ജനകീയമായ കായിക വിനോദങ്ങൾ

ക്രിക്കറ്റ്

1790ൽ തലശേരിയിൽ ബ്രിട്ടീഷ് കേണൽ ആർതർ വെല്ലസ്ലിയും സംഘവുമാണ് ആദ്യമായി ക്രിക്കറ്റ് കേരളത്തിലേക്ക് കൊണ്ടുവന്നത്.  1860ൽ തലശേരിയിൽ ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കുകയും രണ്ടാം ലോക മഹായുദ്ധകാലത്തു തലശേരി ക്രിക്കറ്റ് മൈതാനത്ത് ഫണ്ട് സമാഹരണത്തിനായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നതായും ചരിത്ര രേഖകളിൽ പറയുന്നു. ടിനു യോഹന്നാനും എസ്. ശ്രീശാന്തും സഞ്ജു വി. സാംസണുമെല്ലാം ക്രിക്കറ്റിൽ  കേരളത്തെ പ്രതിനിധീകരിച്ചു രാജ്യത്തിനായി രംഗത്തിറങ്ങിയിട്ടുള്ളവരാണ്. 

ഫുട്‌ബോൾ

കേരളത്തിലെ ഏറ്റവും ജനപ്രിയമായ കളികളിലൊന്നാണ് ഫുട്ബോൾ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മലയാളികൾ ഫുട്‌ബോൾ കളിച്ചു തുടങ്ങിയത്. പ്രതിഭാശാലികളായ ധാരാളം ഫുട്‍ബോൾ താരങ്ങളെ രാജ്യത്തിനു നൽകാൻ കേരളത്തിനായിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ ഉൾപ്പടെ കേരളം തങ്ങളുടെ ഫുട്‍ബോൾ മികവ് പലകുറി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, തോമസ് വർഗീസ്, ടി.കെ.എസ്. മണി, ടി. അബ്ദുൾ റഹ്‌മാൻ, കോട്ടയം സാലി, ഒ. ചന്ദ്രശേഖരൻ, കെ. അജയൻ, കെ.ടി. ചാക്കോ, അനസ് എടത്തൊടിക, എൻ.പി. പ്രദീപ്, മുഹമ്മദ് റാഫി, സി.വി. പാപ്പച്ചൻ എന്നിവർ അവരിൽ ചിലരാണ്.

വോളിബോൾ

1925 വര്‍ഷത്തോടുകൂടി കേരളത്തില്‍ വോളിബോള്‍ കളി ആരംഭിച്ചിട്ടുണ്ടെങ്കിലും, അതിനു ശരിക്കുള്ള പ്രചാരം ലഭിച്ചത്‌ 1932 കാലഘട്ടത്തിലാണ്‌. വോളിബോളിന്നു ഏറ്റവും പ്രചാരം നാട്ടുമ്പുറങ്ങളിലായിരുന്നു. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി തെരഞ്ഞെടുക്കപെട്ട ജിമ്മി ജോർജ്ജ് ഉൾപ്പടെയുള്ള താരങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിനായി.

അത്‌ലറ്റിക്‌സ്

അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവുമധികം കായിക താരങ്ങളെ കേരളം സമ്മാനിച്ചതു അത്‌ലറ്റിക്‌സിലൂടെയാണ്. 1920 - ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത, ആദ്യമലയാളി ഒളിമ്പ്യൻ സി.കെ. ലക്ഷ്മണൻ, ഏഷ്യയിലാദ്യമായി എട്ടു മീറ്റർ ചാടിയ ടി. സി. യോഹന്നാൻ, നാല് ഇനങ്ങളിൽ വളരെക്കാലം ദേശീയ ചാമ്പ്യനായിരുന്ന സുരേഷ് ബാബു, ഏഷ്യയിലെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളിൽ ഒരാളായ പി. ടി. ഉഷ, നിരവധി ഏഷ്യൻ ഗെയിംസ് മെഡലുകൾ നേടിയ ഷൈനി എബ്രഹാം, കെ. എം. ബീനാമോൾ, ലോക അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം അഞ്ജു ബോബി ജോർജ്ജ്, അർജ്ജുന അവാർഡ് ജേതാവ് സിനിമോൾ തോമസ് തുടങ്ങി നിരവധി താരങ്ങളെയാണ് കേരളം സംഭാവന ചെയ്തിട്ടുള്ളത്. നീന്തലും ചെസ്സും ഷട്ടിലും ഹോക്കിയും, കബഡിയും ഉൾപ്പടെ നിരവധി കായികമേഖലകളിൽ കേരളം ഇന്ന് സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്.

വള്ളംകളി

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സർക്കാർ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്.

പ്രശസ്തമായ വള്ളംകളികൾ

ഉതൃട്ടാതി വള്ളംകളി - ആറന്മുള, പത്തനംതിട്ട
നെഹ്‌റു ട്രോഫി വള്ളംകളി - ആലപ്പുഴ
മൂലം വള്ളംകളി - ചമ്പക്കുളം
കല്ലടജലോത്സവം കൊല്ലം
കുമരകം വള്ളംകളി
പായിപ്പാട് ജലോത്സവം - ഹരിപ്പാട്
നീരേറ്റുപുറം പമ്പാ ജലോത്സവം - നീരേറ്റുപുറം
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി അഷ്ടമുടിക്കായൽ, കൊല്ലം
കാനെറ്റി ശ്രീനാരായണ ജലോത്സവം കരുനാഗപ്പള്ളി, കൊല്ലം
താഴത്തങ്ങാടി വള്ളംകളി, കോട്ടയം.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 26-12-2023

ലേഖനം നമ്പർ: 666

sitelisthead