കേരളത്തിന്റെ  ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ പുരോഗതിയുടെ പാതയിലെത്തിക്കുന്നതിനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കുമായി ഒട്ടനേകം സുസ്ഥിര  കാർഷിക നയങ്ങളാണ്  കേരള സർക്കാർ ആവിഷ്കരിച്ചു വരുന്നത്. കർഷകർക്കു പിന്തുണ നൽകി  ജനകീയ കാർഷിക വികസന പദ്ധതികളിലൂടെ   കർഷകരുടെ ക്ഷേമത്തിനും വികസനത്തിനിമയി  കാർഷിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മികച്ച മുന്നേറ്റങ്ങളാണ് നടന്നു വരുന്നത്.

ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട് . നമുക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉത്പാദിപ്പിച്ച് ഉപയോഗിക്കുക എന്ന ശീലത്തിലേക്ക് മലയാളികളെ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് വകുപ്പ്. ഇതിന്റെ ഭാഗമായാണ് ഞങ്ങളും കൃഷിയിലേക്ക്, കൃഷി ദർശൻ, കാർഷിക അവാർഡുകൾ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. വിളയെ അടിസ്ഥാനമാക്കിയല്ല വിളയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷി സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.


ഓഗസ്റ്റ് 17 നു സംസ്ഥാനമൊട്ടാകെ ഒരു ലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കും.  സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്ത് വാർഡുകളിലും കുറഞ്ഞത് ആറ് കൃഷിയിടങ്ങൾ വീതം പുതുതായി കണ്ടെത്തി കൃഷി ഇറക്കുവാനാണ് പദ്ധതി. പുതുതായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫോട്ടോയും വീഡിയോയും കൃഷിഭവൻ മുഖേന ശേഖരിച്ച് സംസ്ഥാനതലത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ ഡോക്യുമെന്റ് ചെയ്യും. മികച്ച ഫോട്ടോ/ വീഡിയോ എന്നിവയ്ക്ക് സമ്മാനവും നൽകും.'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തിലായിരിക്കും പുതു കൃഷിയിടങ്ങളുടെ നടത്തിപ്പ്. അതാത് വാർഡ് മെമ്പർ അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട വാർഡ് തല സമിതി അല്ലെങ്കിൽ വാർഡ് മെമ്പർ ചുമതലപ്പെടുത്തുന്ന ഒരു കർഷകനായിരിക്കും വാർഡിലെ കൃഷിക്കു നേതൃത്വം നൽകുക.

പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്റെ നാട്ടുപീടിക കണ്ടെയ്നർ

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ വിപണനം ചെയ്യുന്നതിനായി കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സമൃദ്ധി-നാട്ടുപീടിക. പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 19ന് സംസ്ഥാനതലത്തിൽ 32 കണ്ടെയ്നർ ഷോപ്പുകൾ നാടിന് സമർപ്പിക്കും. വിപണിയിലെ വില നിയന്ത്രിക്കാനും ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനും  പദ്ധതികൾ സഹായകരമാവും.

കർഷക സമ്പർക്ക പദ്ധതി - കൃഷി ദർശൻ 

കൃഷി മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന കൃഷി ദർശൻ പദ്ധതിയ്ക്ക് തുടക്കമായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായ കൃഷി ദർശൻ ഈ സാമ്പത്തിക വർഷം 28 ബ്ലോക്കുകളിൽ നടപ്പിലാക്കും. ഒരു ജില്ലയിൽ 1 എന്ന ക്രമത്തിൽ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയിൽ 1 എന്ന കണക്കിൽ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വർഷം നടക്കും. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് കൃഷിദർശൻ പരിപാടി നടത്തുന്നത്.  

കൃഷിദർശൻ വിളംബരജാഥ ആഗസ്റ്റ് 17-ന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തും. 3 ദിവസം നീണ്ടുനിൽക്കുന്ന കാർഷിക‑ഭക്ഷ്യ ശാസ്ത്രസാങ്കേതിക എക്സിബിഷൻ അതാതു ബ്ലോക്കുകളിൽ നടക്കും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തും. മന്ത്രി നേരിട്ട് കേട്ട് പ്രശ്നങ്ങൾ മനസിലാക്കുന്ന കാർഷിക അദാലത്തും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ മന്ത്രി വിലയിരുത്തും.

ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി, ഗൃഹസന്ദർശനം, ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് ഭവന കൂട്ടായ്മ, കാർഷിക സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃകാ ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം നടപ്പിലാക്കും. ഏറ്റവും നല്ല കാർഷിക കർമ്മസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക/ൻ/ കുട്ടിക്കർഷക/ൻ, ഏറ്റവും നല്ല ഹരിത സ്കൂൾ, മാധ്യമ റിപ്പോർട്ടിങ്, നവീന കൃഷിരീതി കർഷക/ൻ, കർഷക സൗഹൃദ ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരം നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-08-17 11:45:59

ലേഖനം നമ്പർ: 712

sitelisthead