സംസ്ഥാനത്ത് ഉര്‍ജ്ജസ്വലവും സുസ്ഥിരവുമായ ഒരു കായിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്  'എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്' എന്ന ആശയം മുന്നോട്ട് വെച്ച് കേരളത്തിന്റെ പുതിയ  കായിക നയം. സംസ്ഥാനത്തിന്റെ കായികരംഗത്തെ പുനര്‍നിര്‍മിച്ച് ബഹുമുഖ വികസനം സാധ്യമാക്കുന്നതിനു 'കായികം എല്ലാവര്‍ക്കും', 'കായിക രംഗത്തെ മികവ്' എന്നീ അടിസ്ഥാന പ്രമേയങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തിയ കായിക നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചു. കായിക പ്രതിഭകളെ കണ്ടെത്തി  പരിപോഷിപ്പിക്കുന്നതിലും അന്തര്‍ദേശീയ തലത്തില്‍ കായിക മികവ് ഉറപ്പാക്കുന്നതിലും ഊന്നല്‍ നല്‍കുന്ന  കായിക നയം ക്രിയാത്മകമായ കായിക സമ്പദ്ഘടനക്കുള്ള അടിത്തറയാണ്. കമ്യൂണിറ്റി സ്‌പോര്‍ട്‌സ് എന്ന ആശയം മുന്‍നിര്‍ത്തി പുതിയ കായിക മോഡല്‍ ,എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം, കായിക രംഗത്തെ  സമഗ്ര വികസനത്തിനായുള്ള സംരംഭങ്ങള്‍, കായിക വിനോദ സഞ്ചാരം ,ഇ-സ്‌പോര്‍ട്‌സ്,  കായിക വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍  തുടങ്ങി സമഗ്രവും സന്തുലിതവുമായ ഒരു കായിക ആവാസവ്യവസ്ഥ വിഭാവനം ചെയ്യുന്ന കായിക നയം സംസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന  കായിക ആവശ്യങ്ങളും പ്രതീക്ഷങ്ങളും നിറവേറ്റുന്നതിന് ഉതകുന്നതാണ്. 

സര്‍ക്കാര്‍ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട് അസോസിയേഷനുകളും ക്ലബ്ബുകളും ഒത്തുചേര്‍ന്ന് പൊതുജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്തെ കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് കായികമേഖലയെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ശ്രമം നടക്കുന്നത്. ലോകത്തിന് തന്നെ അനുകരണീയമായ നയത്തിലൂടെ കായിക താരങ്ങള്‍ക്കും കായികാനുബന്ധ വ്യവസായങ്ങള്‍ക്കും സമൂഹത്തിനും മൊത്തത്തില്‍ പ്രയോജനം ചെയ്യുന്ന ഒരു സുസ്ഥിര കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനും കായികരംഗത്തെ സാമ്പത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും. മറ്റ് മേഖലകളുമായും വിഭാഗങ്ങളുമായും കായികരംഗത്തെ സംയോജിപ്പിക്കുന്നതിലൂടെ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുന്നു ഇതിലൂടെ കായിക വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് കായിക നയം വിഭാവനം ചെയ്തിട്ടുള്ളത്. 

സംസ്ഥാനത്ത് കായികമേഖല വികസിക്കുമ്പോഴും നിലനിന്നിരുന്ന സാധാരണക്കാരിലേക്കുള്ള അകലം പുതിയ കായിക മോഡലിലൂടെ ഇല്ലാതാക്കുന്നതിനായി കമ്യൂണിറ്റി സ്‌പോര്‍ട്‌സ് എന്ന ആശയം നടപ്പാക്കാന്‍ ഫിസിക്കല്‍  ആക്ടിവിറ്റികളും കായികമത്സരങ്ങളും പ്രചരിപ്പിക്കും. ഫിസിക്കല്‍ ലിറ്ററസി പ്രായഭേദമന്യേ എല്ലാവര്‍ക്കും ലഭ്യമാക്കും. 'പ്രോജക്ട് 1000'-എന്ന പദ്ധതിയിലൂടെ തദേശ സ്ഥാപനങ്ങള്‍ ഒരു കായിക പദ്ധതിയെങ്കിലും നടപ്പിലാക്കുന്നതിനും കായിക നയം ഊന്നല്‍ നല്‍കിയിരിക്കുന്നു.അടിസ്ഥാനപരമായി വികേന്ദ്രീകൃത പദ്ധതിയാണ് നയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

