കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന പ്രധാന മേഖലയാണ് തുറമുഖ-മത്സ്യബന്ധന വികസനം. വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിലെ മത്സ്യമേഖല 2017-18 കാലഘട്ടത്തിൽ ജിഡിപിക്ക് 1.58 ശതമാനവും സമുദ്രോത്പ്പന്ന കയറ്റുമതിയിലൂടെ 5919.02 കോടി രൂപയുടെ റെക്കോർഡ് നേട്ടവുമാണ് നൽകിയത്. കേരളത്തിന്റെ തീരദേശങ്ങളിൽ മത്സ്യബന്ധനവുമായി കടലിനെ ആശ്രയിച്ചു കഴിയുന്നവർ ഏകദേശം 10 ലക്ഷത്തിലധികമാണ്. നിലവിൽ 222 കടലോര മത്സ്യഗ്രാമങ്ങളും ഉൾനാടൻ മേഖലയിൽ 113 മത്സ്യഗ്രാമങ്ങളുമാണുള്ളത്. 6 വർഷം കൊണ്ട് ഈ മേഖലയിൽ 6417 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തികളാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പ് ഈ കാലയളവിൽ 4507 കോടി രൂപയുടെ പദ്ധതികളും, കിഫ്‌ബി 316 കോടി രൂപയുടെയും ഹാർബർ ആൻഡ് എൻജിനിയറിംഗ് വകുപ്പ് 294 കോടി രൂപയുടെ പദ്ധതിയും നടപ്പിലാക്കി.
സമുദ്രമേഖലയിലെ എല്ലാ വികസന പ്രവർത്തനങ്ങളുടെയും ആനുകൂല്യങ്ങൾ നിർദിഷ്ട സമയപരിധിയിൽ മത്സ്യത്തൊഴിലാളി സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എല്ലാ വികസന ക്ഷേമ പ്രവർത്തങ്ങളും നടത്തി വരുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമാശ്വാസത്തിന് ഇന്ത്യയിൽ ആദ്യമായി പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഓഖി ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വികസനത്തിനും പുനരധിവാസത്തിനും വിപുലമായ സമാശ്വാസ പ്രവർത്തങ്ങളാണ് കേരളത്തിൽ നടത്തിയത്. 72 വീടുകൾ പൂർണ്ണമായും 458 വീടുകൾ ഭാഗികമായും തകർന്ന സാഹചര്യത്തിൽ പൂർണ്ണമായും തകർന്ന വീടുകൾ നിർമിക്കുന്നതിന് സ്ഥലമടക്കം കണ്ടെത്തി വീട് നിർമിക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നൽകുന്നതിന് 7 കോടി 40 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്. ഓഖി ബാധിതരുടെ മക്കൾക്ക് 2037 വരെയുള്ള സൗജന്യ വിദ്യാഭ്യാസത്തിന് 13.92 കോടി രൂപ വകയിരുത്തി.
ദുരിത ബാധിതരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ നടത്തിയ പ്രവർത്തങ്ങളുടെ മകുടോദാഹരണമാണ് ഓഖി സമയത്ത് എല്ലാ മത്സ്യത്തൊഴിലാളികൾക്കും 2000 രൂപയും മത്സ്യ ബന്ധനത്തിനു പോകാൻ കഴിയാതിരുന്ന കുടുംബങ്ങൾക്ക് 3000 രൂപയും നൽകിയത്. നഴ്‌സിംഗ് ബിരുദധാരിയായ ഓഖി ബാധിതയുടെ ആശ്രിതക്ക് ആരോഗ്യവകുപ്പിൽ സെക്കൻഡ് ഗ്രേഡ് ആയി നിയമനം നൽകി.
പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും പശ്ചാത്തലത്തിൽ ആർത്തലയ്ക്കുന്ന കടലിനെ പേടിക്കാതെ ഉറങ്ങുകയെന്ന തീരദേശ നിവാസികളുടെ ആവശ്യം കണക്കിലെടുത്തു സർക്കാർ നൽകിയ സമാശ്വാസ പദ്ധതിയാണ് 2450 കോടി രൂപയുടെ പുനർഗേഹം . വേലിയേറ്റ രേഖയിൽ നിന്നും നിന്നും 50 മീറ്റർ പരിധിയിൽ താമസിക്കുന്ന 18685 കുടുംബങ്ങളെ സുരക്ഷിത ഭാവനങ്ങളിലേക്ക് പദ്ധതി പ്രകാരം മാറ്റി പാർപ്പിച്ചു വരുന്നു. ഇവരിൽ 584 കുടുംബങ്ങൾക്ക് സുരക്ഷിതഭവങ്ങളുടെ താക്കോൽ കൈമാറി. 1252 പേർക്ക് 6 ലക്ഷം രൂപ മുടക്കിൽ ഭൂമി വാങ്ങി നൽകി. 4 ലക്ഷം രൂപ വച്ച് 599 വീടുകൾ പൂർത്തികരിച്ചു. വലിയതുറ സ്‌കൂളിൽ താമസിച്ചിരുന്ന 192 കുടുംബങ്ങൾക്ക് മുട്ടത്തറയിൽ ഫ്‌ളാറ്റ് വെച്ച് നൽകി. കാരോട് വില്ലേജിൽ തെക്കേ കൊല്ലംകോട്, പരുത്തിയൂർ പ്രദേശത്തെ തൊഴിലാളികൾക്ക് 128 ഫ്ലാറ്റുകളും ബീമാപള്ളിയിൽ 20 ഫ്ലാറ്റുകളും നൽകി. 1062 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി.
40 സ്ത്രീകൾക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലുള്ള നെറ്റ് ഫാക്ടറിയിൽ ജോലി നൽകി. 156 കുട്ടികൾക്ക് വിദ്യാഭ്യാസ അനുകൂല്യമായി 1.94 കോടി രൂപ നൽകി. മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയിലൂടെ ഇതുവരെ നൽകിയത് 322 കോടി രൂപയുടെ സഹായം. ഇതോടെ കടലിലും ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മേഖലയിലെ 1,09,343 കുടുംബങ്ങൾക്ക് കടബാധ്യത ഒഴിവായി. 2021 ഡിസംബർ വരെ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മുമ്പാകെയുള്ള അപേക്ഷകളെല്ലാം തീർപ്പായി.
തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജും കടൽ ഭിത്തി നിർമാണത്തിന് 2300 കോടി രൂപയും സ്വാന്തന തീരം പദ്ധതിയിൽ മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പെൻഷൻകാർക്കും ഗുരുതരരോഗങ്ങൾക്ക് 5 വർഷത്തേക്ക് തുടർചികിത്സ സഹായവും നൽകി. വിഴിഞ്ഞം കോട്ടുകാൽ വില്ലേജുകളിലെ ചിപ്പി തൊഴിലാളികൾ, കട്ടമര തൊഴിലാളികൾ കമ്പവല(കരമടി) തൊഴിലാളികളായ 2640 പേർക്ക് ജീവനോപാധി പാക്കേജായി 99.94 കോടി രൂപയും നൽകി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡിയായി 27.15 കോടി രൂപ നൽകി. കൂടാതെ സാഫ് മുഖേന നിരവധി പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നുണ്ട്.
5 വർഷം കൊണ്ട് 5300 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്ത് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നടപ്പിലാക്കും. ഇതിന്റെഭാഗമായി 2022-23 ബജറ്റിൽ 1500 കോടി രൂപയാണ് നീക്കി വെച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച തീരസംരക്ഷണ പദ്ധതയിൽ 1500 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ജലസേചന വകുപ്പ് ഇതിനോടകം തുടക്കം കുറിച്ചു. തീരസംരക്ഷണം, പാർപ്പിടം, ഹാർബർ നിർമാണം, മാർക്കറ്റ് നവീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സമഗ്ര പാക്കേജ് നടപ്പിലാക്കുന്ന സർക്കാർ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കി ഓരോ മത്സ്യത്തൊഴിലാളിയുടെയും ജീവിതം ചേർത്ത് നിർത്തിയാണ് ക്ഷേമാശ്വാസപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-17 14:55:23
ലേഖനം നമ്പർ: 875