1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ ഒരു സംസ്ഥാനമായി രൂപം കൊണ്ട കേരളം 66 വർഷങ്ങൾകൊണ്ട് നിരവധി സാമൂഹിക വികസനമുന്നേറ്റങ്ങളുടെ ചരിത്രമെഴുതി നവകേരളസൃഷ്ടിയുടെ പാതയിലാണ്. ആധുനിക സമൂഹത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പങ്കു വഹിച്ചത് ഭാഷയാണ്. ശാസ്ത്രീയമായ എഴുത്തുരീതികളുടെ കണ്ടുപിടുത്തം ഭാഷയെ സാർവത്രികമാക്കുകയും ഭാഷ സമൂഹങ്ങൾ വൈവിധ്യവത്ക്കരിക്കപ്പെടുകയും ചെയ്തു. ഭാഷാഭിവൃദ്ധിയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ലിപികൾക്കും ഏകീകൃത എഴുത്തുരീതിക്കും സുപ്രധാന പങ്ക് ഉണ്ട്. ഭാഷ ഒരു ജനതയുടെ സാംസ്‌കാരിക, സാമൂഹിക വികസന മേഖലകളിൽ സമഗ്ര സംഭാവന നൽകുന്നതിനാൽ ഒരേവിധത്തിലുള്ള എഴുത്തുരീതിയും അച്ചടി രീതിയും അനിവാര്യമാണ്.
നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന പുതിയ കൂടിച്ചേരലുകൾ സാധ്യമാക്കാനും അതിനെ ഉൾകൊള്ളാനും അതുപയോഗിക്കാനും സാധിക്കുന്ന ഭാഷയാണ് മലയാളം. വികസനത്തിന്റെ മാധ്യമമായ ഭാഷ, കാലാനുസൃതമായി മാറ്റങ്ങളിലൂടെ രൂപാന്തരം പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. ലോകത്തെ പ്രശസ്തമായ ഒട്ടുമിക്ക ഭാഷകളിൽ നിന്നുമുള്ള കടമെടുപ്പ് നടത്തിയ ഭാഷയാണ് മലയാളം. തമിഴും സംസ്കൃതവും, അറബിയും, ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷുമുൾപ്പടെയുള്ള ഒട്ടനവധി ഭാഷകളിൽ നിന്നുള്ള പദങ്ങൾ മലയാളത്തിൽ കാണാൻ സാധിക്കും. ഭാഷയുടെ തുറന്ന മനസ്സിന്റെ ഫലമായാണ് നമുക്ക് വിദേശഭാഷകളിൽ നിന്നുള്ള പദങ്ങൾ സ്വീകരിക്കാനും അതുപയോഗിക്കാനും സാധിക്കുന്നത്. അറബി-മലയാള സാഹിത്യം പോലുള്ള സങ്കര ഭാഷ സാഹിത്യം പ്രചാരം നേടിയത് ഭാഷകളോടുള്ള മലയാളത്തിന്റെ തുറന്ന സമീപനത്തിന്റെ ഭാഗമായാണ്. സംസ്കൃത-മലയാളവും തമിഴ്-മലയാളവും ഇത്തരം ഭാഷ മുന്നേറ്റത്തിന് മലയാളത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ദ്രാവിഡ ഭാഷ കുടുംബത്തിൽപ്പെട്ട, ഇന്ത്യൻ യൂണിയനിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നായ മലയാളത്തിന് 2013 മേയ് 23-ന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചു.
