വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളും പദ്ധതികളുമായി സംസ്ഥാന വ്യവസായ നയം-2023 നിലവിൽ വന്നു. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയം, കേരളത്തെ രാജ്യത്തെ എറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണ് നടപ്പാക്കുക. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച്, നവീന ആശയങ്ങൾ വളർത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണ് കേരള വ്യവസായ നയം 2023. 2023 -24 സാമ്പത്തിക വർഷത്തെ നിക്ഷേപക വർഷമായി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുക. 

നിർമിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണപ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് & അനാലിസിസ്, തുടങ്ങിയവ സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20% (പരമാവധി ₹ 25 ലക്ഷം വരെ) തിരികെ നൽകുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ. വ്യവസായങ്ങൾക്ക് 5 വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നൽകുന്ന പദ്ധതി, സ്ത്രീകൾ/പട്ടികജാതി/പട്ടികവർഗ സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചാർജിലും ഇളവ്, എം.എസ്.എം.ഇ. ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന ജി.എസ്.ടി. വിഹിതം 5 വർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതി, 50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വൻകിട, മെഗാ സംരംഭങ്ങളിൽ തൊഴിലാളികൾക്ക്, മാസവേതനത്തിന്റെ 25% (പരമാവധി ₹ 5000 വരെ) തൊഴിലുടമക്ക് ഒരുവർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി,  ട്രാൻസ്‌ജെൻഡർ തൊഴിലാളികളുടെ ഉന്നമനം ലക്‌ഷ്യം വെച്ച് തൊഴിലുടമയ്ക്ക് മാസവേതനത്തിന്റെ നിശ്ചിത തുക തിരികെ നൽകുന്ന പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ ഡിസൈനിങ്ങിനും നിർമാണത്തിനും സൗകര്യമൊരുക്കും. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങിലും നിർമാണ മേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കും സ്ഥാപിക്കും. ഇലക്ട്രോണിക്‌സ് വാഹന രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് ബാറ്ററി നിർമാണ ഇ.വി. (EV) പാർക്ക് സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കും. ഫുഡ് ടെക്‌നോളജി മേഖലയിൽ ഫുഡ് ടെക് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാർക്കുകളും പ്രത്യേക ഫുഡ് പാർക്കുകളും സ്ഥാപിക്കും. ലൊജിസ്റ്റിക്സ് കണക്റ്റിവിറ്റി വർധിപ്പിക്കാൻ മിനി, മൾട്ടി ലൊജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും. വ്യവസായ പാർക്കുകളിൽ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി ഭൂമി ലഭ്യമാക്കുന്നതിനൊപ്പം ലൊജിസ്റ്റിക്‌സ് സേവന ദാതാക്കൾക്ക് വ്യവസായ പദവി നൽകും. നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കും.

സംസ്ഥാനത്തെ എയ്‌റോസ്‌പേസ്, ഡിഫൻസ് ടെക്‌നോളജി ഹബ്ബാക്കി മാറ്റുന്നതിനായി കേരള സ്‌പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും. 3ഡി പ്രിന്റിങ്ങ് രംഗത്ത് കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിങ്ങ് ലാബ് ആരംഭിക്കും. ഇതിനൊപ്പം 3ഡി പ്രിന്റിങ്ങ് കോഴ്‌സുകളും രൂപകൽപന ചെയ്യും.

നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ കേരളത്തിൽ പൂർണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അഭ്യസ്തവിദ്യരായ യുവാക്കളെ സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാർഥ്യത്തിലൂന്നി ഈ മേഖലയിലെ സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും വ്യവസായ നയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുൻഗണന മേഖലകളിലൂന്നിയ വ്യവസായവൽക്കരണമാണ് നയം ലക്ഷ്യമിടുന്നത്. എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് നിർമിത ബുദ്ധി, റോബോട്ടിക്‌സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതിക വിദ്യകൾ, ആയുർവേദം, ബയോടെക്‌നോളജി ആൻഡ് ലൈഫ് സയൻസ്, രൂപകൽപ്പന (ഡിസൈൻ), ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്‌സ് സിസ്റ്റം രൂപകൽപ്പനയും ഉത്പാദനവും, എഞ്ചിനീയറിങ്ങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകൾ, ഗ്രഫിൻ, ഉയർന്ന മൂല്യവർധിത റബർ ഉത്പ്പന്നങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും, ലോജിസ്റ്റിക്‌സ് ആൻഡ് പാക്കേജിങ്ങ്, മാരിടൈം മേഖല, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിങ്ങും മാലിന്യ സംസ്‌കരണവും, പുനരുപയോഗ ഊർജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരവും ആതിഥേയത്വവും, 3-ഡി പ്രിന്റിങ്ങ് എന്നിങ്ങനെ 22 മുൻഗണന മേഖലകളിലെ വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കൽ, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങൾ എന്നീ ഉപനയങ്ങളിലൂടെ സമഗ്രപിന്തുണ നൽകും. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് മുൻഗണന നൽകുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഇതിനൊപ്പം ഗ്രാഫീൻ പോലെ വ്യവസായ, സമ്പദ് രംഗങ്ങളിൽ ഉയർന്നുവരുന്ന നവീനമേഖലകളിൽ ഗവേഷണത്തിന് സഹായം ലഭ്യമാക്കും.

സംസ്ഥാനത്ത് ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങൾക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക സാമൂഹിക, ഭരണ ഘടകങ്ങളിൽ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കുക, ഉത്പന്നങ്ങൾക്ക് 'കേരള ബ്രാൻഡ്’ ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉത്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.

പരമ്പരാഗത വ്യവസായ മേഖലയിൽ തൊഴിൽ സംരക്ഷിച്ചുകൊണ്ട് ആധുനികവത്ക്കരണം സാധ്യമാക്കും. പുതിയ വ്യവസായനയത്തിലൂടെ നിലവിലെ വ്യവസായ സൗഹൃദ മാറ്റത്തിന് തുടർച്ചയുണ്ടാക്കാനും വ്യവസായ രംഗത്തും കേരള മാതൃക സൃഷ്ടിക്കാനും സാധിക്കും. ഓർഡർ കാണുക www.kerala.gov.in

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-10 19:12:57

ലേഖനം നമ്പർ: 1006

sitelisthead