കുട്ടികള്‍,യുവാക്കള്‍,സ്ത്രീകള്‍,പ്രായമായവര്‍,ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ 'എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം' എന്ന മോട്ടോ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയിട്ടുള്ള നയത്തില്‍ എല്ലാ പ്രായത്തിലുള്ളവരെയും ശാരീരികക്ഷമതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യം, പൊതുവിദ്യാഭ്യാസം,തദ്ദേശം, ഉന്നതവിദ്യാഭ്യാസം, കായികം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ ഫിസിക്കല്‍ ഫിറ്റ്‌നസ് ക്യാമ്പെയിന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നു.  

പ്രാദേശിക കായികയിനങ്ങളുടെ ജനപ്രീതിയും സിന്തറ്റിക് ടര്‍ഫുകളില്‍ വ്യക്തികള്‍ നടത്തുന്ന നിക്ഷേപം,ഫിസിക്കല്‍ ട്രെയിനിങ് & ഫിറ്റ്നസ് സെന്ററുകളുടെയും വ്യാപനം എന്നിവ കണക്കിലെടുക്കുമ്പോള്‍ നവകായികമാറ്റത്തിന് സംസ്ഥാനം സ്വാഭാവികമായി തന്നെ തയാറെടുത്തു കഴിഞ്ഞു എന്ന സൂചനകളാണ് ലഭിക്കുന്നത്.കായിക രംഗത്ത് ഒരു വര്‍ഷത്തിനകം പതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാങ്കേതികവിദ്യകളും ഗവേഷണങ്ങളും നൂതനാശയങ്ങളും സ്വീകരിക്കുകയും വികസിതരാജ്യങ്ങളുടെ മാതൃകയില്‍  കായികാനുബന്ധ വ്യവസായ സാധ്യത പ്രയോജനപ്പെടുത്താനും നയം ലക്ഷ്യമിടുന്നു.കായികോല്‍പ്പന്ന നിര്‍മാണത്തിലും സാങ്കേതികവിദ്യയിലും സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും.കായിക മേഖലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവസംരംഭകര്‍ക്കും ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നത് നയത്തിന്റെ പ്രധാന ലക്ഷ്യമാണ്.സ്വകാര്യ സംരംഭകര്‍,സഹകരണമേഖല,പൊതുമേഖല സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ കായിക പദ്ധതികള്‍ നടപ്പാക്കാനും.നെടുമ്പാശേരിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ 40 ഏക്കറില്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് സെന്ററിനൊപ്പം കണ്‍വെന്‍ഷന്‍ സെന്ററും ക്ലബ് ഹൗസുമടക്കം 700 കോടി ചെലവ് പ്രതീക്ഷിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിയ്ക്കും മറ്റ് ജില്ലകളിലെ ക്രിക്കറ്റ് സ്റ്റേഡിയം വികസന പദ്ധതികള്‍ക്കുമായി 1200 കോടി രൂപയുടെ നിക്ഷേപത്തിനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ തയാറെടുക്കുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കേരള കായിക വികസനനിധി രൂപീകരിച്ച് കായികമേഖലയില്‍ ഫണ്ട് സ്വരൂപിക്കാനും നയത്തില്‍ പറയുന്നു.

