ലഹരിമുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവത്ക്കരണ പരിപാടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കലാലയങ്ങളിൽ ഒക്ടോബർ 6-ന് തുടക്കമായി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം തടയാൻ നിരവധി പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. കലാലയങ്ങളിൽ രൂപീകരിച്ച ജാഗ്രത സമിതികളുടെ ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ നടക്കുക.

വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ,  ലഹരിവിരുദ്ധ ക്യാമ്പയിൻ, വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത - കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമായ 'ലഹരിക്കെതിരെ യുവത ക്യാമറയെടുക്കുന്നു' പദ്ധതി, സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്‌ക്കാരം എന്നിവയാണ് പുതിയ പദ്ധതികൾ.

തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോ ചിത്രങ്ങൾ ക്യാമ്പസ് തലം തൊട്ട് സംസ്ഥാനതലം വരെ പ്രദർശിപ്പിക്കും. മികച്ച വീഡിയോയ്ക്ക് പുരസ്ക്കാരം നൽകും. കലാപ്രവർത്തനങ്ങളിൽ  സജീവപങ്കാളിത്തമുണ്ടാക്കി ലഹരി വിപത്തിനെതിരെ സാംസ്ക്കാരിക പ്രതിരോധമുയർത്തുന്നതാണ് സ്കൂൾ ഓഫ് ഡ്രാമയുടെ 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതി. മയക്കുമരുന്നു വിരുദ്ധ പരിപാടിക്കായി എക്‌സൈസ് വകുപ്പുമായി ചേർന്ന് ഹോസ്റ്റലുകളിൽ വാർഡൻ കൺവീനറായിയുള്ള ശ്രദ്ധ കമ്മിറ്റിയും കോളേജുകളിൽ വൈസ് പ്രിൻസിപ്പൾ കൺവീനറായുള്ള നേർക്കൂട്ടം കമ്മിറ്റിയും എല്ലാ ഹോസ്റ്റലുകളിലും കോളേജുകളിലും നടപ്പിലാക്കും. എല്ലാ ക്യാമ്പസുകളിലും വിമുക്തി ക്ലബ്ബുകൾ സ്ഥാപിക്കും. NSS-ന്റെയും NCC-യുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധസേന രൂപികരിച്ചു. ഒരു സ്ഥിരം സംവിധാനമായി ഈ സേനയെ നിലനിർത്താൻ നടപടി സ്വീകരിക്കും. നവംബർ 1-ന് കലാലയം മുതൽ തൊട്ടടുത്തുള്ള പ്രധാന ജംഗ്ഷൻ വരെ ജനശ്രദ്ധയാകർഷിച്ച് തീർക്കുന്ന മനുഷ്യ ചങ്ങലയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരക്കും. തുടർന്ന് 'ലഹരിഭൂതത്തെ!' പ്രതീകാത്മകമായി കത്തിച്ച് ക്യാമ്പയിന് സമാപനം കുറിയ്ക്കും .

വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  റോൾപ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിയ്ക്കും. NCC, SPC, NSS, സ്‌കൗട്ട് & ഗൈഡ്‌സ്, JRC, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പയിൻ ഫലപ്രദമായി നടപ്പിലാക്കും. ശ്രദ്ധ,നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷനും SCERT-യും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ പരിശീലന പരിപാടികൾക്കായി ഉപയോഗിച്ച് വരുന്നു. 

ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂർണ്ണിമ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചട്ടുണ്ട്. മികച്ച എൻട്രിയ്ക്ക് സംസ്ഥാനതലത്തിൽ ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം നൽകും. നോ ടു ഡ്രഗ്‌സ് എന്നതാണ് ഓരോ വിഭാഗത്തിനും മത്സരവിഷയം. 30  സെക്കന്റ് മുതൽ 5 മിനിട്ടു വരെയുള്ള ഹ്രസ്വചിത്രങ്ങൾ അയക്കാം. ഉപന്യാസം 1500 വാക്കിൽ കവിയരുത്. കഥ, കവിത, ഇ-പോസ്റ്റർ മത്സരങ്ങൾക്ക് മറ്റു നിബന്ധനയില്ല.

ഒരു ക്യാമ്പസിൽ നിന്ന് ഓരോ വിഭാഗത്തിലും ഓരോ എൻട്രി വീതം തിരഞ്ഞെടുത്ത് entries.bodhapoornima@gmail.com -ൽ  ഒക്ടോബർ 22 ന് മുമ്പായി ലഭിക്കണം. ഏതു വിഭാഗത്തിലേക്കുള്ള എൻട്രിയാണെന്ന് ഇ-മെയിലിൽ സബ്ജക്ടായി രേഖപ്പെടുത്തണം. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സമാപനച്ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.

നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീർക്കും. ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിളംബര ജാഥകൾ, കൂട്ടയോട്ടം, റാലികൾ തുടങ്ങിയവയും സംഘടിപ്പിയ്ക്കും. 

ജനപ്രതിനിധികൾ, രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക രംഗങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ ശൃംഖലയിൽ അണിനിരക്കും. വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും ചുറ്റിലായാണു സംരക്ഷണ ശൃംഖലയൊരുക്കാൻ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിൽ ദീർഘമായ ശൃംഖലകളൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനെടുത്തിട്ടുണ്ട്.

ലഹരി വിരുദ്ധ ശൃംഖലയൊരുക്കുന്നതിനു മുന്നോടിയായി ഒക്ടോബർ 22ന് എല്ലാ നിയോജക മണ്ഡലങ്ങളിലും നിമസഭാ സാമാജികരുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ വെളിച്ചം തെളിക്കും. ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 24നു വീടുകളിൽ ലഹരിക്കെതിരേ വെളിച്ചം തെളിക്കും.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-28 13:24:32

ലേഖനം നമ്പർ: 793

sitelisthead