റലുകൾ നടത്തുക, കായികതാരങ്ങൾക്ക് പരിശീലനം നല്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയെല്ലാം കൗൺസിലിന്റെ പ്രവർത്തന പരിധിയിൽ വരുന്നവയാണ്. 25 കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റലുകളും 53 കോളേജ് സ്പോർട്സ് ഹോസ്റ്റലുകളും 43 സ്കൂൾ സ്പോർട്സ് ഹോസ്റ്റലുകളും കേരള സംസ്ഥാന കായിക സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്നു.

സ്പോർട്സ് അക്കാദമികൾ

വിവിധ കായിക ഇനങ്ങളിൽ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുത്ത് അവർക്ക് ഉന്നതതല പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 31 ജില്ലാ സ്പോർട്സ് അക്കാദമികൾ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, കോളേജ്, സ്കൂൾ തലങ്ങളിൽ യഥാക്രമം 51 സ്പോർട്സ് അക്കാദമികളും 23 സ്പോർട്സ് അക്കാദമികളും പ്രവർത്തിക്കുന്നുണ്ട്. കൗൺസിലിന്റെ നേതൃത്വത്തിൽ വിദഗ്ധരാണ് ഇവർക്ക് പരിശീലനം നൽകുന്നത്. അക്കാദമികളിൽ പരിശീലനത്തിനായി കായിക ഉപകരണങ്ങളും സ്പോർട്സ് കിറ്റുകളും കൗൺസിൽ നൽകുന്നുണ്ട്.

റൂറൽ കോച്ചിംഗ് സെന്ററുകളും ഡേ ബോർഡിംഗ് സെന്ററുകളും

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്ത് 9 റൂറൽ സ്പോർട്സ് കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 14 ജില്ലകളിലായി വിവിധ കായിക ഇനങ്ങളിലായി 61 ബോർഡിംഗ് സെന്ററുകളുണ്ട്.. ജില്ലാ സ്പോർട്സ് കൗൺസിലുകൾ മുഖേനയാണ് ഡേ ബോർഡിംഗ് സ്കീമിനുള്ള ധനസഹായം നൽകുന്നത്.

മികവിന്റെ കേന്ദ്രങ്ങൾ (എലൈറ്റ് ട്രെയിനിംഗ് സെന്റർ-അത്ലറ്റിക്സ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ)

കായിക പ്രതിഭകളായ യുവതാരങ്ങളിൽ കായിക വൈദഗ്ധ്യം പരിപോഷിപ്പിക്കുന്നതിനും ഏഷ്യൻ, കോമൺവെൽത്ത്, ഒളിംപിക് ഗെയിംസുകളിൽ മെഡലുകൾ നേടുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി അത്ലറ്റിക്സ്, വോളിബോൾ, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ വിവിധ മേഖലകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ എലൈറ്റ് സ്കീം നടപ്പാക്കിയിട്ടുണ്ട്.മികച്ച കായിക താരങ്ങളെ സെലക്ഷൻ ട്രയലുകൾക്ക് ശേഷം മെറിറ്റിൽ തിരഞ്ഞെടുക്കുകയും അവർക്ക് വിദഗ്ധ പരിശീലകരുടെ കീഴിൽ പരിശീലനം, വൈദ്യചികിത്സ, പഠന സൗകര്യങ്ങൾ, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവ നൽകുകയും ചെയ്യുന്നു. നിലവിൽ എലൈറ്റ് സ്കീമിന് കീഴിൽ 4 മികവിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്

യുവജനക്ഷേമം ലക്ഷ്യമിട്ട് 1985ലാണ് കേരള  സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപീകൃതമായത്. യുവജനക്ഷേമ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ബോർഡിന്റെ പ്രധാന ലക്ഷ്യം.തൊഴിൽ രഹിതരായ യൂവാക്കൾക്ക് പരിശീലന പരിപാടികളും സ്വയം തൊഴിൽ സംരംഭങ്ങളും ആരംഭിക്കുന്നതിന് യൂത്ത് ക്ലബുകൾക്കും സംഘടനകൾക്കും ബോർഡ് ധനസഹായം നൽകി വരുന്നു.

കേരള സംസ്ഥാന യുവജനകമ്മീഷൻ

യുവാക്കളെ വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വർത്തിക്കുന്നതിനുമായി 2013-ൽ രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ. ശാക്തീകരണത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും സ്വാശ്രയശീലരായ യുവതയെ സൃഷ്ടിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.

യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ, നിരോധിക്കപ്പെട്ട മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനാവശ്യമായ പരിപാടികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്യുക, യുവാക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുക, പ്രത്യേകിച്ചും ദുർബല വിഭാഗത്തിലും ഗോത്രവർഗ്ഗ വിഭാഗത്തിലും പെടുന്നവരുടെ സാമൂഹിക – സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ നടപടികളിൽ സർക്കാരിനെ ഉപദേശിക്കുക,അസംഘടിത മേഖലയിൽ യുവാക്കൾ നേരിടുന്ന തൊഴിൽപരമായ ദുരിതങ്ങൾ ശ്രദ്ധിച്ച് റിപ്പോർട്ട് ചെയ്യുക എന്നിവയെല്ലാമാണ് യുവജന കമ്മീഷന്റെ ചുമതലകൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-07-2022

ലേഖനം നമ്പർ: 667

sitelisthead