മത്സ്യകൃഷി

മത്സ്യകൃഷി കേരളത്തിൽ

ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ ഏറ്റവും അനുയോജ്യമായ കൃഷിയാണ് മത്സ്യകൃഷി.  ഭക്ഷ്യസുരക്ഷയും പോഷണവും ഉറപ്പാക്കുന്നതിലും വരുമാനം ഉണ്ടാക്കുന്നതിലും സുസ്ഥിര സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിലെ മത്സ്യബന്ധന മേഖല പ്രധാനപങ്കു വഹിക്കുന്നു. രാജ്യത്തിന്റെ മത്സ്യ ഉൽപാദനത്തിൽ  നാലാം സ്ഥാനത്താണ് കേരളം. കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ, അതായത് പ്രതിദിനം ഏകദേശം 2000-2500 ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു. 

മത്സ്യകൃഷി - സാധ്യതകൾ

മത്സ്യകൃഷി തുടങ്ങാനാവശ്യമുള്ളത് കൃഷി ചെയ്യാനുള്ള മനസും വെള്ളക്കെട്ടും മാത്രമാണ്. ജലാശയം ഇല്ലെങ്കിലും ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയാൽ മത്സ്യകൃഷി തുടങ്ങാം. ചെറുകുളങ്ങൾ, ടാങ്കുകൾ-സിമിന്റ്/ഫെറോസിമന്റ്, സിൽപോളിൻ കുളങ്ങൾ ശുദ്ധജലലഭ്യത എന്നിവയുണ്ടെങ്കിൽ ചെറുകിട ഇടത്തരം അലങ്കാരമത്സ്യകൃഷി തുടങ്ങാം. ഭക്ഷ്യയോ​ഗ്യമായ മത്സ്യങ്ങളെയാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇടത്തരം കുളങ്ങൾ, പാറമടകൾ, ഇഷ്ടികക്കുളങ്ങൾ, പാടങ്ങൾ, നദികൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിൽ മത്സ്യകൃഷി ചെയ്യാം.

ജലകൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ

ബയോ ഫ്ലോക് ടെക്നോളജി

കാർബണും നൈട്രജനും സന്തുലിതമായി നിലനിർത്തി ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ് ബയോഫ്ലോക്ക് ടെക്നോളജി (ബി.എഫ്.ടി). ഇതിലൂടെ  ജലജീവികൾക്ക് പോഷകാഹാരം നൽകാനും സാധിക്കും. പ്രയോഗികമായ സാങ്കേതിക വിദ്യയായതിനാൽ ബി.എഫ്.റ്റി അഥവാ ബയോഫ്ലോക് ടെക്നോളജിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു.

റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം 

ജലത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും മത്സ്യത്തിന്റെ പരമാവധി വളർച്ച ഉറപ്പാക്കുവാനും കാര്യക്ഷമമായ ഫിൽട്ടറേഷൻ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഒരു റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം ഫിൽട്ടറേഷനുശേഷം (മെക്കാനിക്കൽ, ബയോളജിക്കൽ അല്ലെങ്കിൽ കെമിക്കൽ ഫിൽട്ടറേഷൻ) കൾച്ചർ സിസ്റ്റത്തിലേക്ക് വെള്ളം തിരികെ ഒഴുകുന്നുവെന്ന് ഉറപ്പാക്കുന്നു, അങ്ങനെ ജലത്തിന്റെ സംസ്കരണത്തിലുടനീളം ഗുണനിലവാരം നിലനിർത്തുന്നു. ഊർജ്ജം ആവശ്യമുള്ളതും ചെലവേറിയതുമായ മത്സ്യകൃഷി രീതിയാണെങ്കിലും, മത്സ്യകൃഷിക്ക് ലഭ്യമായ ജലവിസ്തൃതി പരിമിതമായ നഗരപ്രദേശങ്ങളിൽ ഇത് ഉപയോഗിക്കാവുന്നതാണ്.

