ജലഗതാഗത രംഗത്ത്  വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർമെട്രോ  പുതിയ നാല്‌ ടെർമിനലുകളി ലേക്കുകൂടി സർവീസ്‌ വ്യാപിപ്പിച്ചു. മുളവുകാട്‌ നോർത്ത്‌, സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ  എന്നീ  ടെർമിനലുകളിലേക്കുള്ള സർവീസ്‌  ആരംഭിച്ചതോടെ  രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.  ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ - ബോൾഗാട്ടി, വൈറ്റില - കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും. പരമാവധി ടിക്ക്റ്റ് നിരക്ക് പരമാവധി 40 രൂപയാണ്.  2023 ഏപ്രിൽ 26നാണ്‌ ആദ്യ ജലമെട്രോയുടെ ആദ്യ സർവീസും ആരംഭിച്ചത്‌. ഹൈക്കോടതി– വൈപ്പിൻ, വൈറ്റില– കാക്കനാട്‌ റൂട്ടുകളിലായിരുന്നു സർവീസ്‌.   കൊച്ചി വാട്ടർ മെട്രോയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്. സർവീസ് ആരംഭിച്ച് ആറു മാസത്തിനുള്ളിൽ തന്നെ 10 ലക്ഷം യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തിരുന്നു. 

വാട്ടർ മെട്രോ പൂർത്തിയാവുന്നതോടുകൂടി കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളായി മാറും. ഏലൂർ ഫെറിയുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങൾക്കായി 94.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓപ്പൺ ജിം, കഫത്തീരിയ, കംഫർട്ട് സ്റ്റേഷൻ, തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വിനോദ സഞ്ചാരികൾക്കായി ഡിടിപിസിയുടെ നേതൃത്വത്തിൽ ബോട്ട് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ, നഗരസഭ എന്നിവർ ചേർന്ന് നടപ്പാക്കുന്ന 55 ലക്ഷം രൂപയുടെ അമൃത് പദ്ധതിയും നടപ്പാക്കുന്നുണ്ട്. 
ദൈനംദിന യാത്രക്കാരോടൊപ്പമോ അധികലധികമോ ടൂറിസ്റ്റുകളും വാട്ടർ മെട്രോ ഉപയോഗിക്കുന്നുണ്ട്. ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാണ് കൊച്ചി വാട്ടർ മെട്രോയുടെ വിപുലീകരണം. 
 
ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി വാട്ടർ മെട്രോ സമ്പൂർണ്ണമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈവിധ്യമാർന്ന പശ്ചാത്തല വികസന പദ്ധതികളുടെ ഹബ്ബായി മാറിയ കൊച്ചിയുടെ   ഗതാഗതമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വാട്ടർ മെട്രോ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-15 14:45:31

ലേഖനം നമ്പർ: 1344

sitelisthead