സാഹസികതയ്ക്കു കൂടി പ്രാധാന്യം നല്‍കി കൊണ്ട് കായിക വിനോദസഞ്ചാരത്തിനൊപ്പം ഇ-സ്‌പോര്‍ട്‌സിനും കായികനയത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു.ട്രക്കിങ്,പാരാഗ്ലൈഡിങ്,പാരാസെയിലിങ്,വാട്ടര്‍ റാഫ്റ്റിങ്,കാനോയിങ്,കയാക്കിങ്,സെയിലിങ്,റോവിങ്,സ്‌കൂബാ ഡൈവിങ് തുടങ്ങിയ സാഹസിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഗെയിംസ് സംഘടിപ്പിക്കാന്‍ നയത്തില്‍ വ്യക്തമാക്കുന്നു.വള്ളംകളി,സെവന്‍സ്,വടംവലി,കളരിപ്പയറ്റ് എന്നീ തദ്ദേശീയമായ ഇനങ്ങളെ പ്രോത്സാഹിപ്പിച്ച് ടൂറിസം സാധ്യത വര്‍ധിപ്പിക്കും.ജനപ്രിയ കായിക വിനോദങ്ങള്‍ക്ക് പ്രാധാന്യവും മുന്‍ഗണനയും കൂടുതലാണ് ഇവ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുകയും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും അതിലൂടെ സാമ്പത്തിക സാധ്യതയും അവസരങ്ങളും ഉയര്‍ത്താനും നയം വിഭാവനം ചെയ്യുന്നു.

കായിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കൊണ്ട് വിഭാവനം ചെയ്ത നയം പ്രൈമറി തലം മുതല്‍ സ്പോര്‍ട്സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.മികച്ച നിലവാരമുള്ള ഔട്ട്ഡോര്‍,ഇന്‍ഡോര്‍ കളിക്കളങ്ങളും പരിശീലന സൗകര്യങ്ങളും എല്ലാവര്‍ക്കും പ്രാപ്യമാക്കാന്‍ നയത്തില്‍ പറയുന്നു.സ്‌പോര്‍ട്‌സ് ടെക്‌നോളജി, സ്‌പോര്‍ട്സ് മാനേജ്‌മെന്റ് എന്നിവ സ്‌പോര്‍ട്സ് സയന്‍സ് രംഗങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാനും സ്‌പോര്‍ട്‌സ് കേരള എലൈറ്റ് അക്കാദമി തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ അക്കാദമികളെയും താരങ്ങളെയും കേരളത്തില്‍ എത്തിക്കുമെന്നും നയത്തില്‍ പറയുന്നു.ജനപ്രിയ കായികയിനങ്ങളായ ക്രിക്കറ്റ്,കബഡി,വോളിബോള്‍,ഹോക്കി,ഫുട്‌ബോള്‍ തുടങ്ങിയവയ്ക്കായി സംസ്ഥാനതലത്തില്‍ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും.കേരളതാരങ്ങളെ ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ പ്രാപ്തരാക്കുന്നതിനായി കേരള ഒളിമ്പ്യന്‍ സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കും.ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റര്‍ ഉള്‍പ്പെടെ വിദഗ്ധ പരിശീലനം സാധ്യമാകുന്ന കൂടുതല്‍ കായികകേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ് നയം ലക്ഷ്യമിടുന്നത്.

കായിക താരങ്ങള്‍ക്ക് ആരോഗ്യപരിരക്ഷാ ഇന്‍ഷുറന്‍സും മുതിര്‍ന്ന താരങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണയും തുടക്കക്കാര്‍ക്കുള്ള സ്പോര്‍ട്സ് കിറ്റും യൂണിഫോമും പ്ലേസ്മെന്റ് അവസരങ്ങളും അടക്കം കേരളത്തിലെ മുഴുവന്‍ കായിക താരങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നയത്തില്‍ പരിഗണിച്ചിട്ടുണ്ട്. സ്‌കീമുകള്‍,സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍,കോച്ചുകള്‍,രജിസ്റ്റര്‍ ചെയ്ത കായികതാരങ്ങള്‍,ക്ലബ്ബുകള്‍,സ്പോര്‍ട്സ് കൗണ്‍സിലുകള്‍,ജില്ലാ സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം നയം മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആശയമാണ്.ഇതിലൂടെ കായിക മേഖല പൂര്‍ണമായും ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴിലാകും.സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനിക്കാവുന്ന നേട്ടങ്ങളും വൈവിധ്യമാര്‍ന്ന കായികാവശ്യങ്ങളും സാധ്യമാക്കാന്‍ അനിവാര്യമായ ഒരു കായിക നയം തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്.

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-13 12:44:20

ലേഖനം നമ്പർ: 1304

sitelisthead