യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ശേഖരിച്ച് സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കെഎസ്ആർടിസി ചലോ (KSRTC Chalo) മൊബൈൽ ആപ്പിൽ പുതിയ ഫീഡ്‌ബാക്ക് & റേറ്റിംഗ് സംവിധാനം ആരംഭിച്ചു.
യാത്രക്കാരുടെ അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും, അവയെ അടിസ്ഥാനമാക്കി സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം പ്രിയദർശിനി സൗജന്യ യാത്രക്കാർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് ഓരോ യാത്രയ്ക്ക് ശേഷവും തങ്ങളുടെ യാത്രാനുഭവം കെഎസ്ആർടിസി ചലോ ആപ്പ് വഴി വിലയിരുത്താൻ കഴിയും. യാത്രയുടെ സുരക്ഷ, സമയനിഷ്ഠ, ബസിലെ സൗകര്യങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, യാത്രാസൗകര്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് റേറ്റിംഗ് നൽകുന്നതിനൊപ്പം യാത്രക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനും അവസരമുണ്ടാകും.
കെഎസ്ആർടിസി ചലോ ആപ്പിലൂടെ ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ ഒരു കേന്ദ്രീകൃത സംവിധാനത്തിൽ ശേഖരിച്ച് വിശകലനം ചെയ്യും. ഓരോ സർവീസിന്റെയും പ്രകടനം, ജീവനക്കാരുടെ സേവന മികവ്, യാത്രക്കാരുടെ സംതൃപ്തി എന്നിവ വിലയിരുത്തുന്നതിനും മികച്ച സേവനം നൽകുന്ന ജീവനക്കാരെയും സർവീസുകളെയും തിരിച്ചറിയുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും. അതോടൊപ്പം, യാത്രക്കാർ ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ വനിതാ യാത്രക്കാരുടെ സുരക്ഷ, സൗകര്യം, സംതൃപ്തി എന്നിവ പ്രത്യേകം വിലയിരുത്തുന്നതിനും അവരുടെ യാത്രാനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീഡ്‌ബാക്ക് സംവിധാനം സഹായകമാകും. വനിതാ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പദ്ധതിയുടെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തും.
യാത്രക്കാരുടെ അഭിപ്രായങ്ങൾ ഒരു പൊതുഗതാഗത സ്ഥാപനത്തിന്റെ വളർച്ചയ്ക്കും സേവന നിലവാരം ഉയർത്തുന്നതിനും ഏറ്റവും വിലപ്പെട്ടതാണ്. പുതിയ ഫീഡ്‌ബാക്ക് സംവിധാനം യാത്രക്കാരുടെ ശബ്ദം നേരിട്ട് കേൾക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-20 09:48:19
ലേഖനം നമ്പർ: 2035