അക്വാപോണിക്സ്

മത്സ്യവും സസ്യങ്ങളും തമ്മിലുള്ള ഒരു സമന്വയ സംവിധാനമാണ് ഇത്. ഈ രീതിയിൽ രണ്ടും ഒരു സംയോജിത സംവിധാനത്തിൽ ഒരുമിച്ച് വളരുന്നു. ഒരു അക്വാപോണിക്സ് സിസ്റ്റത്തിൽ, ഒരു ഫിഷ് ടാങ്കിൽ നിന്ന് ഒരു ബയോഫിൽറ്ററിലേക്ക് വെള്ളം ഒഴുകുന്നു, അവിടെ ബാക്ടീരിയ മത്സ്യാവശിഷ്ടങ്ങളെ ഒരു ജൈവ പോഷകലായനിയായി വിഘടിപ്പിക്കുന്നു. മത്സ്യ ടാങ്കിലേക്ക് വീണ്ടും വെള്ളം ചംക്രമണം ചെയ്യുന്നതിന് മുമ്പ് സസ്യങ്ങൾ വെള്ളത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നു. ഇത് ചലനാത്മകവും ഊർജ്ജം ഉപയോഗിക്കുന്നതുമായ ഒരു സംവിധാനം കൂടിയാണ്, ഈ സംവിധാനം നടപ്പിലാക്കുന്നതിൽ അതീവ ശ്രദ്ധ ആവശ്യമാണ്.

മത്സ്യത്തൊഴിലാളികൾക്കായുള്ള പദ്ധതികൾ

കേരളത്തിലെ മത്സ്യത്തൊഴിലാളി ജനസംഖ്യ ഏകദേശം 10.50 ലക്ഷമാണ്. ഇതിൽ 2.4 ലക്ഷം ഉൾനാടൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടും.  മത്സ്യത്തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്വവും ഉപജീവനോപാധിയും ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഫിഷറീസ് വകുപ്പിന് പുറമേ മത്സ്യഫെഡും, കേരള മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡും ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് തടസ്സരഹിതമായ ഉപജീവനോപാധികൾ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് പുറമേ ഭവന നിർമ്മാണം, ഇൻഷുറൻസ്, പെൻഷൻ മുതലായവയ്ക്കുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. 

മത്സ്യഫെഡിന്റെ പ്രവർത്തനങ്ങൾ

കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ 651 പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സംസ്ഥാന മത്സ്യവികസന ഫെഡറേഷൻ. 1984ലാണ് ഇത് രൂപീകരിച്ചത്. മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സ്ഥാപനം മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു. ശുദ്ധമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് "ഫിഷ് മാർട്ട്" കൾ സജ്ജീകരിച്ചിട്ടുണ്ട്.
 

മത്സ്യ​ഗവേഷണവും വിദ്യാഭ്യാസവും

മത്സ്യബന്ധനവും മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനവും ​ഗവേഷണവും നടത്തുന്നതിന് വിവിധ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. 

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല 

മത്സ്യബന്ധന- സമുദ്ര ​ഗവേഷണത്തിനായി കേരളസർക്കാർ സ്ഥാപിച്ച സർവ്വകലാശാലയാണിത്. കൊച്ചിയിലെ പനങ്ങാടാണ് സർവ്വകലാശാലയുടെ ആസ്ഥാനം. ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാലയാണിത്.കേരളാ ഗവർണ്ണർ ആണ് ചാൻസിലർ. ബഹു. ഫിഷറീസ് മന്ത്രി പ്രൊ ചാൻസിലറും. സെനറ്റ് ആണ് സർവ്വകലാശാലയുടെ ഉന്നത സമിതി. ഗവേണിംഗ് കൗൺസിൽ പ്രധാന ഉദ്യോഗസ്ഥ സമിതിയും. 

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി 

മത്സ്യബന്ധനവും മത്സ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, ഇന്ത്യൻ സർക്കാർ സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ( CIFT ) . കൊച്ചിയിൽ, വില്ലിംഗ്ഡൺ ഐലൻഡിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) ഉപസ്ഥാപനമാണിത്. മത്സ്യബന്ധനവും മത്സ്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും ഗവേഷണ സൗകര്യങ്ങൾ ലഭ്യമായ ഏക സ്ഥാപനമായി ഇത് കണക്കാക്കപ്പെടുന്നു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം 

മത്സ്യബന്ധന- സമുദ്ര ​ഗവേഷണത്തിനായി കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI). കടൽ വിഭവങ്ങളുടേയും മത്സ്യകൃഷിയിലേയും ​ഗവേഷണങ്ങൾക്കൊപ്പം മത്സ്യകർഷകരുടെ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികളും കേന്ദ്ര സമുദ്രമമത്സ്യ ​ഗവേഷണ സ്ഥാപനത്തിനു കീഴിൽ നടക്കാറുണ്ട്. കൊച്ചിയിലാണ് സ്ഥാപനത്തിന്റെ ആസ്ഥാനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-07-2022

ലേഖനം നമ്പർ: 633

sitelisthead