പദ്ധതികൾ/ പരിപാടികൾ

യുവാക്കളുടേയും കായികമേഖലയുടേയും ഉന്നമനത്തിനായി വിവിധ പ​ദ്ധതികളാണ് സർക്കാർ രൂപീകരിച്ച് നടപ്പിലാക്കി വരുന്നത്. കായിക യുവജനകാര്യ ഡയറക്ടറേറ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ,സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സംസ്ഥാന യുവജനകമ്മീഷൻ
 എന്നീ സ്ഥാപനങ്ങൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ പ്രത്യേക പ​ദ്ധതികൾ

പ്ലേ ഫോര്‍ ഹെല്‍ത്ത്

പ്ലേ ഫോര്‍ ഹെല്‍ത്ത് (ആരോഗ്യത്തിന് വേണ്ടി കളിക്കുക. സ്പോർട്സിലേക്കും കളികളിലേക്കും കുട്ടികളെ എത്തിക്കുന്നതിലൂടെ അവരുടെ ശാരീരികവും മാനസികവുമായ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളെ ചിട്ടയായതും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ പിന്നീട് പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയില്‍ വിവിധ ഗെയിമുകളിൽ അഭിരുചി വളർത്താൻ സഹായിക്കുക എന്നതിലാണ് പ്രാഥമികമായി ശ്രദ്ധ ചെലുത്തുന്നത്. സ്കൂളുകളെ കായിക കേന്ദ്രങ്ങളായി മാറ്റുന്നതിനും സ്കൂൾ കുട്ടികൾക്കിടയിൽ പതിവ് ശാരീരിക പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. 

ഗോൾ

ഫുട്ബാൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് 'ഗോൾ' നടപ്പാക്കുന്നു. അഞ്ച് വർഷം അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെറിയ പ്രായത്തിൽതന്നെ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുകയാണ് ഉദ്ദേശ്യം. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാവും പരിശീലനം. പരിശീലനവേദികളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് കൂടുതൽ വിദഗ്ധ പരിശീലനം നൽകും. നിലവിൽ കിക്കോഫ് എന്ന പേരിൽ കായികവകുപ്പിന് കീഴിൽ നടക്കുന്ന പരിശീലന പരിപാടി 'ഗോൾ പദ്ധതി' യിൽ ലയിപ്പിച്ച് വിപുലമാക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പരിഗണന നൽകും. അഞ്ച് വയസ്സുമുതലുള്ള കുട്ടികൾക്കാണ് പരിശീലനം. ഉപകരണങ്ങളും ജഴ്സിയും ഉൾപ്പെടെ സൗജന്യമായി നൽകും. ഓരോ പ്രായഘട്ടത്തിലുമുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ സിലബസ് ഉണ്ടാകും. ഓരോ കുട്ടിയുടെയും ശാരീരിക പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ചാണ് പരിശീലനം.

സ്ലാഷ്

 8നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ നീന്തൽ കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടുകൂടി ആരംഭിച്ച പദ്ധതിയാണിത്. 

ഹൂപ്സ്

ബാസ്ക്കറ്റ്ബോളിൽ താൽപര്യമുള്ള കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 

സ്പ്രിന്റ്

ചെറുപ്രായത്തിൽ തന്നെ ലോകോത്തര നിലവാരത്തിലുള്ള കായിക താരങ്ങളെ കണ്ടെത്തി രാജ്യാന്തര തലത്തിൽ കേരളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് സ്പ്രിന്റ്. ഉപ നഗര, ഗ്രാമ, ആദിവാസി, ടാപ്പ് ചെയ്യപ്പെടാത്ത മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള കഴിവുള്ള കുട്ടികളെ ചെറുപ്പത്തിലെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ആധുനീക സൗകര്യങ്ങളോടു കൂടിയ നീന്തൽക്കുളം, ലോംഗ്ജംപ് - ട്രിപ്പിൾജംപ് എന്നിവയ്ക്കുള്ള സിന്തറ്റിക് റൺ അപ് ഉള്ള പിറ്റ്, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, Futusal,മാപ്പിൾതടികൊണ്ടുള്ള ഫ്ളോറിങ്ങ് തുടങ്ങി സ്പോർട്സുമായി ബന്ധപ്പെട്ടതെല്ലാം DSYA ചെയ്തു വരുന്നു. തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയമാണ്.

