ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് നിരവധി പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. വിപണി ഇടപെടലിനും വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കുമായി സർക്കാർ അനുവദിച്ചത് 19,000 കോടി രൂപയാണ്. സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പശ്ചാത്തലം കണക്കിലെടുത്ത് സർവതലസ്പർശിയായ വികസന ക്ഷേമ നടപടികളാണ് കേരളത്തിൽ നടത്തുന്നത്. വിലക്കയറ്റം തടയാൻ 1,500 സപ്ലൈക്കോ ഓണച്ചന്തകൾ, 1,500 കൺസ്യുമർഫെഡ് ഓണം വിപണികൾ, എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ്, 60 ലക്ഷം പേർക്ക് രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്നു.

കേരളത്തിന്റെ മതനിരപേക്ഷതയും ഏകത്വവും ആഗോള തലത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിലാണ് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ ഓണം വാരാഘോഷപരിപാടികൾ സർക്കാർ സംഘടിപ്പിക്കുന്നത്. 30 വേദികളിലായി 8000-ത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന സംസ്ഥാനതല ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം തിരുവന്തപുരത്ത് നടക്കും. ഓണക്കാലം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകാൻ ഓണാഘോഷങ്ങളിൽ ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിച്ച് വിനോദ സഞ്ചാര വകുപ്പ് ലോകപൂക്കള മത്സരം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സീസണൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ തനതായ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സവിശേഷതകൾ പരിപോഷിപ്പിക്കാനായി ടൂറിസം വകുപ്പ് നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ടൂറിസം, ഇക്കോ ടൂറിസം സ്‌പോട്ടുകളിലേക്കും, തീർഥാടന കേന്ദ്രങ്ങളിലേക്കും, കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.  


ഓണവിപണി സജീവമാക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തുലുടനീളം ഓണം സ്പെഷ്യൽ ഫെയറുകൾ നടന്നുവരുകയാണ്. സർക്കാർ വകുപ്പുകളെയും കുടുംബശ്രീ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നത്. സബ്സിഡി സാധനങ്ങൾക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോംബോ ഓഫറുകൾ അടക്കം മിതമായ വിലയ്ക്ക് മേളകളിൽ ലഭ്യമാകുന്നുണ്ട്. അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്നു. ത്രിവേണി സൂപ്പർ മാർക്കറ്റ്, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവും വിലക്കുറവിൽ പലവ്യഞ്ജനവും പച്ചക്കറിയുമടക്കം ലഭ്യമാക്കുന്നതിന് സജ്ജമാണ്.

ഓണ വിപണിയുടെ ഭാഗമായി ഉത്പന്ന പ്രദർശന വിപണനമേള 'ഓണനിലാവ്'  സംഘടിപ്പിച്ചിട്ടുണ്ട് കുടുംബശ്രീ. ന്യായവിലയ്ക്ക് പരിശുദ്ധവും മായം കലരാത്തതുമായ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് 1500ലേറെ പ്രദർശന-വിപണന മേള മേളകളാണ് സംഘടിപ്പിക്കുന്നത്.

 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് നൽകുന്നുണ്ട്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് വിതരണം ചെയ്തത് . വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം ഓണം സ്‌പെഷ്യൽ അരിയും വിതരണം ചെയ്തു. സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട 29.5 ലക്ഷം കുട്ടികൾക്ക് ഓണത്തിനോടനുബന്ധിച്ച് അഞ്ച് കിലോഗ്രാം സൗജന്യ അരിയും വിതരണം ചെയ്തു.

ഈ ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം സർക്കാർ ആരംഭിച്ചു. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്.  വിവിധക്ഷേമ നിധികൾ ഉത്സവബത്ത നൽകുന്നുമുണ്ട്.

കൂടാതെ ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപവീതം നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിച്ചവർക്കും പ്രത്യേക ഉത്സവബത്ത1000 രൂപയും നൽകും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണക്കാലത്ത് പ്രത്യേക സഹായം എത്തുന്നത് . കൂടാതെ 33,378 ഹരിത കർമ സേനാംഗങ്ങൾക്ക് ഉത്സവബത്തയായി 1,000 രൂപയും 60 വയസ് കഴിഞ്ഞ പട്ടികവർഗ വിഭാഗക്കാർക്ക് 1,000 രൂപയും നൽകും. ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ സിക്കിൾസെൽ രോഗികൾക്ക് ഓണകിറ്റും വിതരണം ചെയ്യും. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികൾ, സംരംഭങ്ങൾ തുടങ്ങിയവ വിഭാവനം ചെയ്യുന്ന പ്ലോട്ടുകൾ, കേരളത്തിന്റെ തനതായ കലാരൂപങ്ങൾ, ഉത്പന്നങ്ങൾ , സംസ്ഥാനം കൈവരിച്ച സാമൂഹ്യ സാമ്പത്തിക നേട്ടങ്ങൾ തുടങ്ങിയ സാമൂഹ്യപ്രാധാന്യമുള്ള വിവിധ പരിപാടികളോടെയാണ്  ഓണം വാരാഘോഷം അവസാനിക്കുന്നത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-26 17:37:23

ലേഖനം നമ്പർ: 1174

sitelisthead