കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. www.norkaroots.org   എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെൺമക്കൾ ഉണ്ടെങ്കിൽ ഓരോരുത്തർക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവർക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.

മരണപ്പെട്ട രക്ഷകർത്താവിന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്, വിസയുടെ പകർപ്പ്, മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, മരിച്ചയാൾ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട്/ലാബ് റിപ്പോർട്ട്, അപേക്ഷകയുടെ ആധാർ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്/വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്, 18 വയസ്സിന് മുകളിലുള്ളവർ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ അപേക്ഷയോടൊപ്പം നൽകണം. രേഖകൾ പിഡിഎഫ്/ജെപിഇജെ ഫോർമാറ്റിൽ അപ് ലോഡ് ചെയ്യാവുന്നതാണ്.മരണപ്പെട്ട വ്യക്തിയുമായി ബന്ധം തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ മതിയാവും. അത് ഇല്ലാത്തപക്ഷം റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക. ആക്ടീവല്ലാത്ത അക്കൗണ്ടോ, എൻആർഐ അക്കൗണ്ടോ, ജോയിന്റ് അക്കൗണ്ടോ നൽകുന്നവർക്ക് ധനസഹായം ലഭിക്കില്ല.

അപേക്ഷ നൽകുമ്പോൾ എസ്എംഎസ് മുഖാന്തിരം രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. തുടർന്നുള്ള അന്വേഷണങ്ങൾക്ക് രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കാക്കാം. അപേക്ഷകയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്  നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ (1800 425 3939) ബന്ധപ്പെടാവുന്നതാണ്.

പ്രസിദ്ധീകരിച്ച തീയ്യതി :23-11-2021

sitelisthead