ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാനത്ത് പൂർത്തിയായി. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 25 പേർ വനിതകളാണ്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14).  അഞ്ച് സ്ഥാനാർത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം: തിരുവനന്തപുരം 12 (പിൻവലിച്ചത് 1), ആറ്റിങ്ങൽ 7(0),  കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂർ 9(1), ആലത്തൂർ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂർ 12(0), കാസർകോട് 9(0) എന്നിങ്ങനെയാണ്. 

അന്തിമ വോട്ടർപട്ടികയിലെ കണക്ക് അനുസരിച്ച്   സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടർമാരാണുള്ളത്. ഇതിൽ 5,34,394 കന്നിവോട്ടർമാരാണ്.  ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. ആകെ പ്രവാസി വോട്ടർമാർ -89,839, കൂടുതൽ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (33,93,884), കുറവ് വോട്ടർമാർ ഉള്ള ജില്ല - വയനാട് (6,35,930). വോട്ടർ പട്ടിക പരിശോധിക്കാൻ https://electoralsearch.eci.gov.in/  സന്ദർശിക്കുക 


30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54)  കേരളത്തിലുള്ളത്.  30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിന്  ഉപയോഗിക്കുന്നത്. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ ‍30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. 


തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂർത്തീകരിക്കാൻ സംസ്ഥാനത്ത് 50 തിരഞ്ഞെടുപ്പ് നിരീക്ഷകരാണ് പ്രവർത്തിക്കുന്നത്. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പോലീസ് നിരീക്ഷകരുമാണുളളത്. ഒരോ ലോക്‌സഭാ മണ്ഡലത്തിനും ഒരാൾ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങൾക്ക് ഒരാൾ വീതം പോലീസ് നിരീക്ഷകരുമാണുള്ളത്.ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അടയാളമാണ് മഷിപുരണ്ട ചൂണ്ടുവിരൽ. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകൾ തടയാൻ ഈ സംവിധാനത്തിനാകും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാൻ.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സു​ഗമവും സുതാര്യവുമായ നടത്തിപ്പിനായി വിവിധ ആപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.  സി വിജിൽ (cVIGIL) മൊബൈൽ ആപ്പുവഴി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച  ഏതുതരം പരാതികളും യഥാസമയം നൽകാൻ കഴിയും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക്  കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാം. നാമനിർദേശ പത്രികക്കൊപ്പം സ്ഥാനാർഥി സമർപ്പിച്ച സത്യവാങ്മൂലം ഡൗൺലോഡ് ചെയ്യാനും കഴിയും.  ഭിന്നശേഷി വോട്ടർമാരുടെ രജിസ്‌ട്രേഷൻ മുതൽ വോട്ടെടുപ്പ് ദിനത്തിൽ വീൽചെയർ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകുന്നത് വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി  സക്ഷം ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി  'എ എസ് ഡി മോണിട്ടർ സിഇഒ കേരള' എന്ന ആപ്പും, വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കിൽ വിരൽതുമ്പിൽ എത്തിക്കുന്നതിന് വോട്ടർഹെൽപ്പ് ലൈൻ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാർത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും.  


മോക്ക്‌പോൾ ഇങ്ങനെ

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർ മുമ്പാണ് മോക്ക്‌പോൾ നടത്തുന്നത്. വോട്ടെടുപ്പ്  ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്  കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തി കൺട്രോൾ യൂണിറ്റിൽ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്‌പോൾ പ്രക്രിയ ആരംഭിക്കുന്നത്. കൺട്രോൾ യൂണിറ്റിലെ ഡിസ്‌പ്ലേ എല്ലാ സ്ഥാനാർഥികൾക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോൾ കാണിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാർട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസർ  ബോധ്യപ്പെടുത്തുന്നു . അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോൾ നടത്തുന്നു. തുടർന്ന് കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നു. 

ഇതിന് ശേഷം യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക് പോൾ ഫലം മായ്ക്കാൻ പ്രിസൈഡിംഗ് ഓഫീസർ 'ക്ലിയർ ബട്ടൺ' അമർത്തുന്നു. തുടർന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ കൺട്രോൾ യൂണിറ്റ് ഡിസ്പ്ലേയിൽ പൂജ്യം വോട്ടുകൾ കാണിക്കുന്നതിന് 'ടോട്ടൽ' ബട്ടൺ അമർത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാർട്ട്മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൺട്രോൾ യൂണിറ്റും വിവിപാറ്റും സീൽ ചെയ്യുന്നു.  ഇതിന് ശേഷമാണ് ബൂത്തിൽ യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.

തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയ്ക്കു പകരമായി  വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ  വോട്ടിംഗിനായി  ഉപയോഗിക്കാം. 13 തിരിച്ചറിയൽ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.  വോട്ടർ ഐഡി കാർഡ് (ഇ.പി.ഐ.സി) കൂടാതെ ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാർഡ്, സർവീസ് ഐഡന്റിറ്റി കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻ.പി.ആർ. സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എം.പി./എം.എൽ.എ./എം.എൽ.സി.ക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകൾ. തിരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 2122 ക്യാമറകളുപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷണം നടത്തിവരുന്നുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കും. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കുന്നുണ്ട്.  20 ലോക്സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.  പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിവസം ബൂത്തുകളിലും ക്യാമറകൾ സ്ഥാപിച്ച് തത്സമയ നിരീക്ഷണം നടത്തും. സ്ട്രോംഗ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഒരുക്കും.

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി 

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചു വരുന്നു. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പോലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കും. തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി നിർബന്ധമാണ്.  

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ

 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിൽ അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണം.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു. ഏപ്രിൽ 25 വരെ വീട്ടിൽ വോട്ട് തുടരും.തിരഞ്ഞെടുപ്പ് പ്രക്രിയ സു​ഗമമമായും കുറ്റമറ്റ രീതിയിലും നടപ്പാക്കുന്നതിന് വിപുലമായ സജീകരണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് സ്റ്റേഷനിലെത്തുന്നവർക്കായി എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കി കഴിഞ്ഞു. ചൂടിനെ നേരിടാൻ കുടിവെള്ളം, വെയിലിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ,സൈൻ ബോർഡുകൾ, ശുചിമുറികൾ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-04-23 16:41:41

ലേഖനം നമ്പർ: 1385

sitelisthead