സംസ്ഥാനത്തെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി നിലനിർത്തുന്നതിന് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സമ്പൂർണ ജലശുചിത്വ യജ്ഞമാണ് ‘തെളിനീരൊഴുകും നവകേരളം’. ആധുനികവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും പരിണിത ഫലമായി കേരളത്തിന്റെ ജലസ്രോതസ്സുകൾ മലിനമായി ഉപയോഗശൂന്യമായിക്കോണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള 'തെളിനീരൊഴുകും നവകേരളം' കാമ്പയിൻ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാകുന്നത്. കേരളത്തിന്റെ ജലസമ്പത്തിനെ ഉപയോഗ്യമാക്കി സംസ്ഥാനത്തിന്റെ സാമൂഹ്യ -സാമ്പത്തിക ആരോഗ്യ രംഗത്തെ പരിപോഷിക്കുന്നതിൽ ഈ ജനകീയ കാമ്പയിൻ സുപ്രധാന പങ്ക് വഹിക്കുന്നു. തദ്ദേശ സ്വയ ഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയാണ് കാമ്പയിൻ  സംഘടിപ്പിക്കുന്നത്.

മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ  ഇവ മാലിന്യ മുക്തമാക്കുക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. തുടർന്ന് മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും  മലിനീകരണം ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഉണ്ടാക്കി  മാലിന്യനിക്ഷേപം തടയുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കർമ്മപദ്ധതി രൂപീകരിക്കുകയും ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അനുബന്ധ ഏജൻസികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പദ്ധതി സംയോജനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും ശാസ്ത്രീയ ഖര, ദ്രവ മാലിന്യ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന് പ്രാപ്തമാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാമ്പയിൻ ഏറ്റെടുത്ത് നീരൊഴുക്കുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഇതിനോടകം കാര്യമായി തന്നെ ഇടപെടുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തുന്നത്തിനും വേണ്ടി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പരിധിയിലെ ജല സ്രോതസുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്തുക, മലിനീകാരികളായ ഉറവിടങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക, ജനകീയ പങ്കാളിത്തത്തോടെ മലിനീകാരികളായ ഉറവിടങ്ങളെ നീക്കം ചെയ്ത് ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌ക്കരണ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, ജലസ്രോതസുകളുടെ വൃത്തിയും ശുചിത്വവും നിലനിർത്തുക, പാഴ്‌വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കി ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക, ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുക, വിവരവിജ്ഞാന വ്യാപന മാർഗങ്ങളിലൂടെ 'ജലസ്രോതസുകൾ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്' എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്നിവയാണ് കാമ്പയിൻ പ്രവർത്തനങ്ങൾ.

ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലുടനീളം ജലനടത്തം സഘടിപ്പിക്കുകയും ജി. ഐ .എസ്. (Geographic Information System) സംവിധാനത്തിലൂടെ മാലിന്യ ജലസ്രോതസ്സുകൾ കണ്ടെത്തി ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 80,000 ജലസ്രോതസ്സുകൾ  പഠനത്തിന് വേണ്ടി തിരഞ്ഞെടുത്തിട്ടുണ്ട് . സർവതല സ്പർശിയായ വിവര വിജ്ഞാന വ്യാപന ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-04-27 12:36:04

ലേഖനം നമ്പർ: 531

sitelisthead