തൊഴിൽ നൈപുണ്യ ഗവേഷണ പ്രവർത്തനങ്ങളിലൂടെ വിജ്ഞാന സമൂഹത്തിലേക്ക് ചുവടുവെയ്ക്കുന്നതിനു  ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി പരിഷ്‌കരിച്ച് കേരളം . ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർട്സ് & സയൻസ് കോളേജുകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തുതന്നെ അനന്യമായ മാതൃകയാണ്.കേരളത്തെ ജനപക്ഷ വൈജ്ഞാനിക സമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന് അനുബന്ധമായി ഏകീകൃത അക്കാദമിക് കലണ്ടർ ‌തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ് ആരംഭിക്കുക. 

ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടർവിദ്യാഭ്യാസവും ഉൾക്കൊള്ളുന്ന  സമഗ്ര പരിഷ്കരണമാണ് കേരളത്തിൽ നടപ്പാക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് ബിരുദ കരിക്കുലം പരിഷ്കരണം. യുജിസി  മുന്നോട്ടു വെച്ചിരിക്കുന്ന മിനിമം ക്രെഡിറ്റ്, കരിക്കുലം എന്നീ ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ടും കേരളത്തിന്റേതായ പ്രയോഗിക ബദലുകൾ കൂടി ഉൾച്ചേർത്തു കൊണ്ടുമാണ് കരിക്കുലം ചട്ടക്കൂട് രൂപീകരിച്ചിരിക്കുന്നത്. അറിവ് നേടുന്നതിനൊപ്പം, അറിവ് ഉല്പാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകൾ ആർജ്ജിക്കുന്നതിനും സംരംഭകത്വ താല്പര്യങ്ങൾ ജനിപ്പിക്കുന്നതിനും, അതുവഴി തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽ ദാതാക്കൾ എന്ന നിലയിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുന്നതിനും സഹായിക്കുന്ന വിധത്തിലാണ് ഈ കരിക്കുലം ഫ്രെയിം വർക്ക്. നി​ല​വി​ലെ രീ​തി​യി​ൽ മൂ​ന്ന്​ വ​ർ​ഷം കൊ​ണ്ട്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സ​രം നി​ല​നി​ർ​ത്തി​യാ​ണ്​ ഓ​ണേ​ഴ്​​സ്​ ബി​രു​ദം ന​ൽ​കു​ന്ന നാ​ല്​​ വ​ർ​ഷ കോ​ഴ്​​സി​ന്​ തു​ട​ക്ക​മാ​കു​ന്ന​ത്. 

എന്താണ് നാലുവർഷ ബിരുദം? 

മൂന്നുവർഷ ബിരുദത്തിനോടൊപ്പം ഒരു വർഷം കൂടുതൽ പഠിക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് അക്കാദമിക താൽപ്പര്യങ്ങളും കരിയർ ലക്ഷ്യങ്ങളും അനുസരിച്ച് ബിരുദ പ്രോഗ്രാം രൂപകൽപ്പന ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, നിലവിൽ കെമിസ്ട്രിക്ക് ഒപ്പം ഫിസിക്‌സും കണക്കും നിർബന്ധമായും പഠിക്കേണ്ടി വന്നിരുന്നെങ്കിൽ, പുതിയ സംവിധാനത്തിൽ കെമിസ്ട്രിക്ക് ഒപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും, അല്ലെങ്കിൽ സാഹിത്യവും സംഗീതവും, അല്ലെങ്കിൽ കെമിസ്ട്രി മാത്രം പഠിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കും. അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പഠനം രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്നതിനായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും അക്കാദമിക് കൗൺസിലർമാർ ഉണ്ടാകും.

