മൃ​ഗസംരക്ഷണം

കാർഷിക മേഖലയുടെ ഉപവിഭാ​ഗമായ കന്നുകാലി വികസനത്തിനും സംസ്ഥാനത്ത് വളരെയേറെ പ്രാധാന്യമുണ്ട്.  ​ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ച് സ്ത്രീ  കർഷകർ, ഭൂരഹിത കർഷർ എന്നിവർക്ക് ലാഭകരമായ തൊഴില്‍ നല്‍കുന്നതോടൊപ്പം, പോഷക​ഗുണമുള്ള ആഹാരവും പ്രധാനം ചെയ്യുന്നു. ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനത്തിന്റെ ഒരു പ്രധാന ഘടകമാണ് കന്നുകാലികള്‍. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വികസന പ്രക്രിയകളില്‍ ഭൂരിഭാഗവും കന്നുകാലിമേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ ഉപമേഖലയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നേതൃത്വം നല്‍കുന്നു. 


 പ്രധാന വകുപ്പുകള്‍/ ഏജന്‍സികള്‍

മൃഗസംരക്ഷണ ഡയറക്ടറേറ്റ്
കേരളാഫീഡ്സ് ലിമിറ്റഡ് (കെ.എഫ്.എല്‍)

കേരളാ കന്നുകാലി വികസന ബോര്‍ഡ് (കെ.എല്‍.ഡി.ബി)

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എം.പി.ഐ)

കേരളാ സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെ.എസ്.പി.ഡി.സി)

കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (മില്‍മ)

കേരള വെറ്റിറിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‍സിറ്റി (KVASU)

 കന്നുകാലി മേഖലയിലെ പ്രധാന ഉല്പന്നങ്ങള്‍

പാല്‍, മാംസം, മുട്ട എന്നിവയാണ് സംസ്ഥാനത്തെ കന്നുകാലിമേഖലയിലെ പ്രധാന ഉല്പന്നങ്ങള്‍.   പാല്‍ ഉല്പാദിപ്പിക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ പതിനാലാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. മുട്ട ഉല്പാദനത്തില്‍, കേരളത്തിന് പതിമൂന്നാം സ്ഥാനമാണുള്ളത്. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന മാംസത്തിന്റെ 5.6 ശതമാനം സംഭാവന ചെയ്യുന്ന കേരളം, രാജ്യത്തെ എട്ടാമത്തെ വലിയ മാംസഉല്പാദന സംസ്ഥാനമാണ്. 

കന്നുകാലി സംരക്ഷണത്തിനായുള്ള പദ്ധതികൾ

പ്രത്യേക കന്നുകുട്ടിപരിപാലന പരിപാടി (എസ്.എല്‍.ബി.പി)

ആരോഗ്യപരിരക്ഷയും, ഇന്‍ഷ്വറന്‍സും സഹിതം 32 മാസം വരെ കാലിത്തീറ്റയ്ക്ക് സബ്‍സിഡി നല്‍കി പശുക്കിടാവുകളെ വളര്‍ത്തുന്ന പദ്ധതിയാണിത്. 1976 മുതല്‍ പദ്ധതി നടപ്പിലാക്കി വരികയാണ്. എരുമകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായി 2006-07 മുതല്‍ ഈ പദ്ധതി എരുമകള്‍ക്കും ബാധകമാക്കി.

മൃഗങ്ങളുടെ ആരോഗ്യസുരക്ഷ

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ 14 ജില്ലാ വെറ്റിറിനറി സെന്ററുകള്‍, 48 വെറ്റിറിനറി പോളി ക്ലിനിക്കുകള്‍, 210 വെറ്റിറിനറി ആശുപത്രികള്‍, 896 വെറ്റിറിനറി ഡിസ്പെന്‍സറികള്‍, 38 പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങള്‍, 1359 വെറ്റിറിനറി സബ് സെന്ററുകള്‍, 9 മൊബൈല്‍ വെറ്റിറിനറി ആശുപത്രികള്‍, 10 മൊബൈല്‍ ഫാം എയ്ഡ് യൂണി റ്റുകള്‍, 4 മൊബൈല്‍ വെറ്റിറിനറി ഡിസ്പെന്‍സറികള്‍, ഒരു മോട്ടോര്‍ ബോട്ട് വെറ്റിറിനറി ആശുപത്രി എന്നിവ മുഖേന കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസുരക്ഷ നല്‍കി വരുന്നു.

