വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച മികവും നേട്ടങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ കേരളമൊട്ടാകെ 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന പ്രമേയം ആസ്പദമാക്കി നടത്തിയ അതിവിപുലമായ പരിപാടിയായിരുന്നു എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേള. വികസനനേട്ടങ്ങളും, സേവനങ്ങളും, സര്‍ക്കാര്‍ സംബന്ധമായ അറിവുകളും, കൗതുകക്കാഴ്ചകളും ഒരുമിച്ച് ഒരുക്കിയപ്പോള്‍ കേരളമാകെ രണ്ടു കൈയും നീട്ടിയാണ് മേളയെ വരവേറ്റത്.
സര്‍ക്കാര്‍ പദ്ധതികള്‍, സേവനങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍, ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന കലാ കായിക സാംസ്‌കാരിക പരിപാടികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി സംഘടിപ്പിച്ച മേള സമകാലീന കേരളം കണ്ട വൈവിധ്യസമന്വയങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കേരളത്തിന്റെ വികസന ചരിത്രവും ഉള്‍പ്പെടുത്തിയ തീം സ്റ്റാളുകള്‍ മേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ 'എന്റെ കേരളം' പവലിയനില്‍ കേരളത്തിന്റെ ഇതുവരെയുള്ള വികസനനേട്ടങ്ങളും കേരളത്തിന്റെ ചരിത്രവും പ്രദര്‍ശിപ്പിച്ചു.
വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ അതതു വകുപ്പുകളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുകയും നേരിട്ട് അവയെ ആവശ്യമുള്ള ജനങ്ങളിലേക്ക് തത്സമയം എത്തിക്കാന്‍ കഴിഞ്ഞത് മേളയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ഒട്ടനവധി സേവനങ്ങള്‍ സൗജന്യമായി ഒരു കുടക്കീഴില്‍ എത്തിച്ചത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുകയും മേളയുടെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവരും പങ്കെടുത്തു. വിപണനമേള, ബി ടു ബി മീറ്റ്, പ്രോജക്ട് ക്ലിനിക്കുകള്‍, ടെക്‌നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്‌സിബിഷന്‍ നടന്നത്. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവലിയനുകള്‍ മേളയുടെ ആകര്‍ഷണമായിരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടന്നു. ആധാര്‍ രജിസ്ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവലിയനില്‍ ലഭ്യമാക്കി. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിച്ചു. റവന്യൂ സംബന്ധമായ സേവനങ്ങളുമായി റവന്യൂ വകുപ്പിന്റെ സ്റ്റാള്‍ സജ്ജമായിരുന്നു. ഡയറി എക്‌സ്‌പോ, പൗള്‍ട്രി എക്‌സ്‌പോ, പെറ്റ് ഫെസ്റ്റിവല്‍ എന്നീ മൂന്നു വിഭാഗങ്ങളായി മൃഗസംരക്ഷണ വകുപ്പ് മേളയില്‍ നിറഞ്ഞു നിന്നു.
മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന്‍ അവതരിപ്പിച്ചു. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കിയിരുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍, തൊഴില്‍ എംപ്ലോയ്മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടായിരുന്നു. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടന്നു. സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിതാ ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട്‌ഡോര്‍ ഡിസ്പ്ലേ സോണുകളും സജ്ജമാക്കിയിരുന്നു. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദിവസവും ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും മേളയില്‍ അരങ്ങേറി. ടൂറിസം വകുപ്പ് വയനാടന്‍ മേഖലയില്‍ നിന്നെത്തിച്ച ഏലത്തോട്ടം കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചത് കൂടാതെ ഏലത്തോട്ടത്തിലേക്ക് പോകാനായി ആറടി ഉയരത്തിലും 10മീറ്റര്‍ നീളത്തിലുമുള്ള തുരങ്കമായ 'സുരങ്ക' സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭൂതി സൃഷ്ടിച്ചു.
മേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കേന്ദ്രീകൃതം ആയിരുന്നുവെങ്കിലും ഓരോ ജില്ലകളുടെയും പ്രത്യേകതകള്‍ക്ക് അനുസൃതമായ വൈവിധ്യങ്ങള്‍ പ്രകടമായിരുന്നു. വ്യാവസായിക രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങള്‍, യുവാക്കള്‍ക്ക് സേവനം നല്‍കുന്ന യൂത്ത് സെഗ്മെന്റ്, വിദ്യാഭ്യാസ, തൊഴില്‍, കിഫ്ബി ബ്ലോക്കുകളും വിപണന സ്റ്റാളുകളും എറണാകുളം ജില്ലയുടെ പ്രധാന പരിപാടികള്‍ ആയിരുന്നു. എംഎസ്എംഇ, കുടുംബശ്രീ, സ്വയംതൊഴില്‍ സംരംഭകര്‍ എന്നിവരുടെ പങ്കാളിത്തവും ടെക്‌നോളജി ഡെമോകളും കൊണ്ട് പാലക്കാട് എന്റെ കേരളം മേള വ്യത്യസ്തമായി. കണ്ണൂരില്‍ പൊലീസ് മൈതാനത്ത് നടന്ന മേള 'പ്ലേ ആന്‍ഡ് വിന്‍ ഡിജിറ്റല്‍' ക്വിസിനെ കൂടാതെ മികച്ച ഭരണം, സുസ്ഥിര വികസനം, ടൂറിസം, ദാരിദ്ര്യ നിര്‍മാര്‍ജനം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഹാപ്പിനസ് ഇന്‍ഡക്‌സ്, കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി കേരളം കൈവരിച്ച നേട്ടങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയാണ് അവതരിപ്പിച്ചത്. കേടായ എല്‍ഇഡി ബള്‍ബുകള്‍ ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി നന്നാക്കി ഉപയോഗിക്കാനുള്ള പരിശീലനമാണ് കെഎസ്ഇബി സ്റ്റാളിനെ വ്യത്യസ്തമാക്കിയത്. ഇരുന്നൂറോളം സ്റ്റാളുകളാണ് ആലപ്പുഴ ഒരുക്കിയത്. ആയൂഷ് മിഷന്‍, ഹോമിയോപ്പതി, ഭാരതീയ ചികിത്സ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച യോഗ നൃത്തത്തില്‍ വിവിധ യോഗാസനങ്ങള്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു.വയനാട് എന്റെ കേരളം മേള ജില്ലയുടെ സാംസ്‌കാരിക പൈതൃകവും കേരളത്തിന്റെ വികസന മുന്നേറ്റവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.സംരംഭകരെ സഹായിക്കുന്നതിനായി ബി ടു ബി മേളയടക്കം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേതായി 111 സ്റ്റാളുകളൊരുക്കിയിരുന്നു.
ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ക്ക് ഷോപ്പുകളും മ്യൂസിക് ഫ്യൂഷന്‍ സംഗീതപരിപാടികളും നാടന്‍ സംഗീതവും കോമഡി ഷോയും മേളയിലൊരുക്കിയിരുന്നു. 