നവകേരള നിര്‍മ്മിതിക്കുള്ള പുതിയ ചുവടുവെയ്‌പിന്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ജനങ്ങളുമായി മുഖ്യമന്ത്രി മുഖാമുഖം നടത്തുന്ന 'നവകേരള കാഴ്ചപ്പാടുകള്‍' എന്ന പരിപാടിക്ക് തുടക്കം കുറിച്ച് സർക്കാർ. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍ / വയോജനങ്ങള്‍, തൊഴില്‍മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് സംസ്ഥാനത്തെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ ആവശ്യമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും സാധ്യമാവുന്ന പരിപാടി ഫെബ്രുവരി 18 ന് ആരംഭിക്കും. യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയമാകും. യുവജനക്ഷേമത്തിലും തൊഴില്‍ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ വേണ്ട ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള അവസരം ഇതുവഴിയൊരുങ്ങും. യൂറോപ്യന്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത നിലവാരവും അത്യാധുനിക പശ്ചാത്തല സൗകര്യങ്ങളുമുള്ള ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
കൂടുതല്‍ മെച്ചപ്പെട്ട ജീവിത നിലവാരവും ക്ഷേമ പദ്ധതികളും വ്യവസായ നിക്ഷേപവും പൊതു വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുമുള്ള ഒരു നവകേരളത്തെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും വിശകലനം ചെയ്യുകയും സംസ്ഥാനത്തിന്റെ ഭാവി പദ്ധതികളും നയങ്ങളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യു കയെന്നതും പരിപാടിയുടെ ബൃഹത്തായ ലക്ഷ്യമാണ്. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തും. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍/ വയോജനങ്ങള്‍, തൊഴില്‍മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കും. 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഫെബ്രുവരി 18ന് നടക്കുന്ന വിദ്യാര്‍ത്ഥി സംഗമത്തോടെയാണ് മുഖാമുഖ പരിപാടി ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ എല്ലാ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. അക്കാദമിക് രംഗത്തും പ്രൊഫഷണല്‍ രംഗത്തും കല, സാംസ്‌കാരിക, സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയമാകും. യുവജനക്ഷേമത്തിലും തൊഴില്‍ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ വേണ്ട ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള അവസരം ഒരുങ്ങും. വനിതകളുമായുള്ള മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡന്റുമാര്‍, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കര്‍ഷകര്‍, വനിതാ അഭിഭാഷകര്‍, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താനുമുള്ള ആശയങ്ങള്‍ ഈ മുഖാമുഖ വേദിയില്‍ പങ്കുവയ്ക്കപ്പെടും.
ആദിവാസി ദളിത് വിഭാഗങ്ങള്‍, ഭിന്നശേഷി, വയോജന പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖ പരിപാടിയില്‍ അതാത് മേഖലകളിലുണ്ടാകേണ്ട മാറ്റങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡലം, സിനിമ, നാടന്‍കല എന്നീ മേഖലകളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ മതമൈത്രിയ്ക്കും സാഹോദര്യത്തിനും ശാസ്ത്രബോധത്തിനും മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കാനുള്ള സാധ്യതകളും കലാകാരന്മാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള ആശയങ്ങളുമെല്ലാം ഈ സംവാദത്തിന്റെ ഭാഗമാകും. കാര്‍ഷികമേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖം പുനരുജ്ജീവന മാര്‍ഗങ്ങള്‍ ആരായും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയും കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ക്ഷേമവും ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍ ആകും. തൊഴില്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായി ആധുനിക തൊഴില്‍ മേഖലയിലേയ്ക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ യുവത്വത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. വിവിധ മേഖലകളിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും ആഴത്തില്‍ മനസിലാക്കുന്നതിനും അതിനുതകുന്ന പദ്ധതി നയരൂപീകരണം സാധ്യമാക്കുകയും ചെയ്യുന്ന പരിപാടിയായി ഈ മുഖാമുഖങ്ങള്‍ മാറും.
സമയക്രമം
തിയതി |
സ്ഥലം |
മുഖാമുഖം |
18/02/2024 |
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് |
വിദ്യാർത്ഥികൾ |
20/02/2024 |
തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്റർ |
യുവജനങ്ങൾ |
22/02/2024 |
എറണാകുളം സിയാൽ കൺവെൻഷൻ സെന്റർ |
വനിതകൾ |
24/02/2024 |
കണ്ണൂര്‍ ദിനേശ് ആഡിറ്റേറിയം |
ആദിവാസികൾ , ദളിത് വിഭാഗങ്ങൾ |
25/02/2024 |
തൃശൂര്‍ ലുലു കൺവെൻഷൻ സെന്റർ |
സാംസ്കാരിക പ്രവർത്തകർ |
26/02/2024 |
തിരുവനന്തപുരം ആർ ഡി ആർ കൺവെൻഷൻ സെന്റർ |
ഭിന്നശേഷിക്കാർ |
27/02/2024 |
തിരുവനന്തപുരം ശങ്കരനാരായണൻ തമ്പി ഹാൾ |
സീനിയർ സിറ്റിസൺ |
29/02/2024 |
കൊല്ലം യൂനിസ് കൺവെൻഷൻ സെന്റർ |
തൊഴിലാളി മേഖല |
02/03/2024 |
ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്റർ |
കാർഷിക മേഖല |
03/03/2024 |
എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം |
റെസിഡൻസ് അസോസിയേഷൻ |
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-17 16:53:37
ലേഖനം നമ്പർ: 1307