പഞ്ച്

ബോക്‌സിങ്ങിൽ പ്രതിഭയുള്ള പെൺകുട്ടികളെ ചെറുപ്പത്തിൽ കണ്ടെത്തി ബോക്‌സിങ്ങിൽ മികച്ച പരിശീലനം നൽകി ലോകോത്തര താരങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘പഞ്ച്‌’ പദ്ധതി. സംസ്ഥാനത്തെ അഞ്ച്‌ കേന്ദ്രങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ  ബോക്‌സിങ്‌ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്‌. എട്ടിനും 12 വയസ്സിനും ഇടയിലുള്ളവർക്കാണ്‌ പ്രവേശനം. താരങ്ങൾക്കാവശ്യമായ കായികോപകരണങ്ങളും സൗജന്യമായി നൽകും. ഉയർന്ന നിലവാരം പുലർത്തുന്നവർക്ക്‌ അതിനനുസൃതമായ തുടർപരിശീലനം ഉറപ്പാക്കും.

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പദ്ധതികൾ/പ്രവർത്തനങ്ങൾ

ഡോ. എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ് പദ്ധതി

നമ്മുടെ സംസ്ഥാനത്തെ പ്രമുഖ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടപ്പിലാക്കുന്നതാണ് ഡോ.എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ് പദ്ധതി. 14നും 20നും ഇടയിൽ പ്രായമുള്ള 11 കായിക താരങ്ങൾക്ക് പ്രതിവർഷം ₹10,000 സ്കോളർഷിപ്പ് നൽകുന്നു. അതാത് വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അർഹരായ കായികതാരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. ഓരോ വർഷവും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 24 വയസ്സ് പൂർത്തിയാകുന്നതുവരെ അല്ലെങ്കിൽ പരമാവധി അഞ്ച് വർഷം വരെ സ്കോളർഷിപ്പ് നൽകും.

കായിക ക്ഷമത മിഷൻ

വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്താൻ വിഭാവനം ചെയ്യുന്നതാണ് കായിക ക്ഷമത മിഷൻ. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ, സ്കൂളിലെ വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഫിറ്റ്നസ് ലെവൽ വിലയിരുത്തി. കേരളത്തിലെ സ്കൂളുകളിലെ 80 ശതമാനത്തിലധികം വിദ്യാർത്ഥികളുടെയും ഫിറ്റ്നസ് ആവശ്യമുള്ള നിലവാരത്തിന് താഴെയാണെന്ന് പരിശോധനാഫലങ്ങൾ കാണിക്കുന്നു. കായിക ക്ഷമതാ മിഷന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശാരീരിക സാക്ഷരതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്തിരിക്കുന്നു. സ്പോർട്സ് കൗൺസിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളായ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓപ്പറേഷൻ ഒളിമ്പിയ 2020-2024

പതിനൊന്ന് കായിക ഇനങ്ങളിൽ സംസ്ഥാനത്തിനകത്തു നിന്നുള്ള മികച്ച കായിക താരങ്ങളെ കണ്ടെത്തി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും വിദേശ പരിശീലകരുടെ സേവനവും നൽകി പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര മത്സരങ്ങളിലെ എക്സ്പോഷർ നേടിക്കൊടുക്കുകയുമാണ് ഓപ്പറേഷൻ ഒളിമ്പിയയുടെ ലക്ഷ്യം. കേരള സർക്കാരിന്റെ കായിക വകുപ്പിന്റെ അഭിമാനകരമായ പദ്ധതി "ഓപ്പറേഷൻ ഒളിമ്പിയ 2020– 2024" 2017 മെയ് 28 ന് ആരംഭിച്ചു. ഒളിമ്പിക്സ് മെഡൽ നേടുന്നതിനായി കേരളത്തിലെ താരങ്ങളെ സജ്ജമാക്കുകയാണ് ഉദ്ദേശം.  ഓപ്പറേഷൻ ഒളിമ്പിയ അത്ലറ്റിക്സ്, ബോക്സിംഗ്, ബാഡ്മിന്റൺ (ഷട്ടിൽ), ഫെൻസിംഗ്, റോവിംഗ് എന്നിങ്ങനെ തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പദ്ധതിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് 2018-19 -ൽ വിവിധ ദേശീയ അന്തർദേശീയ ഗെയിമുകളിലായി 20 സ്വർണവും 13 വെള്ളിയും 14 വെങ്കലവും ലഭിച്ചു.