വാമൊഴിയിലും,വരമൊഴിയിലും (പ്രാദേശീകാടിസ്ഥാനത്തിൽ) ഒരേ പദങ്ങൾക്ക് വ്യത്യസ്ത അർഥങ്ങൾ ഉണ്ടാകാം. 100% സാക്ഷരത കൈവരിച്ച കേരളത്തിൽ, പദങ്ങളിലെ ലിപിവിന്യാസകാര്യത്തിലും ലിപികളുടെ കാര്യത്തിലും പദങ്ങളിലെ വ്യത്യസ്തരീതിയാണ് അവലംബിച്ചുവരുന്നത്. ഇത് ഭാഷയുടെ സർവതോമുഖമായ വികാസത്തിന് തടസമാണ്. ഭാഷയുടെ ആധുനികവത്ക്കരണത്തിന് സർവമേഖലകളിലും ഏകീകൃത ലിപി ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങൾ, വിദ്യാഭ്യാസം, പ്രചാരണങ്ങൾ, ഭരണം തുടങ്ങി എല്ലാ മേഖലകളിലും ഇത് പ്രതിഫലിക്കേണ്ടതുണ്ട്. ടൈപ്പ്റൈറ്റിങ്ങിലും അച്ചടിയിലും മലയാള ലിപികളുടെ ബാഹുല്യം വലിയ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് 1971-ൽ മലയാള ലിപികൾ 90 എണ്ണമാക്കി പരിമിതപ്പെടുത്തി ലിപിപരിഷ്കരണം നടത്തിയത്. എന്നാൽ എഴുതുന്നതിന് അതുവരെയുണ്ടായിരുന്ന സമ്പ്രദായം തുടർന്ന് പോരുന്നതിനും ടൈപ്പ് റൈറ്റിങ്ങിലും അച്ചടിയിലും പുതിയ രീതി അവലംബിക്കാനുമായിരുന്നു തീരുമാനിച്ചത്. ടെക്‌നോളജി അതിവേഗം വികാസം പ്രാപിക്കുന്നതോടെ ഭാഷയിലും വികാസത്തിന് സാധ്യതകൾ വർധിക്കുകയാണ്. ഇന്ന് കമ്പ്യൂട്ടറിൽ മലയാളം സാധ്യമായതോടെ ടൈപ്പിങ്ങും അച്ചടിയും പലവിധത്തിലായിത്തീർന്നു. അര നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചിരുന്ന ലിപികളുടെ പരിഷ്കരണം അത്യാവശ്യമായതിനാൽ വീണ്ടുമൊരു ലിപി പരിഷ്കരണത്തിന് 2022-ൽ ഉദ്യാഗസ്ഥഭരണപരിഷ്കാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. വിവിധ മേഖലകളിൽ നിന്നുള്ള ദീർഘകാലത്തെ ആവശ്യമാണ് ഭാഷാമാർഗനിർദേശവിദഗ്ധ സമിതിയുടെ ലിപിപരിഷ്കരണത്തിലൂടെ സാധ്യമായത്.
ഒരു പദം പലരീതിയിൽ എഴുതുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതുപോലെ കൂട്ടിച്ചേർത്തെഴുതേണ്ടിടത്തു പിരിച്ചെഴുതുന്നതും തിരിച്ചും ഉപയോഗിക്കുന്നത് ആശയാർത്ഥം നഷ്ടപെടുന്നതിന് ഇടയാക്കും. ലിപിപരിഷ്കരണത്തിനൊപ്പം ഏകീകൃത പദാവലി രൂപപ്പെടുത്തുന്നതിനും ഭാഷാമാർഗനിർദേശവിദഗ്ധ സമിതി ശ്രമിച്ചിട്ടുണ്ട്. ഭാഷാമാർഗനിർദേശവിദഗ്ധ സമിതിയുടെ ലിപിപരിഷ്കരണ കൈപ്പുസ്തകം ഇവിടെ വായിക്കാം.
സാർവദേശീയ ഭാഷയായ മലയാളത്തിന്റെ അനന്ത സാധ്യതകൾ പര്യവേഷണം ചെയ്തു ലോകഭാഷകളിൽ ഒന്നായി ഉയർത്തുക എന്ന അതി സങ്കീർണ ദൗത്യതിലാണിന്നു കേരളം. ഭാഷ വൈവിധ്യങ്ങളുടെയും സമന്വയങ്ങളുടെയും ഈ കാലഘട്ടത്തിൽ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ലിഖിതങ്ങളായ മാതൃഭാഷയെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് കേരള പിറവി ദിനമായ നവംബർ 1.
മലയാളം ഫോണ്ടുകൾ ഡൗൺലോഡു ചെയ്യുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-01 14:13:44
ലേഖനം നമ്പർ: 815