Puthuyuga Keralam

കേരള നോളജ് വാലി: കേരളത്തിന്റെ വിജ്ഞാനഭാവി

 

കേരളത്തെ ആഗോള നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കേരള നോളജ് വാലി (Kerala Knowledge Valley) സ്ഥാപിക്കുന്നു. ലോകോത്തര സർവകലാശാലകൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), വ്യവസായ-അക്കാദമിക് സഹകരണ സംവിധാനങ്ങൾ എന്നിവയെ ഒരൊറ്റ വിജ്ഞാന ആവാസവ്യവസ്ഥയിൽ ഏകോപിപ്പിക്കുന്ന സമഗ്ര പദ്ധതിയായിരിക്കും ഇത്.

ലോകോത്തര വിദ്യാഭ്യാസം

ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകേണ്ട സാഹചര്യം കുറയ്ക്കുകയും, അതേ നിലവാരത്തിലുള്ള അക്കാദമിക് അവസരങ്ങൾ കേരളത്തിൽ തന്നെ സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേശീയ-അന്തർദേശീയ നിലവാരമുള്ള പഠന-ഗവേഷണ സൗകര്യങ്ങൾ സംസ്ഥാനത്ത് ലഭ്യമാകുന്നതിലൂടെ കേരളം വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കും.

അക്കാദമിക് മികവ്

ദേശീയ-അന്തർദേശീയ സർവകലാശാലാ റാങ്കിംഗുകളിൽ മുൻനിരയിലുള്ള സർവകലാശാലകളെയും ലോകപ്രശസ്ത Legacy Universities-കളെയും കേരളത്തിലേക്ക് ആകർഷിക്കുന്ന രീതിയിലാണ് കേരള നോളജ് വാലി രൂപകൽപ്പന ചെയ്യുന്നത്. അക്കാദമിക് മികവും ശാസ്ത്രീയ വൈദഗ്ധ്യവും ഉറപ്പാക്കുന്നതിനായി വിദഗ്ധ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കും.

ഗവേഷണവും നവീകരണവും

അത്യാധുനിക ഗവേഷണ പാർക്കുകൾ, നവീകരണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പ് പിന്തുണാ സംവിധാനങ്ങൾ എന്നിവയിലൂടെ ഗവേഷണത്തെ പ്രായോഗിക പരിഹാരങ്ങളായും സംരംഭങ്ങളായും മാറ്റുന്നതിനുള്ള ശക്തമായ ആവാസവ്യവസ്ഥ സൃഷ്ടിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സംരംഭകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിജ്ഞാന-നവീകരണ കേന്ദ്രമായി കേരള നോളജ് വാലി വളരും.

വ്യവസായ-വിദ്യാഭ്യാസ സഹകരണം

രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായ മേഖലയുമായും ശക്തമായ സഹകരണ ബന്ധം സ്ഥാപിച്ച് തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നൈപുണ്യ വികസനത്തിനും ഗവേഷണത്തിനും പ്രോത്സാഹനം നൽകും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ആഗോള തൊഴിൽ അവസരങ്ങളും സംരംഭകത്വ സാധ്യതകളും വർധിക്കും.

വിജ്ഞാന സമ്പദ്‌വ്യവസ്ഥ

ഗവേഷണ നേട്ടങ്ങളെ വ്യവസായങ്ങളായും സ്റ്റാർട്ടപ്പുകളായും സാങ്കേതികവിദ്യകളായും മാറ്റുന്നതിലൂടെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഊർജം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ മാതൃക കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ ആകർഷണത്തിനും പുതിയ വഴികൾ തുറക്കും.

ഏഷ്യയുടെ വിജ്ഞാനകേന്ദ്രം

കേരള നോളജ് വാലിയിലൂടെ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസവും ഗവേഷണ അവസരങ്ങളും സ്വന്തം നാട്ടിൽ തന്നെ ലഭ്യമാകും. ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തെ ഏഷ്യയിലെ പ്രമുഖ ബൗദ്ധിക-വിജ്ഞാന കേന്ദ്രമായി ഉയർത്തുന്നതിനുള്ള ശക്തമായ അടിത്തറയാകും ഈ സംരംഭം.

₹100 കോടി വകയിരുത്തൽ

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ₹100 കോടി വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം സ്വകാര്യ സർവകലാശാലാ നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ നടപ്പാക്കി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കേരള നോളജ് വാലി ഒരു വിദ്യാഭ്യാസ പദ്ധതി മാത്രമല്ല; വിജ്ഞാനം, ഗവേഷണം, നവീകരണം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ മുൻനിരയിലെത്തിക്കുന്ന ഭാവിദർശനമുള്ള വികസന ദൗത്യമാണ്. പുതിയ തലമുറയ്ക്ക് ലോകോത്തര അവസരങ്ങൾ കേരളത്തിൽ തന്നെ സൃഷ്ടിക്കുന്ന ഈ സംരംഭം സംസ്ഥാനത്തിന്റെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ദിശയും കരുത്തും നൽകും.

അനുബന്ധ ലേഖനങ്ങൾ

വയനാട് ട്രൈബൽ സർവകലാശാല: തദ്ദേശീയ വിജ്ഞാനത്തിന്റെ ആഗോള കേന്ദ്രം

  ആദിവാസി സമൂഹങ്ങളുടെ തനത് സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാന സമ്പത്തും സംരക്ഷിക്കുകയും, അവയെ ആധുനിക വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയുമായി സമന്വയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ "വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും" (Wayanad Tribal University and Indigenous Knowledge Zone) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആദിവാസി സമൂഹങ്ങളുടെ സമഗ്ര വികസനത്തിനും വിജ്ഞാനാധിഷ്ഠിത ശാക്തീകരണത്തിനും വഴിയൊരുക്കുന്ന ദീർഘവീക്ഷണമുള്ള സംരംഭമാണിത്.

കൂടുതൽ വിവരങ്ങൾ

മിഷൻ സമുദ്ര: കേരളത്തെ ആഗോള സമുദ്രശക്തിയാക്കി മാറ്റുന്ന വികസനദൗത്യം

  കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന മഹത്തായ പദ്ധതിയാണ് മിഷൻ സമുദ്ര. സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