കേരള സംസ്ഥാന സ്കൂൾ സ്പോർട്സും ഗെയിമുകളും

പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വർഷവും സ്കൂൾ കുട്ടികൾക്കായി കായിക വിനോദങ്ങളും ഗെയിമുകളും നടത്തുന്നു. എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലും ഗെയിംസ്, അത്ലറ്റിക്സ് എന്നിവയിൽ സ്കൂൾ തല മത്സരങ്ങൾ നടത്തപ്പെടുന്നു. അക്വാറ്റിക്സ്, അത്ലറ്റിക്സ്, 17 വിഭാഗം മറ്റു ഗെയിമുകൾ എന്നിവയ്ക്കായി സീനിയർ (19 വയസ്സിന് താഴെ), ജൂനിയർ (17 വയസ്സിന് താഴെ), സബ് ജൂനിയർ (14 വയസ്സിന് താഴെ), കിഡ്ഡീസ് (12 വയസ്സിന് താഴെ), എൽപി കിഡ്ഡീസ് (10 വയസ്സിന് താഴെ) എൽപി മിനി (8 വയസ്സിൽ താഴെ)എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് സ്കൂൾതല മത്സരങ്ങൾ നടക്കുന്നത്. സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്. ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്പോർട്സും ഗെയിമുകളും നടത്തപ്പെടുന്നു.

യുവജന ക്ഷേമ ബോർഡിന്റെ പദ്ധതികൾ

യുവശക്തി

യുവജന ക്ലബ്ബുകളിലൂടെ സാമൂഹിക വികസന പരിപാടികളും സന്നദ്ധ പരിപാടികളും പ്രോത്സാഹിപ്പിക്കുക, കേരളോത്സവത്തിലും ഗ്രാമസഭയിലും യുവജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, ലേബർ ബാങ്കുകളും മറ്റ് തൊഴിലുറപ്പ് പരിപാടികളും സംഘടിപ്പിക്കുക, സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് യുവജനക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ ജില്ലാ കോ-ഓർഡിനേറ്റർമാരാണ് യുവശക്തി പരിപാടി ഏകോപിപ്പിക്കുന്നത്. 

യുവജന ക്ലബ്ബുകൾ

 ബോധവൽക്കരണ പരിപാടികൾ, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ആരോഗ്യ പ്രചാരണങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, സ്പോർട്സ് കിറ്റ് വിതരണം, യൂത്ത് കേരള എക്സ്പ്രസ് റിയാലിറ്റി ഷോ എന്നിവയിലൂടെ പട്ടികജാതി-പട്ടികവർഗ കോളനികളിലെയും തീരപ്രദേശങ്ങളിലെയും യുവജന ക്ലബ്ബുകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 

യുവത്വം കൃഷിയിലൂടെ ………….  കാർഷിക  ക്ലബ്ബുകൾ

കാർഷിരംഗത്ത് തൽപ്പരരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നു. ക്ലബ് രൂപീകരണത്തിനുളള ധനസഹായത്തിനു പുറമേ ജില്ലാ – സംസ്ഥാനാടിസ്ഥാനത്തിൽ കാർഷിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മാരിവില്ല്…  ട്രാൻസ് ജൻഡേഴ്സ് ക്ലബ്ബുകൾ

ട്രാൻസ് ജൻഡേഴ്സ് കമ്മ്യൂണിറ്റിക്കു വേണ്ടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് എല്ലാ ജില്ലകളിലും ട്രാൻസ് ജൻഡേഴ്സ് ക്ലബ്ബുകൾ രൂപീകരിക്കുന്നു. ക്ലബ് രൂപീകരണത്തിനുളള ധനസഹായത്തിനു പുറമേ ക്ലബ്ബ് അംഗങ്ങൾക്കായി ചിത്രരചനാ ക്യാമ്പുകൾ, സ്വയം തൊഴിൽ പരിശീലനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നു.

 യുവതീ ക്ലബ്ബുകളുടെ രൂപീകരണം (അവളിടം)

സംസ്ഥാ യുവജനക്ഷേമ ബോർഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ‘അവളിടം ‘ എന്ന പേരിൽ യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകുന്നു. യുവതീശാക്തീകരണത്തിന്റെ ഭാഗമായി ഒരു പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയിൽഒന്ന്‌, ഒരു കോർപ്പറേഷനിൽ രണ്ട്‌എന്നിങ്ങനെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യുവജനക്ഷേമ ബോർഡ്‌ നേരിട്ട്‌ യുവതീ ക്ലബ്ബുകൾ രൂപീകരിക്കുന്നു. യുവതീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക്‌ സാമ്പത്തിക സഹായം അനുവദിക്കുന്നു. കൂടാതെ ഈ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. 

