എച്ച്.ഐ.വി. /എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി. പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി 1988 മുതൽ ഡിസംബർ 1 ഐക്യരാഷ്ട്ര സംഘടന എയ്ഡ്സ് ദിനമായി ആചരിക്കുന്നു. “EQUAILIZE" "ഒന്നായി തുല്യരായി തടുത്തു നിർത്താം എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി.അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി.അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും ART ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.

പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലൂന്നിയുള്ള നിരവധി നിർമാർജന പ്രതിരോധ  പ്രവർത്തനങ്ങളാണ് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വഴി സംസ്ഥാനത്ത്  നടപ്പിലാക്കുന്നത്. എയ്ഡ്സ്  രോഗികളുടെ ചികിത്സയ്ക്കായി ഉഷസ് കേന്ദ്രങ്ങളും, എച്ച്.ഐ.വി.  പരിശോധനയ്ക്കും കൗൺസിലിംഗിനുമായി ജ്യോതിസ് കേന്ദ്രങ്ങളും പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സയും അണുബാധ വ്യാപനം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും അണുബാധാസാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. എച്ച്.ഐ.വി. നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എയ്ഡ്സ്നെകുറിച്ചുള്ള സംശയങ്ങൾക്കും കൗൺസിലിംഗിനും 1097 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

എച്ച്.ഐ.വി.  അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ കേരളത്തിൽ 0.06 ആണ്.  ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. 2025 ആവുന്നതോടെ എച്ച്.ഐ.വി. വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊർജിത പ്രവർത്തനങ്ങളാണ് നടക്കുന്നത്. 

വർണ്ണ വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എച്ച്.ഐ.വി. /എയ്ഡ്സിനേ ഇല്ലാതാക്കാൻ സാധിക്കൂ. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്.ഐ.വി. ) ആണ് എയ്ഡ്സ് പരത്തുന്നത്. എച്ച്.ഐ.വി. ബാധിക്കുന്നതിന്റെ ഫലമായി രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. ആരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പൊതുവേ കാണിക്കാറില്ല. ലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ 2 വർഷം മുതൽ 15 വർഷം വരെ എടുക്കാം. പനി, തൊണ്ടവേദന, തൊലിപ്പുറത്തുള്ള പാടുകൾ ഓക്കാനം , തലവേദന , പൂപ്പൽബാധ, മോണരോഗം, കപ്പോസിറ്റ് സാർക്കോമ്മ(ഒരുതരം അർബുദം), നിരന്തരമായുള്ള വായിലെ പുണ്ണ്, ഹെർപ്പിസ് ബാധ തുടങ്ങിയവയാണ് എയ്ഡ്സിന്റെ പ്രധാന ലക്ഷണങ്ങൾ. ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയുക, വയറിളക്കം, ദീർഘകാലത്തെ പനി, കയല വീക്കം എന്നിവയ്ക്കൊക്കെ കാരണമാകാം.

പ്രധാനമായും എച്ച്.ഐ.വി. പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം,  രോഗബാധിതരിൽ നിന്നും രക്തം അല്ലെങ്കിൽ അവയവം എന്നിവ സ്വീകരിക്കുന്നത് വഴി, അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, അമ്മയിൽ നിന്ന് കുട്ടികളിലേക്ക് ശരീര സ്രവം വഴി എന്നിവയിലൂടെയാണ്. വൈറൽ കൾച്ചർ, PCR, P 24 ആന്റിജൻ ഡിറ്റക്ഷൻ, എലിസ, ഇൻഡയറക്ട് ഇമ്മ്യൂണോ ഫ്ലൂറസന്റ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകൾ വഴിയാണ് എച്ച്.ഐ.വി.  കണ്ടെത്തുന്നത്. എച്ച്.ഐ.വി.  പരിശോധനയ്ക്കായി ICTC ജ്യോതിസ് കേന്ദ്രങ്ങൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലുൾപ്പടെ കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്നുണ്ട്. എയ്ഡ്‌സ് പൂർണമായും സുഖപ്പെടുത്താൻ കഴിയില്ലെങ്കിലും ആന്റി റെട്രോ വൈറൽ തെറാപ്പി(ART) ചികിത്സയിലൂടെ വൈറസ് ലോഡ് കുറയ്ക്കാനും രോഗികൾക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും സാധിക്കുക. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഉഷസ് പദ്ധതി വഴിയാണ് ഇതിനായുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി അണുബാധിതർക്ക് മരുന്ന്, ചികിത്സ, കൗണ്‍സലിംഗ് തുടങ്ങിയവ നൽകുന്നതിനൊപ്പം അവർക്ക് പുനരധിവാസവും പരിശീലനവും നിയമസഹായവും നൽകി വരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള  പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സാഹചര്യവും സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ വഴി നടപ്പിലാക്കി വരുന്നു. എയ്ഡ്സ് രോഗികൾക്കുള്ള ആന്റി റിട്രോവൈറൽ ചികിത്സ സൗജന്യമായി നൽകുന്ന സർക്കാർ സേവനകേന്ദ്രമാന് ഉഷസ്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രധാന ജില്ല  ജനറൽ ആശുപത്രികളിലും ഉഷസ് കേന്ദ്രങ്ങളുണ്ട്. ഉഷസ് ഉപകേന്ദ്രങ്ങൾ സംസ്ഥാനത്തെമ്പാടും പ്രവർത്തിച്ചു വരുന്നുണ്ട്.സൗജന്യ പരിശോധനയ്ക്കും കൗൺസലിങ്ങിനുമായി മെഡിക്കൽ കോളജുകൾ, ജില്ല–ജനറൽ–താലൂക്ക് ആശുപത്രികൾ, തിരഞ്ഞെടുത്ത ESI ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, പ്രധാന ജയിലുകൾ എന്നിവിടങ്ങളിൽ ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സ (എആർടി) പുലരി വഴി ലഭ്യമാകും. എച്ച്.ഐ.വി.  അണുബാധസാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് സുരക്ഷ പദ്ധതി വഴിയാണ്. രക്തദാനം പ്രോത്സാഹിപ്പിക്കാൻ കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന റെഡ് റിബൺ ക്ലബുകൾ, അണുബാധിതർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടി ക്കുന്നതിനും ചികിത്സാ സേവനങ്ങൾക്കും പോസിറ്റീവായി ജീവിക്കുന്നതിനും വേണ്ടി സമഗ്രസേവനകേന്ദ്രങ്ങളായി കെയർ ആൻഡ് സപ്പോർട്ട് കേന്ദ്രങ്ങളും ഹെൽപ്പ് ഡസ്കുകളും പ്രവർത്തിച്ചുവരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-01 15:56:58

ലേഖനം നമ്പർ: 858

sitelisthead