ജീവിതശൈലി രോ​​ഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിം​ഗ് കൂടുതൽ മാറ്റങ്ങളോടെ  രണ്ടാംഘട്ടത്തിലേക്ക്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് പൂര്‍ത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.  1.54 കോടിയിലധികം പേരുടെ സ്‌ക്രീനിം​ഗ് പൂർത്തീകരിച്ചതില്‍ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.  സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇതിനായി പരിഷ്ക്കരിച്ച ശൈലി 2.0 ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.  ഇ ഹെല്‍ത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേള്‍വി കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും.  വാര്‍ഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും.

ശൈലി ആപ്പിലൂടെയുള്ള വിവരശേഖരണത്തിലൂടെ ഓരോ പ്രദേശത്തെയും ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകും. ഇതുവഴി പ്രാദേശികമായും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാര്‍ത്ഥകണക്ക് ലഭ്യമാകും. ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും ഇത് ഏറെ സഹായിക്കും. ആദ്യഘട്ടത്തിലെ സ്‌ക്രീനിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് 18.14(27,80,639) ശതമാനം പേര്‍ക്കെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധയില്‍ 6,26,530 പേര്‍ക്ക് പുതുതായി രക്താതിമര്‍ദവും 55.102 പേര്‍ക്ക് പുതുതായി പ്രമേഹവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പരിശോധന നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദം ഉണ്ടെന്നാണ് ഒന്നാംഘട്ട സര്‍വേയിലൂടെ കണ്ടെത്തിയത്. രോഗം, ചികിത്സ എന്ന രീതിയില്‍ നിന്നുമാറി ആരോഗ്യം, സൗഖ്യം എന്നീ ആശയത്തിന് പ്രചാരണം നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായാണ് ആര്‍ദ്രം മിഷൻ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-17 17:29:54

ലേഖനം നമ്പർ: 1315

sitelisthead