സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതൽ 30 വരെ – വിപുലമായ പ്രചാരണപരിപാടിയുമായി സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കും. ‘എന്റെ മണ്ണ് എന്റെ രാജ്യം’ (മേരി മാട്ടി മേരാ ദേശ്) : മണ്ണിന് വണക്കം, പോരാളികൾക്ക് അഭിവാദ്യം (മിട്ടി കോ നമൻ, വീരോൺ ക വന്ദൻ) എന്ന ടാഗ് ലൈനിൽ സ്വാതന്ത്ര്യസമര പോരാളികളെയും ജനിച്ച മണ്ണിനെയും സ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. യൂണിയൻ - സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക - അർധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, തൊഴിലുറപ്പു ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ മറ്റു സന്നദ്ധ സഘടന പ്രവർത്തകർ തുടങ്ങിയ സർക്കാർ, അർധ സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമാകും. 

എന്റെ മണ്ണ് എന്റെ രാജ്യം കാമ്പയിന്റെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെയും ഓർമയ്ക്കായി തദ്ദേശീയമായ 75 തരം വൃക്ഷതൈകൾ ഉപയോഗിച്ചു പൂന്തോട്ടം (അമൃത വാടിക) നിർമിക്കും. ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമര പോരാളികൾ, രക്തസാക്ഷികളായ സൈനികർ, അർധ സൈനികർ, എന്നിവരുടെ സ്മാരകമായി പൂന്തോട്ടത്തിന്റെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ അവരുടെ പേര് ഉൾപ്പെടുത്തിയ ശിലാഫലകം സ്ഥാപിക്കും.

സ്വാതന്ത്ര്യസമര പോരാളികൾ, മരിച്ചു പോയ സ്വാതന്ത്ര്യസമര പോരാളികളുടെ കുടുംബാഗങ്ങൾ, സൈനിക അർധ സൈനിക സേനാഗംങ്ങൾ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും. എല്ലാ ഗ്രാമങ്ങളിലും സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ ഓർമപ്പെടുത്തുന്ന പ്രതിജ്ഞ എടുക്കും. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ സർക്കാർ / അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. 

രാജ്യത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി 16 മുതൽ 25 വരെ ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തിൽ സമാഹരിച്ച് വാളണ്ടിയർമാർ ഓഗസ്റ്റ് 27 നു മുൻപ് ന്യൂഡൽഹിയിൽ എത്തിക്കും. ഈ മണ്ണും തദ്ദേശീയ ചെടികളും കൊണ്ട് ന്യൂഡൽഹിയിലെ കർത്തവ്യപഥിനു സമീപം പൂന്തോട്ടം (അമൃത വാടിക) തീർക്കും. സ്മാരക ഫലകങ്ങൾ നിർമിക്കൽ, ദേശീയപതാക ഉയർത്തൽ തുടങ്ങിയ പരിപാടികളുടെ ചിത്രങ്ങൾ merimaatimeradesh.gov.in-ൽ അപ്‌ലോഡ് ചെയ്യാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് : merimaatimeradesh.gov.in.

പ്രതിജ്ഞ (പഞ്ച പ്രാൺ)

2047-ഓടെ ഇന്ത്യയെ വികസിത സ്വയംപര്യാപ്ത രാജ്യമാക്കി മാറ്റാൻ പ്രയത്നിക്കും.
കോളനിവത്ക്കരണത്തിന്റെ ബാക്കിപത്രങ്ങളെ ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കും.
നമ്മുടെ പൈതൃകം സംരക്ഷിക്കും.
രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്തെ സംരക്ഷിക്കുന്നവരെ ബഹുമാനിക്കുകയും ചെയ്യും. 
പൗരൻ എന്ന നിലയിലുള്ള കടമകൾ നിറവേറ്റും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-10 11:44:16

ലേഖനം നമ്പർ: 1161

sitelisthead