ഗോസമൃദ്ധി – സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി

സമഗ്ര കന്നുകാലി പദ്ധതിയായ ഗോസമൃദ്ധി 2017-18-ല്‍ ആണ് ആരംഭിച്ചതു്. കന്നുകാലികളുടെ മരണമോ, വൈകല്യമോ മൂലമുണ്ടാകുന്ന ഉല്പാദനക്കുറവുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന അനിശ്ചിതത്വവും, നഷ്ടവും നികത്തുന്നതിനുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

രാത്രികാലങ്ങളില്‍ അടിയന്തിര മൃഗചികിത്സാ സേവനങ്ങള്‍

വെറ്റിനറി ഡോക്ടർമാരുടെ സേവനം രാത്രികാലങ്ങളിലും ലഭ്യമാക്കുന്ന പദ്ധതി.വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് ഡോക്ടറുടെ സേവനം ബ്ലോക്കുതലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ പദ്ധതിയാണിത്. 

ഭൂമിക-ജി.ഐ.എസ് അടിസ്ഥാനത്തില്‍ അനിമല്‍ റിസോഴ്സ് മാപ്പിംഗ് സിസ്റ്റം

സംസ്ഥാനത്ത്, കന്നുകാലി മേഖലയില്‍, മൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷ കരെ സംബന്ധിച്ച വിവരങ്ങള്‍ ജി.ഐ.എസ് അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്ന ‘ഭൂമിക’എന്ന ഒരു വിവര ശേഖണപ്രക്രിയ മൃഗസംരക്ഷണ വകുപ്പു് വികസിപ്പിച്ചിട്ടുണ്ടു്. ആരോഗ്യം, പ്രജനനം, ഉല്പാദനം, ദുരന്തനിവാരണം, മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യല്‍ എന്നിവ ക്രമമായി നിരീക്ഷിക്കുന്നതിന് പര്യാപ്തമാണ് ഈ സംവിധാനം. വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. 

അനിമല്‍ ഹസ്ബന്ററി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (എ.എച്ച്.ഐ.ഡി.എഫ്)

വ്യക്തിഗത സംരംഭകര്‍, എം.എസ്.എം.ഇ ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്.പി.ഒ കള്‍), സെക്ഷന്‍ 8 കമ്പനികള്‍, ക്ഷീര സംസ്കരണം, മൂല്യവര്‍ദ്ധന അടിസ്ഥാന സൗകര്യങ്ങള്‍, മാംസ സംസ്കരണം മൃഗങ്ങളുടെ തീറ്റനിര്‍മ്മാണ പ്ലാന്റുകള്‍ എന്നീ മേഖലകളില്‍ നിക്ഷേപം നടത്താന്‍ എ.എച്ച്.ഐ.ഡി.എഫ് പ്രോത്സാഹനം നല്‍കുന്നു.


​​ഗവേഷണവും വിദ്യാഭ്യാസവും


കേരള വെറ്റിറിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‍സിറ്റി

മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളില്‍ വിദ്യാഭ്യാസം, വികസനം, ഗവേഷണം, വ്യാപനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടിലെ പൂക്കോട് ആസ്ഥാനമാക്കി ഒരു വെറ്റിറിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല സ്ഥാപിച്ചിട്ടുണ്ട്. മൃഗചികിത്സ, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളില്‍  പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുകവഴി സംസ്ഥാനത്തെ മൃഗസമ്പത്ത് വര്‍ദ്ധിപ്പിക്കുകയും, ഗവേഷണ ഫലങ്ങള്‍ പ്രായോഗികതലത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. മണ്ണുത്തിയിലെ കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജിയും, പൂക്കോടും മണ്ണൂത്തിയിലുമുള്ള വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സ് കോളേജുമാണ് ഈ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മൃഗസംരക്ഷണ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണ കേന്ദ്രങ്ങളും, ഫാമുകളും ഈ സര്‍വകലാശാലയുടെ ഭാഗമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 634

sitelisthead