360 ഡിഗ്രി സെല്‍ഫി കാമറ, കലാസാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഓഡിറ്റോറിയം, പോലീസിന്റെ ബോധവത്കരണ പ്രകടനം എന്നിവയെല്ലാം പത്തനംതിട്ട ജില്ലയുടെ പ്രധാന പരിപാടികള്‍ ആയിരുന്നു. ഓലകെട്ടിയ വീടും നെല്‍വയലും ചേര്‍ന്ന ഗ്രാമഭംഗി കാണികളെ വരവേല്‍ക്കുമ്പോള്‍ അതിനൊപ്പം കേരളത്തിന്റെ ചരിത്രവും കലയും സാഹിത്യവും വിളിച്ചു പറയുന്ന പവലിയനുകളും കാസറഗോഡ് മേളയില്‍ തയ്യാറാക്കിയിരുന്നു. തുഞ്ചന്‍ പറമ്പും ചമ്രവട്ടം പാലവും ലൈറ്റ് ഹൗസും ഒക്കെ ആലേഖനം ചെയ്ത പുറംകവാടമാണ് മലപ്പുറം മേളയില്‍ കാണികളെ സ്വീകരിച്ചത്. സെല്‍ഫി ബൂത്തും മുനിയറയിലെ അമ്പെയ്ത്ത് പരീക്ഷിക്കലും ഒക്കെ മേളയില്‍ വൈവിധ്യക്കാഴ്ചകളായിരുന്നു. മെഗാപ്രദര്‍ശനമേളയുടെ കവാടമായി തൃശൂര്‍ പുത്തൂരിലെ ഇന്റര്‍നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയാണ് ഒരുക്കിയിരുന്നത്.ഫുഡ്‌കോര്‍ട്ടില്‍ കുടുംബശ്രീ പാചക മത്സരം, ടെക്‌നോളജി പവലിയനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റോബോട്ടിക്‌സ് വെര്‍ച്വല്‍ റിയാലിറ്റി സൗജന്യ പരിശീലനം എന്നിവ തൃശൂര്‍ ജില്ലയുടെ പ്രത്യേകതകളായിരുന്നു. കോഴിക്കോട് നഗരത്തില്‍ മുത്തുക്കുടകളും പുലികളിയും, തെയ്യം, കോല്‍ക്കളി എന്നിങ്ങനെ കലാരൂപങ്ങളും കലാപ്രകടനങ്ങളും സംഗമിച്ച ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമിട്ടത്. കോട്ടയത്ത് വിപണനമേളയില്‍ കെഎസ്ആര്‍ടിസി ഒരുക്കിയ ഡബിള്‍ ഡക്കറിലൂടെ നഗരത്തിന്റെ 'പുതിയ കാഴ്ചകള്‍ കണ്ടത്' 4909 പേര്‍. കെഎസ്ആര്‍ടിസി സ്റ്റാളില്‍നിന്ന് ലഭിച്ച സൗജന്യ കൂപ്പണ്‍ ഉപയോഗിച്ചായിരുന്നു സന്ദര്‍ശകര്‍ ഡബില്‍ ഡക്കര്‍ യാത്ര ആസ്വദിച്ചത്.കോട്ടയം നഗരവാസികള്‍ക്ക് പതിവില്ലാത്ത കാഴ്ചയായിരുന്നു 'പഞ്ചാരവണ്ടി' എന്ന് പേരിട്ട ഡബിള്‍ ഡെക്കര്‍ ബസിന്റേത്. യാത്ര ചെയ്യാനും ബസിനൊപ്പം സെല്‍ഫി എടുക്കാനുമായി കുട്ടികളും സ്ത്രീകളുമടക്കം പ്രായഭേദമന്യേ ആളുകള്‍ മേളയിലേക്ക് എത്തുന്ന കാഴ്ചക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. സെല്‍ഫി കൗണ്ടറുകളും എഗ്ഗ് ഗാലറിയും കൊല്ലത്തുനടന്ന മേളയിലെ പ്രധാന ആകര്‍ഷകങ്ങള്‍ ആയിരുന്നു. വിവിധ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതിന് പതിനാല് വകുപ്പുകളുടെ സ്റ്റാളുകള്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിക്കുന്ന 100ല്‍ അധികം സ്റ്റാളുകള്‍ എന്നിവ തിരുവനന്തപുരത്തിന്റെ പ്രധാന പ്രത്യേകതകള്‍ ആയിരുന്നു.
എല്ലാ ജില്ലകളിലും ഒരാഴ്ച നീണ്ട മേളയില്‍ എല്ലാ സായാഹ്നങ്ങളിലെയും കലാപരിപാടികളും ഭക്ഷ്യമേളയും ശ്രദ്ധേയമായിരുന്നു. വൈവിധ്യസമ്പന്നമായി പൊതുജനങ്ങളിലേക്കെത്തിയ മെഗാമേള വ്യവസായ നഗരിയില്‍ ഏപ്രില്‍ 3നു തുടങ്ങി തലസ്ഥാന നഗരിയില്‍ മെയ് 27 നാണ് സമാപിച്ചത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-02 17:47:08
ലേഖനം നമ്പർ: 1078