2017 മുതൽ രാജ്യത്ത് നടപ്പിൽ വന്ന ചരക്കുസേവന നികുതി നിയമനത്തിനനുസൃതമായി സംസ്ഥാനത്തെ നികുതി ഭരണ സംവിധാനത്തെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ  ജി.എസ്.ടി വകുപ്പ്  സമൂലമായി പുന:സംഘടിപ്പിച്ച് കേരളം. കേരളത്തിലെ നികുതി ഭരണസംവിധാനത്തിലെ അതിനിർണായകമായ ചുവടുവയ്പാണിത്. ജി.എസ്.ടി നിയമം നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ ആദ്യമായി കേരളമാണ് നികുതി വകുപ്പിനെ സമഗ്രമായി  പുനഃസംഘടിപ്പിക്കുന്നത്. ടാക്സ് പേയർ സർവീസസ്, ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്മെന്റ് എന്നിങ്ങനെ മൂന്ന് ശ്രേണികളിലായാന്ന് വകുപ്പിനെ പുനഃസംഘടിപ്പിച്ചിരിക്കുന്നത്. വാറ്റ് / വിൽപ്പന നികുതി കാലഘട്ടത്തിലെ പ്രവർത്തന രീതിയിൽ സമൂലമായ മാറ്റം വരുത്തി ജി.എസ്. ടി സമ്പ്രദായം പൂർണ്ണമായും നടപ്പിൽ വരുത്തുകയാണ് പുനസംഘടനയുടെ പ്രഥമ ലക്‌ഷ്യം. നികുതിദായകർക്ക് മെച്ചപ്പെട്ട സേവനം നൽകുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി ചോർച്ച തടയുക , കൂടാതെ   തുടര്‍ച്ചയായ പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ദ്യവും പ്രൊഫഷണലിസവും ആർജിക്കുകയും നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കുകയും ചെയ്യുകയെന്നത് പുനസംഘടനയുടെ ലക്ഷ്യങ്ങളാണ്.

വകുപ്പിന്റെ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളിലും നിലവിലുണ്ടായിരുന്ന നികുതി നിയമങ്ങളുടെ ഭാഗമല്ലാതിരുന്ന ഓഡിറ്റ് പുനസംഘടനയോടുകൂടി  ഏറ്റവും പ്രധാനപ്പെട്ട നികുതി നിര്‍ണ്ണയ സംവിധാനമായി മാറും. ആധുനിക നികുതി ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർണയ രീതികളിലൊന്ന് ഓഡിറ്റാണ്. നിലവിൽ സംസ്ഥാന നികുതിവകുപ്പിന്റെ പരിശോധനാ രീതികളിൽ ഓഡിറ്റ് ഉൾപ്പെട്ടിരുന്നില്ല. ഓഡിറ്റ് പരിശോധന  നികുതി സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ കൂടുതൽ ശാസ്ത്രീയമായും കാര്യക്ഷമമായും നികുതി നിർണയിക്കാൻ കഴിയും. വ്യപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഇനി മുതൽ പരിശോധിക്കുന്നത് ഓഡിറ്റ് വിഭാഗമാകും. റിട്ടേൺ ഫയലിങ് നിരീക്ഷണം, പ്രതിമാസ റിട്ടേണുകളുടെ സൂക്ഷ്മപരിശോധന, റീഫണ്ടുകൾ, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പ് എന്നിവയാണ് ടാക്സ് പേയർ സേവന വിഭാഗം കൈകാര്യം ചെയ്യുന്നത്.  നികുതി വെട്ടിപ്പ് കണ്ടെത്തുകയും, തടയുകയുമാണ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതല.പുനഃസംഘടനയ്ക്ക് ശേഷം വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി രജിസ്ട്രേഷൻ അപേക്ഷകളുടെ പരിശോധനയും തീർപ്പും പൂർണമായും നടത്തുന്നത് കേന്ദ്രീകൃത രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നാകും. ഇത് രജിസ്ട്രേഷൻ അപേക്ഷകൾ സമയബന്ധിതമായും പരാതിരഹിതമായും തീർപ്പാക്കാൻ സഹായിക്കും. മുമ്പ് രജിസ്ട്രേഷൻ അപേക്ഷകൾ തീർപ്പാക്കിയിരുന്നത് അതാത് സ്ഥലത്തെ ജി.എസ്.ടി ഓഫീസുകളായിരുന്നു.

