നോർക്ക

വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, പ്രവാസികളെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ  വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്ക (NORKA: the Non Resident Keralites Affairs Department ).നോർക്ക വകുപ്പിന്റെ കീഴിൽ നോർക്ക-റൂട്ട്സ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്.

എന്താണ് നോര്‍ക്കാ- റൂട്ട്‌സ്?

സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തത്തോടെ പ്രവാസി കേരളീയകാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്ക- റൂട്ട്‌സ് എന്ന സ്ഥാപനമാണ് നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

ഒഡെപെക്

കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയാണ് ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC). വിദേശകാര്യമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനം 1977ലാണ് സ്ഥാപിതമായത്. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്കും വിദഗ്ധ, അർദ്ധവിദഗ്ധ, അവിദഗ്ദ വിഭാഗം തൊഴിലാളികൾക്കും വിദേശ രാജ്യങ്ങളിൽ തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് പ്രവർത്തിക്കുന്നത്.മെഡിക്കൽ, എൻജിനിയറിങ്, അധ്യാപനം, ഹ്യൂമൻ റിസോഴ്സ് തുടങ്ങി വിവിധ  മേഖലകളിലെ തൊഴിലുകളിലാണ് ഒഡെപെക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

ഒഡെപെക് മുഖേന റിക്രൂട്ട്‌മെൻറ് നടത്തുന്ന വിദേശ സർക്കാർ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിച്ചതുവഴി കൂടുതൽ പേർക്ക് മികച്ച ജോലി ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. വിസ തട്ടിപ്പ്, ശമ്പളം തടഞ്ഞുവയ്ക്കൽ  ഉൾപ്പെടെയുള്ള ചൂഷണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായി വിദേശ തൊഴിൽ ലഭ്യമാക്കാൻ ഒഡെപെക് വലിയ പിന്തുണയാണ് നൽകുന്നത്. ജർമ്മനിയിലേക്ക് നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റ നടത്തുന്നതിനായി ജർമ്മൻ ഭാഷയിൽ ഓൺലൈൻ, ഓഫ്ലൈൻ കോഴ്സുകളും ഒഡെപെക് നടപ്പാക്കുന്നു. ഇതിനുപുറമെ ഇംഗ്ലീഷ് സംസാരഭാഷയായ രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് IELTS / OET പരീക്ഷാ പരിശീലനവും ഒഡെപെക് വഴി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ ഇത്തരത്തിൽ 1826 പേർക്ക് ഈ കോഴ്സുകളിൽ പരിശീലനം നൽകി. യു.എസ്.എ, കാനഡ, ആസ്ട്രേലിയ, യു.കെ, ന്യൂസിലാൻഡ്, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിനു അവസരം ലഭ്യമാക്കുന്നതിനുള്ള സ്റ്റഡി എബ്രോഡ് പദ്ധതിയും ഒഡെപെക് ആരംഭിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-08-2022

ലേഖനം നമ്പർ: 704

sitelisthead