സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജന്‍ഡര്‍ ഹെല്‍പ് ഡസ്‌ക് പദ്ധതി സ്നേഹിത 10 വര്‍ഷം പൂർത്തീകരിച്ചു. 24 മണിക്കൂറും സൗജന്യ കൗൺസിലിംഗ്, നിയമപിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന പിന്തുണ സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സഹായം തുടങ്ങിയ സേവനങ്ങള്‍ ആണ് സ്‌നേഹിത ഉറപ്പുനല്‍കുന്നത്. അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതോടൊപ്പം നിയമ സഹായം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങളും താത്ക്കാലിക അഭയവും സ്നേഹിത വഴി ലഭ്യമാക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും നൽകി വരുന്നു. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാം. 

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം,അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും 5 സേവനദാതാക്കള്‍, 2 കൗണ്‍സിലര്‍മാര്‍, 2 സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്‍റ് എന്നിങ്ങനെയുള്ള ജീവനക്കാർ ഉൾപ്പെടുന്ന സംവിധാനമാണ് സ്നേഹിത. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗൺസിലിംഗ് റൂം, താത്ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം, സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.

2013-ൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി 2015-ൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. 2017-ലാണ് പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. പദ്ധതി ആരംഭിച്ച 2015-16 കാലത്ത് 1936 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016-17 : 2186, 2017-18  : 4300, 2018- 19 : 6017, 2019- 20 : 7671, 2020-21 : 7271, 2021- 22 : 7933. സ്നേഹിത സെന്റർ വഴി 17962 കേസുകൾ നേരിട്ടും 19352 കേസുകൾ ഫോണിലൂടെയും സ്നേഹിതയില്‍ 10 വര്‍ഷത്തിനുള്ളില്‍ സേവനത്തിനായി ബന്ധപ്പെട്ടവർ 37,314 പേരാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ഏതൊരു പ്രശ്‌നത്തിനും എളുപ്പം സഹായം ലഭ്യമാകുന്ന സംവിധാനമായി സ്നേഹിത ഇതിനോടകം മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്‌കൂൾ, കോളേജ് തലങ്ങളിൽ ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠനപ്രക്രിയകളും അവബോധ പ്രവര്‍ത്തനങ്ങളും സ്‌നേഹിത നടത്തി വരുന്നു. 'സ്‌നേഹിത@സ്‌കൂള്‍/ കോളജ്' വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി, പിന്തുണ നൽകി ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതയെ വാർത്തെടുക്കുന്ന ജന്‍ഡര്‍ ക്ലബുകളും സ്നേഹിതയുടെ കീഴിൽ പ്രവർത്തിക്കുന്നു. സ്നേഹിതയുടെ ടോള്‍ഫ്രീ നമ്പര്‍ 18004256864. സ്നേഹിതയുടെ ജില്ലാതല വിവരങ്ങൾക്ക്: https://www.kudumbashree.org/pages/529

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-25 12:10:34

ലേഖനം നമ്പർ: 1143

sitelisthead