മലയാളം മിഷൻ

പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളം മിഷന്‍റെ പ്രവര്‍ത്തനം വിവിധ പ്രവാസി മേഖലകളില്‍ ആരംഭിച്ചത് 2009ലാണ്. കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്‌സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്‌സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ലോമ കോഴ്‌സ്). 30 രാജ്യങ്ങളിലായി 30,327 വിദ്യാര്‍ത്ഥികള്‍ പഠിതാക്കളുള്ള മലയാളം മിഷന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതാത് സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പഠനകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്.  പ്രത്യേക പരിശീലനം കൊടുത്താണ് മലയാളം മിഷന്‍ അധ്യാപകരെ പഠനപ്രവര്‍ത്തനത്തിനായി തെരഞ്ഞെടുക്കുന്നത്. ഈ അധ്യാപകര്‍ പൂര്‍ണ്ണമായും സന്നദ്ധസേവനം അനുഷ്ഠിക്കുന്നവരാണ്.

മലയാളം മിഷൻ നൽകുന്ന സേവനങ്ങൾ

മലയാള പഠനത്തിനായി കോഴ്സുകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലുപരി ഈ പഠനകേന്ദ്രവും സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് പദ്ധതികളും മലയാളം മിഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പഠനകേന്ദ്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയവ ഇവയില്‍ ചിലതാണ്.


പൂക്കാലം വെബ് മാഗസിന്‍ - മലയാളം മിഷന്‍റെ പാഠ്യപദ്ധതികളെ പിന്തുണയ്ക്കുന്നതിനും സാഹിത്യ സാംസ്കാരിക ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും എല്ലാ മാസവും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന മാ​ഗസിനാണ് പൂക്കാലം.

റേഡിയോ മലയാളം - ലോകത്തുള്ള എല്ലാ മലയാളികളിലേക്കും മലയാള ഭാഷയുടെയും സംസ്കാരത്തിന്‍റെയും ചരിത്രവും പുതുരുചികളും എത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് റേഡിയോ മലയാളം.

സുവനീര്‍ഷോപ്പ് - മലയാളം ഒരു ഭാഷ മാത്രമല്ല. ഒരു ദേശവും സംസ്കാരവും കൂടിയാണ്. ഈ കേരളത്തിന്‍റെയും മലയാളത്തിന്‍റെയും സുവനീറുകളായി ഭാഷയെയും സാഹിത്യത്തെയും അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് സുവനീര്‍ ഷോപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

മലയാളം മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് - ലോകത്തെവിടെനിന്നും ആര്‍ക്കും ഓണ്‍ലൈനായി മലയാളം പഠിക്കുന്നതിന് സഹായിക്കുന്നതിനായി ഭൂമിമലയാളം മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. 

മലയാളഭാഷാ പ്രതിഭാപുരസ്കാരം- ആധുനിക സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന് മലയാള ഭാഷയെ സജ്ജമാക്കുന്നതില്‍ പ്രകടിപ്പിക്കുന്ന മികവിന് മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് മലയാള ഭാഷാ പ്രതിഭാ പുരസ്കാരം. 50,000/- രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-08-2022

ലേഖനം നമ്പർ: 705

sitelisthead