മഹാമാരിയുടെ പ്രതിസന്ധിയിൽനിന്ന്‌ സംസ്ഥാന സമ്പദ്‌വ്യവസ്ഥ കരകയറുകയാണ്. കൃത്യമായ  ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന്റെ വരുമാനത്തിൽ 13,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്.  ഈ മികച്ച പ്രവർത്തനം കൂടുതൽ ഉണർവോടെ മുന്നോട്ട് കൊണ്ടുപോകാനാണ് സംസ്ഥാനം  ലക്ഷ്യമിടുന്നത്. കേരളത്തിലെ ആകെ ചരക്കുസേവന വിനിമയങ്ങൾക്കനുസൃതമായ നികുതി വരുമാനം ചോർച്ചയില്ലാതെ പിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്കടുക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പിലെ പുനഃസംഘടന ഉപകരിക്കും. ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ അതിർത്തികളിലൂടെ ഉണ്ടാകാനിടയുള്ള നികുതി വെട്ടിപ്പ് തടയുന്നതിന് ആധുനിക സംവിധാനങ്ങളുള്ള സിസിടിവി കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സമൂലമായ മാറ്റമാണ് ഉദ്യോഗസ്ഥതലത്തിൽ വരുത്തിയിട്ടുള്ളത്. 404 പുതിയ തസ്തികൾ വകുപ്പിൽ ഇതുനുബന്ധിച്ച് സൃഷ്ടിക്കപ്പെട്ടു. 24 ഡെപ്യൂട്ടി കമീഷണർമാരുടെയും 380 അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരുടെയും തസ്തികകൾ പുതുതായി സൃഷ്ടിച്ചു. 31 ടാക്സ് പേയർ ഡിവിഷനും 94 ടാക്സ് പേയർ യൂണിറ്റും ഏഴ്‌ ഓഡിറ്റ് സോണും 41 ഇന്റലിജൻസ് യൂണിറ്റും 47 എൻഫോഴ്സ്മെന്റ് യൂണിറ്റും നിലവിൽ വന്നു.
 
2017 ജൂലൈയിൽ ജിഎസ്ടി നിയമം നടപ്പായതോടെ ഒരു പുതിയ നികുതി സമ്പ്രദായത്തിനാണ് രാജ്യത്ത് തുടക്കമായത്. ചരക്കുകളുടെയും സേവനങ്ങളുടെയും മേൽ ചുമത്തിയിരുന്ന പരോക്ഷ നികുതികളെല്ലാം ഒരു കുടക്കീഴിലാകുകയും നികുതി നിർണയാവകാശം സംസ്ഥാനങ്ങളിൽനിന്ന്‌ എടുത്തുമാറ്റപ്പെടുകയും ചെയ്തു. കേന്ദ്രത്തിന് നിർണായക ഭൂരിപക്ഷമുള്ള ജിഎസ്ടി കൗൺസിലാണ് ചരക്കുസേവന നികുതിയുടെ മേൽ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന അധികാരകേന്ദ്രം. പെട്രോളിയം ഉൽപ്പന്നങ്ങൾ, മദ്യം എന്നിങ്ങനെ ചുരുക്കം ചില ചരക്കുകളുടെ മേൽ നികുതി പിരിക്കാനുള്ള അധികാരം മാത്രമേ ഇന്ന് സംസ്ഥാനങ്ങൾക്കുള്ളൂ. പതിനഞ്ചാം ധന കമീഷന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ വരുമാനത്തിന്റെ 62.7 ശതമാനം കേന്ദ്രത്തിനാണ്. ചെലവിന്റെ കാര്യത്തിലാകട്ടെ, 62.4 ശതമാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ, ജിഎസ്ടി വരുമാനത്തിന്റെ നേർപകുതി കേന്ദ്രത്തിനാണ്. നികുതി വിഹിതത്തിലെ കുറവ്, റവന്യു കമ്മി ഗ്രാന്റിൽ വന്ന കുറവ്, ജിഎസ്‌ടി നഷ്ട പരിഹാരം നിർത്തലാക്കിയത്, കടമെടുപ്പ്‌ പരിധി കുറച്ചത്, കടമെടുപ്പിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നത് എന്നിവ കാരണം ഏകദേശം 40000 കോടി രൂപയോളം കുറവാണ് കേരളത്തിന് അർഹമായ വരുമാനത്തിൽ ഈ വർഷം വരുന്നത്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനും നികുതി ഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനും ജി.എസ്. ടി പുനഃസംഘടന ഉപകരിക്കും .

ഉത്തരവ് (G.O.(M.S) No.106/2022/Taxes dated 29.12.2022 )

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-19 18:03:12

ലേഖനം നമ്പർ: 910

sitelisthead