ഭിന്നശേഷിക്കാർക്കുള്ള ക്ലബ്ബുകളുടെ രൂപീകരണം

ഒരു ജില്ലയിൽ ഒരു ക്ലബ്ബ്‌ എന്ന രീതിയിൽ ഭിന്നശേഷി വിഭഗത്തിൽപ്പെട്ട യുവജനങ്ങൾക്കായി  ക്ലബ്ബുകൾ രൂപീകരിക്കുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക്‌ സാമ്പത്തിക സഹായം അനുവദിക്കുന്നു. കൂടാതെ ഈ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.

യൂത്ത് കേരള എക്സ്പ്രസ്

യൂത്ത് ക്ലബ്ബുകളുടെ പ്രയോജനകരമായ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണ് യൂത്ത് കേരള എക്സ്പ്രസ്. 2018-19-ൽ അവതരിപ്പിച്ച പദ്ധതി 100-ലധികം യൂത്ത് ക്ലബ്ബുകൾക്ക് പ്രയോജനം ചെയ്തു.  യൂത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ജനകീയമാക്കാൻ ഈ പദ്ധതി സഹായിച്ചു.

കേരളത്തിലെ ദേശീയ നാടോടി ഉത്സവം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശീയ നാടോടി കലകളെ പ്രോത്സാഹിപ്പിക്കുവാനാണ് കേരളത്തിലെ ദേശീയ നാടോടി ഉത്സവം ലക്ഷ്യമിടുന്നത്. ദേശീയ ഫോക്ക് ഫെസ്റ്റിന്റെ പ്രതിനിധി സംഘത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്നു, അവർ അവരുടെ തനത് നാടൻ കലകളും സാംസ്കാരിക പരിപാടികളും അവതരിപ്പിക്കുന്നു, സമൂഹത്തിലെ യുവ പ്രതിഭകളുമായി സംവദിക്കുകയും മറ്റുള്ളവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. 

കേരളോത്സവം

സാംസ്കാരിക, കല, കായിക രംഗങ്ങളിൽ യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ഈ ഫെസ്റ്റിവലിൽ 15-35 വയസ്സിനിടയിലുള്ള യുവജനങ്ങൾക്ക് ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ സാംസ്കാരിക, കലാ, കായിക മത്സരങ്ങളിൽ പങ്കെടുക്കാം. 14 ജില്ലകളിലും പ്രാഥമിക ജില്ലാതല പരിപാടികൾ നടത്തുന്നു. ഈ പരിപാടിയിൽ പ്രതിവർഷം 5 ലക്ഷം യുവജനങ്ങളും 6000 ക്ലബ്ബുകളും പങ്കെടുക്കുന്നു. വിജയികൾക്ക് പ്രാദേശിക സർക്കാർ തലത്തിലും ജില്ലാതലത്തിലും ക്യാഷ് പ്രൈസും സംസ്ഥാന തലത്തിൽ ഉയർന്ന പോയിന്റ് നേടുന്ന വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള ട്രോഫിയും നൽകും.

കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് (കെ.വി.വൈ.എഫ്) 

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ യുവജന സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സന്നദ്ധ സേനയാണ് കെ.വി.വൈ.എഫ്. സേനയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 1,15,000 യുവാക്കളിൽ, 3,000 യുവാക്കൾക്ക് പരിശീലനം നൽകി 14 ജില്ലകളിലായി സന്നദ്ധസേന രൂപീകരിക്കുകയും ചെയ്തു. കെ.വി.വൈ.എഫിന്റെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കും. പ്രാദേശിക സർക്കാർ തലത്തിലേക്ക് ശക്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ തലത്തിൽ ഒരു യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരിക്കുകയും അവർക്ക് പരിശീലനം നൽകുകയും വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അവരെ സജ്ജരാക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. 

യുവജന കമ്മീഷന്റെ പദ്ധതികൾ/ പ്രവർത്തനങ്ങൾ

മദ്യം-മയക്കുമരുന്ന് ദുരുപയോഗം,റാഗിംഗ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവയ്‌ക്കെതിരെയും റോഡു സുരക്ഷ, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചും കോളേജുകളിലും പട്ടികജാതി/പട്ടികവർഗ്ഗ കോളനികളിലും ബോധവത്ക്കരണ പരിപാടികൾ നടത്തി വരുന്നു.എല്ലാ ജില്ലകളിലും യുവജന അവകാശ സംരക്ഷണം മുൻനിർത്തി നിരവധി അദാലത്തുകളും സിറ്റിംഗുകളും നടത്തി വരുന്നു. രാജ്യത്ത് തന്നെ ആദ്യമായി ട്രാൻസ്ജെൻഡർ അദാലത്ത് സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച യുവ തലമുറയിൽ പെട്ട പ്രതിഭകൾക്ക് എല്ലാ കൊല്ലവും യൂത്ത് ഐക്കൺ പുരസ്‌കാരം നൽകി വരുന്നു.

യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ

സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നോക്കം നിൽക്കുന്ന യുവജനങ്ങളിൽ നിയമ സഹായം ആവശ്യമുള്ളവർക്കായി ഒരു ടോൾഫ്രീ നമ്പറിലൂടെ സേവനം നൽകുന്നതിനുള്ള പദ്ധതി കേരള സംസ്ഥാന യുവജന കമ്മീഷൻ നടപ്പിലാക്കിയ പദ്ധതിയാണ് യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ. നിയമ വിദഗ്ദരുടെ ഒരു പാനൽ രൂപപ്പെടുത്തി ടോൾഫ്രീ നമ്പറിലൂടെ ആവശ്യക്കാർക്ക് നിയമസഹായം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 ദേശീയ യുവജന ദിനാഘോഷം

ദേശീയ യുവജനദിനപരിപാടി വിപുലമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി പൊതു ചടങ്ങുകൾ, വാഹനറാലി, മറ്റ് പരിപാടികൾ എന്നിവ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് വരുന്നു. യുവാക്കളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ യുവജന സംഘടനകളുമായും മറ്റും ചർച്ചകൾ, സംവാദങ്ങൾ യോഗങ്ങൾ എന്നിവയും നടത്തുന്നു.

മഹിളാ മന്ദിര നിവാസികളായ സ്ത്രീകൾക്കുള്ള പരിശീലനം

അക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരകളായി നിർഭയാഹോം, ആഫ്റ്റർ കെയർ ഹോം, തുടങ്ങിയ സർക്കാർ സംവിധാനങ്ങളിലെ അന്തേവാസികളായ പെൺകുട്ടികൾ 21 വയസ്സു പൂർത്തിയാകുമ്പോൾ സർക്കാർ മഹിളാമന്ദിരങ്ങളിൽ എത്തുന്നു. ഇങ്ങനെയുള്ള യുവതികളെ തൊഴിൽ പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷൻ ഒരു പദ്ധതി നടപ്പിലാക്കി. ഇതിനായി മഹിളാമന്ദിരത്തിൽ നിന്നും 18-25 നും മദ്ധ്യേ പ്രായമുള്ള യുവതികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിന് കമ്മീഷൻ ധനസഹായം നൽകുന്നുണ്ട്

 ഗ്രീൻ യൂത്ത് പദ്ധതി

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലിനെക്കുറിച്ച് ബോധവൽക്കരണം എന്നിവയ്ക്കുവേണ്ടി സേവന സന്നദ്ധരായ ഒരുകൂട്ടം യുവജനങ്ങളെ കണ്ടെത്താനും അവർക്ക് പരിശീലനം നൽകി സർക്കാരിന്റെ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുമുള്ള ഒരു പദ്ധതിക്ക് യുവജന കമ്മീഷൻ രൂപം നൽകിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കു വേണ്ടി എല്ലാ ജില്ലകളിൽ നിന്നും ഓരോ സന്നദ്ധപ്രവർത്തകരെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്.

 വിർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

കമ്മീഷന്റെ ചുമതലകളുടെ നിർവഹണത്തിന്റെ ഭാഗമായി മുൻവർഷങ്ങളിൽ ജോബ് പോർട്ടൽ കെൽട്രോൺ മുഖേന നടപ്പിലാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളെയും ഉദ്യോഗദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സൗജന്യ തൊഴിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ആണ് ജോബ് പോർട്ടൽ. ഈ ഓൺലൈൻ പോർട്ടൽ പദ്ധതിയുടെ തുടർ നടത്തിപ്പിനും കൂടുതൽ സൌകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ജോബ് ഫെസ്റ്റ് നടത്തുന്നതിനും വെബ് സൈറ്റ് അപ്‌ഡേഷൻ, സോഷ്യൽ മീഡിയ അപ്‌ഡേഷൻ തുടങ്ങിയ പരിപാടികൾ നടപ്പിലാക്കുന്നതിന് ബിരുദധാരിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരാളെ വെബ് അഡ്മിനിസ്ട്രറ്ററായി നിയമിച്ചിട്ടുണ്ട്. കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോബ് ഫെസ്റ്റ് നടത്തുന്നതിനും കമ്മീഷൻ ഉദ്ദേശിക്കുന്നു. അതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-07-2022

ലേഖനം നമ്പർ: 668

sitelisthead