പുതിയ സംവിധാനത്തിലൂടെ മൂന്നു വർഷം കൊണ്ട് ബിരുദവും നാലു വർഷം കൊണ്ട് ഓണേഴ്‌സ് ബിരുദവും നേടാം. രണ്ടര വർഷം കൊണ്ട് തന്നെ ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 'എൻ മൈനസ് വൺ' സംവിധാനം ഉപയോഗിക്കാം. പഠനത്തിനിടയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകൾ മാറ്റാൻ അനുവാദമുണ്ട്. ഗ​​വേ​ഷ​ണം കൂ​ടി നാ​ല്​ വ​ർ​ഷ കോ​ഴ്​​സി​ൻറെ ഭാ​ഗ​മാ​ക്കു​ന്ന​വ​ർ​ക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദമാണ് നൽകുക. ഇവർക്ക് പിജിയില്ലാതെ നേരിട്ട് പിഎച്ച്ഡി പ്രവേശനം നേടാനും നെറ്റ് പരീക്ഷ എഴുതാനും കഴിയും.  ഓണേഴ്‌സ് ബിരുദം നേടിയവർക്ക് പിജി പഠനത്തിന്റെ അവസാന വർഷത്തേക്ക് നേരിട്ട് പ്രവേശനം ലഭിക്കും (ലാറ്ററൽ എൻട്രി). 

റെഗുലർ കോളേജ് പഠനത്തോടൊപ്പം അവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ കോഴ്സുകൾ എടുക്കാനും, അവയുടെ ഫലങ്ങളായി ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോ​ഗിക്കാനും സാധിക്കും. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും വിദ്യാർത്ഥികൾ ആർജിച്ച ക്രെഡിറ്റും അവരുടെ പഠന പ്രോഗ്രാമിന്റെ ഭാഗമായി മാറ്റാൻ സാധിക്കും. നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കോഴ്സിന്റെ ഭാഗമാക്കുന്നതോടെ, അതിനായി സ്വീകരിക്കുന്ന ഇന്റേൺഷിപ്പുകളുടെ അടക്കം ബിരുദം/ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാനും സാധിക്കും. വിദ്യാർത്ഥികൾ നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം (ECTS) ആയിട്ടും അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സവിധാനമായിട്ടും ക്രെഡിറ്റ് കൈമാറ്റം സാധ്യമാകുന്ന വിധത്തിലായിരിക്കും. 

നിലവിലെ അദ്ധ്യാപന, പഠന രീതികളിൽ നിന്ന് വ്യത്യസ്തമായി, പുതിയ നാലുവർഷ ബിരുദ സംവിധാനം കോഴ്സുകളിൽ പഠനരീതികൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുന്നു. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്ക് അനുയോജ്യമായ രീതികൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. അതായത്, ഒരു സർവ്വകലാശാലക്ക് കീഴിലെ ഒരു കോളേജിൽ നടത്തപ്പെടുന്ന പോലെ ആവണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളേജിൽ പഠിപ്പിക്കപ്പെടുക. ഈ രൂപകൽപ്പനയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ അധ്യാപകർ ശ്രദ്ധിക്കും.പഠനത്തിനൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കുന്ന വിധത്തിലാണ് ഓരോ കോഴ്സും രൂപകൽപ്പന ചെയ്യുക. സാമൂഹ്യശാസ്ത്രം, മാനവികവിദ്യ, ഭാഷാ വിഷയങ്ങൾ പോലുള്ള മേഖലകളിൽ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തുന്നതിനും സാധ്യതയുണ്ട്.

പരീക്ഷ-മൂല്യനിർണയം

നാലുവർഷ ബിരുദ സംവിധാനത്തിന്റെ ഭാഗമായി പരീക്ഷയും മൂല്യനിർണയ രീതികളിലും സമൂലമായ മാറ്റം വരുത്തും. പരീക്ഷയുടെ ദൈർഘ്യം കുറയ്ക്കുന്നതോടൊപ്പം, ഓരോ വിഷയത്തിനും അനുയോജ്യമായി, കോഴ്‌സിലൂടെ വിദ്യാർത്ഥി ആർജിച്ച അറിവും നൈപുണിയും പരിശോധിക്കുന്ന തരത്തിലുള്ള പരീക്ഷാ രീതികൾ ഉണ്ടാകും. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാരീതികൾ ഉണ്ടായിരിക്കും. 

