1998 മേയ് 17 ന് നിലവിൽ വന്ന കുടുംബശ്രീ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്ത്രീ മുന്നേറ്റത്തിൻറെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. പ്രാദേശിക വികസനത്തിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റം സൃഷ്ടിച്ച കുടുംബശ്രീയുടെ പ്രാധാന്യം കണക്കിലെടുത്തു സംസ്ഥാനത്ത് 2023  മുതൽ മേയ് 17 കുടുംബശ്രീ ദിനമായി പ്രഖ്യാപിച്ചു. ദാരിദ്ര്യ ലഘൂകരണത്തിനായി സ്‌ത്രീകളുടെ സാമ്പത്തിക ഉന്നമനം എന്ന ആശയത്തിൽ തുടങ്ങിയ കുടുംബശ്രീ ഇന്ന് ജനജീവിതത്തിൻറെ സകലമേഖലകളിലും സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു. 

3,09,667 അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം അംഗങ്ങളാണ് ഇന്ന് കുടുംബശ്രീയ്ക്കുള്ളത്. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച്  ശാസ്ത്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളിലൂടെ വികസിത നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ അതിവേഗ പാതയിലാണിന്നു കൂടുംബശ്രീ. മൈക്രോ ഫൈനാൻസിങ്ങിൽ തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാദേശിക സംരഭങ്ങൾ മുതൽ ദേശീയ അന്തർദേശീയ നിലവാരമുള്ള സംരഭങ്ങളിൽ വരെ കൈയൊപ്പ് പതിപ്പിച്ച കുടുംബശ്രീയുടെ ആകെ അയൽക്കൂട്ട സമ്പാദ്യം   8,029.47 കോടി രൂപയാണ്. 

ഷീ സ്റ്റാർട്‌സ്, ജനകീയ ഹോട്ടലുകൾ കേരള ,ചിക്കൻ തുടങ്ങിയവയടക്കം 1,08,464 സംരംഭങ്ങൾ,1,85,626 സംരംഭകർ, 90,242 കൃഷിസംഘങ്ങൾ വഴി 33,172.06 ഹെക്ടർ സ്ഥലത്ത് കൃഷി, മൃഗസംരക്ഷണ മേഖലയിൽ 60,625 പേർക്ക് ഉപജീവനം, കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന സിഗ്നേച്ചർ സ്റ്റോർ, 330 ബഡ്‌സ് സ്ഥാപനങ്ങൾ വഴി 11,092 ഭിന്നശേഷി വിദ്യാർഥികൾക്ക് പരിശീലനം, ജീവൻദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിലൂടെ 11.31 ലക്ഷം പേർക്ക് ഇൻഷുറൻസ് പരിരക്ഷ, കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും വിവിധ സേവനങ്ങൾ, വിവിധ പദ്ധതികളിലൂടെ 96,864 പേർക്ക് നൈപുണ്യ പരിശീലനം, 72,412 പേർക്ക് തൊഴിൽ, 15 സ്‌നേഹിത-ജെൻഡർ ഹെൽപ് ഡെസ്‌ക്, 802 ജെന്റർ റിസോഴ്‌സ് സെന്ററുകൾ, നൂറ് ദിന കർമ പദ്ധതിയുടെ ഭാഗമായി നൂറ് ദിവസത്തിനുളളിൽ 5,000 സൂക്ഷ്മ സംരംഭങ്ങൾ എന്നിവയെല്ലാം  കൂടുംബശ്രീയുടെ കാൽനൂറ്റാണ്ടിലധികം വരുന്ന പ്രവർത്തന മികവിന്റെ നേർസാക്ഷ്യങ്ങളാണ്. 

പാർശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി 7,135 പട്ടികവർഗ അയൽക്കൂട്ടങ്ങൾ, കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനത്തിനായി കന്നഡ സ്‌പെഷ്യൽ പ്രൊജക്ട് കുട്ടികളുടെ സാമൂഹ്യ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് 28,528 ബാലസഭകളിലായി 4,26,509 അംഗങ്ങൾ, എന്നിവയും കുടുംബശ്രീയുടെ പ്രവർത്തന നേട്ടങ്ങളാണ്. പ്രവർത്തന മികവിനുളള ആംഗീകാരമായി 24 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും കേരളത്തിന്റെ കുടുംബശ്രീ മാതൃക ഏറ്റെടുത്തത് കുടുംബശ്രീ പ്രവർത്തങ്ങളുടെ മറ്റൊരു നേട്ടമാണ്.

സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു കുടുംബശ്രീയുടെ തുടക്കം. ചെറിയ വായ്പകൾ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുറപ്പാക്കി. വിദ്യാഭ്യാസം, തൊഴിൽ, ഗതാഗത സൗകര്യം, സൂക്ഷ്മ സംരംഭം, സമ്പാദ്യവും വായ്പയും, ഗ്രാമസഭ പങ്കാളിത്തം, അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ തുടങ്ങി സകല മേഖലകളിലൂടെയും കുടുംബശ്രീ ഇപ്പോൾ മുന്നേറുകയാണ്. കാന്റീൻ, കാറ്ററിംഗ് മേഖലകളിലേക്കും പിന്നാലെ കഫേ കുടുംബശ്രീ എന്ന ബ്രാൻറിലേക്കും വളർന്ന് മലയാളികളുടെ രുചിയിടങ്ങളിലും കുടുംബശ്രീ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറി. കൊച്ചി മെട്രോ റെയിൽ സർവീസിന് പിന്നാലെ കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായിലും നിറ സാന്നിധ്യമാണ് കുടുംബശ്രീ. ആഹാരം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം, വരുമാനം തുടങ്ങിവയായിരുന്നു കുടുബശ്രീയുടെ ലക്ഷ്യം. 

ഉപജീവനമാർഗത്തിനായി സൂക്ഷ്മ സംരംഭങ്ങൾ നടപ്പാക്കൽ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽ ശേഷിയും കാര്യശേഷിയും വർധിപ്പിച്ച് സ്ത്രീ കേന്ദ്രീകൃത നൂതന പങ്കാളിത്ത സമീപനമാണു കുടുംബശ്രീ കാഴ്ചവെച്ചത്. 

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ചു പഠനം നടത്തിയവരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകൾ, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സി.ഡി.എസുകളിലും ഒരേ ദിവസം വികസന സെമിനാറുകൾ, കുടുംബശ്രീ ഫെലോഷിപ്പ് പ്രോഗ്രാം, കലാലയങ്ങളിൽ കുടുംബശ്രീ സെമിനാറുകൾ, മുൻകാല പ്രവർത്തകരുടെ കൂട്ടായ്മകൾ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കൽ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അറിവും അനുഭവങ്ങളും മാതൃകകളും നേട്ടങ്ങളും വൈജ്ഞാനിക കേരള സൃഷ്ടിക്കു വേണ്ടി പങ്കുവയ്ക്കും. സ്ത്രീകളുടെ പൊതുപങ്കാളിത്തവും തൊഴിൽ പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി സ്ത്രീപക്ഷ നവകേരളത്തിന്റെ തുടർ പ്രവർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-18 16:04:04

ലേഖനം നമ്പർ: 1048

sitelisthead