ആശയവിനിമയത്തിനപ്പുറം ഒരു നാടിന്റെ തനിമയും, പ്രത്യേകതകളും  പ്രതിഫലിപ്പിക്കുന്ന മാധ്യമം കൂടിയാണ് ഭാഷ. ലോകത്ത് ഏഴായിരത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എല്ലാ ഭാഷകൾക്കും അതിന്റേതായ സൗന്ദര്യവും സംസ്‌കാരവുമുണ്ട്. ഇത്തരം സവിശേഷതകളെയും വൈവിധ്യങ്ങളേയും ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത്. ‘അതിർത്തികളില്ലാതെ ഭാഷകൾ’ എന്നതാണ് ഈ വർഷത്തെ ലോക മാതൃ ഭാഷാ ദിനത്തിന്റെ പ്രമേയം. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷകളിലൊന്നാണ്  മലയാളം. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളം നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ്.  മലയാള ഭാഷയും ശെെലിയും ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമായി ആധുനിക തലമുറയിൽ എത്തി നിൽക്കുമ്പോൾ ശ്രേഷ്ഠ പദവിയും ഭരണ ഭാഷ മലയാളമാക്കാനുള്ള തീരുമാനവുമൊക്കെ മലയാളികളുടെ ഭാഷാ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. ലോക മാതൃഭാഷാ ദിനം സമുചിതമായി ആഘോഷിക്കാൻ വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  മൂന്ന് ലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെടുന്ന മലയാളം നിഘണ്ടു മൊബൈല്‍ ആപ്പ് (https://malayalanighandu.kerala.gov.in/) പുറത്തിറക്കിയിട്ടുണ്ട്. ICFOSS ഉം (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍) ചേര്‍ന്ന് തയ്യാറാക്കിയ ആപ്പ് ശബ്ദതാരാവലി, കേരള സര്‍വകലാശാല മലയാളം ലെക്‌സിക്കന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള ഭാഷാ നിഘണ്ടു എന്നിവ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്. ആര്‍ക്കും പുതിയ വാക്കുകള്‍ നിര്‍ദേശിക്കാനാവും വിധമാണ് രൂപകല്‍പ്പന. പ്രാദേശിക മൊഴികള്‍, മറ്റു സവിശേഷതകള്‍ എന്നിവ ശേഖരിച്ച് മൊബൈല്‍ ആപ്പ്  പരിഷ്‌കരിക്കാനും സാധിക്കും.

മാതൃഭാഷ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്റെ നവീകരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ (പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്‌സ്) ഒരു വർഷം ദൈർഘ്യമുള്ള കോഴ്സായാണ് പരിഷ്‌കരിച്ചത്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.പതിനേഴ് വയസ് പൂർത്തിയായവർക്കു വേണ്ടി തയ്യാറാക്കിയ അടിസ്ഥാനകോഴ്സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്‌സിൽ ചേർന്ന് പഠിക്കാം.

മലയാളഭാഷ അനായാസം പ്രയോഗിക്കാൻ അവസരമൊരുക്കുക, മലയാളം പഠിക്കാത്ത വിദ്യാർഥികൾക്ക് മലയാളം പഠിക്കാനും പ്രയോഗിക്കാനുമുള്ള ക്ഷമതയുണ്ടാക്കുക. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിർവഹണത്തിന് മലയാളം അറിയാത്ത ജീവനക്കാരെ അതിന് പ്രാപ്തരാക്കുക. ഇതരസംസ്ഥാനങ്ങളിൽനിന്നോ, മറ്റ് രാജ്യങ്ങളിൽനിന്നോ വന്ന് കേരളത്തിൽ താമസിക്കുന്നവർക്ക് മലയാളം പഠിക്കാനുള്ള അവസരം നൽകുക എന്നിവയാണ് കോഴ്സിന്റെ ലക്ഷ്യം.

മലയാളഭാഷ, സാഹിത്യം, കല എന്നിവയിൽ അഭിരുചി വളർത്തുക, സൃഷ്ടികൾ ആസ്വദിക്കാനുള്ള വഴിയൊരുക്കുക, ഭാഷാന്യൂനപക്ഷങ്ങൾക്ക് മലയാളപഠനം സാധ്യമാക്കുക. ഭാഷാസാങ്കേതികവിദ്യയിൽ നൈപുണിയുണ്ടാക്കുക. സമ്പർക്കപഠനം, വായനാശീലം തുടങ്ങിയവയിലൂടെ മലയാളഭാഷയുടെ വ്യാപനവും വളർച്ചയും സാധ്യമാക്കുക, ഭരണനിർവഹണത്തിന്റെ ജനാധിപത്യവൽകരണം നടപ്പാക്കുക, മാതൃഭാഷാപഠനത്തിലൂടെ മാനവവിഭവശേഷി വർധിപ്പിച്ച് നാടിന്റെ വികസനം സാധ്യമാക്കുക, മലയാളഭാഷാപഠനത്തിലൂടെ വൈജ്ഞാനികസമ്പത്ത് വളർത്തുക തുടങ്ങിയവയാണ് പച്ചമലയാളം കോഴ്‌സിന്റെ മറ്റുലക്ഷ്യങ്ങൾ. പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ പാഠപുസ്തകത്തിൽ മലയാളഭാഷ സാഹിത്യം, സംസ്‌കാരം, കല, കായികരംഗം, മാധ്യമ രംഗം, കേരളത്തിന്റെ ചരിത്രം, പരിസ്ഥിതി, ഭൂപ്രകൃതി. മലയാളിയുടെ ദൈനംദിന ജീവിതവ്യവഹാരങ്ങൾ എന്നിവ ഉൾച്ചേർത്തിരിക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി അതിന് പ്രാധാന്യം നല്‍കുകയും സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് മാതൃഭാഷാദിനാഘോഷം ഊർജം പകരും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-21 15:44:40

ലേഖനം നമ്പർ: 1318

sitelisthead