ആദ്യഘട്ടത്തിൽ എല്ലാ കോഴ്‌സുകളുടെയും ഇരുപത് ശതമാനം സിലബസ് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ തയ്യാറാക്കും. ഇത് പിന്നീട് ഘട്ടം ഘട്ടമായി ഉയർത്തും. ഇതിലൂടെ കോഴ്സുകൾ ആവശ്യാനുസരണം നവീകരിക്കാനും പുതിയ ഉള്ളടക്കങ്ങൾ സിലബസിൽ ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ, ഓരോ ക്യാമ്പസിന്റെയും പ്രത്യേകത അനുസരിച്ച് നൈപുണി ഉൾപ്പെടെയുള്ള ആവശ്യമായ ഉള്ളടക്കം ഉൾപ്പെടുത്താനും സാധിക്കും.

സേവനാവകാശ പത്രിക, ഹെൽപ്പ് ഡെസ്കുകൾ, ഏകീകൃത കലണ്ടർ

വിദ്യാർത്ഥികൾക്ക് കോഴ്സുകളുടെ തിരഞ്ഞെടുപ്പു സംബന്ധിച്ചും മറ്റ് സംശയങ്ങൾക്കും പ്രയാസങ്ങൾക്കും കാലതാമസമില്ലാതെ പരിഹാരം ലഭിക്കാൻ സർവ്വകലാശാലാ തലത്തിലും കോളേജ് തലത്തിലും ഹെൽപ്പ് ഡെസ്കുകൾ സംവിധാനം നൽകും. കൂടാതെ പരമാവധി സേവനങ്ങൾ ഓൺലൈനാക്കി വിദ്യാർത്ഥികൾക്ക് സൗകര്യം ഉറപ്പാക്കും.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സേവനാവകാശ പത്രികയും ഏകീകൃത അക്കാദമിക് കലണ്ടറും പുറത്തിറക്കും. ഈ ഏകീകൃത അക്കാദമിക് കലണ്ടർ പരീക്ഷകൾ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ സേവനങ്ങളും അവകാശങ്ങളും സർവ്വകലാശാല വ്യത്യാസമില്ലാതെ കൃത്യമായും സമയബന്ധിതമായും നടപ്പാക്കും.

നൈപുണ്യ വികസന കേന്ദ്രങ്ങൾ 

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യവിടവ് നികത്തുന്നതിനും  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല, വ്യവസായ സംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കുന്നതിനും എല്ലാ തലങ്ങളിലെയും ഉന്നത വിദ്യാഭ്യാസത്തിലേക്ക് നൈപുണ്യത്തെ സമന്വയിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്താൻ  സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിം​ഗ് (CSDCCP) കേന്ദ്രങ്ങൾ ആരംഭിക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ മൈനർ കോഴ്‌സുകൾക്ക് പകരം ഹ്രസ്വകാല നൈപുണ്യവികസന കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് പഠിക്കാം. ഈ കോഴ്‌സുകളിൽ നിന്നും ലഭിക്കുന്ന ക്രെഡിറ്റുകൾ ഓരോ വിദ്യാർത്ഥിയുടെയും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC) അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
 
ഈ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ നിർദ്ദിഷ്ട പ്രാദേശിക/ വ്യവസായാവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം സാധാരണ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ വിവിധ തലത്തിലുള്ള നൈപുണി വികസനത്തിനും പ്രത്യേക  തൊഴിൽ പരിശീലനത്തിനും സഹായകരമാകും. ഇതുവഴി സംസ്ഥാനത്തെ മൊത്തത്തിലുള്ള ഉന്നത വിദ്യാഭ്യാസ പരിസ്ഥിതിക്കും വിദഗ്ധ പ്രൊഫഷണലുകളുടെ വികസനത്തിനും വഴിയൊരുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-02 13:01:43

ലേഖനം നമ്പർ: 1438

sitelisthead