കേരളത്തിന്റെ കാർഷിക ചരിത്രം
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും സുപ്രധാന സ്ഥാനമാണ് കൃഷിക്കുള്ളത്. മനുഷ്യർ കൃഷിയിലേക്കും മൃഗങ്ങളെ ഇണക്കി വളർത്തുന്നതിലേക്കും തിരിഞ്ഞ നവീന ശിലായുഗത്തിൽ തന്നെ കേരളത്തിലും കൃഷിയുടെ ചരിത്രം ആരംഭിച്ചുവെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. ഇരുമ്പുയുഗം ആരംഭിച്ചതോടെ കാർഷികോദ്പാദന രീതികളിലും മാറ്റം വന്നു. നദീതടങ്ങളിൽ കുടിയേറി കൃഷി ആരംഭിച്ചതാണ് കൃഷിയുടെ ചരിത്രത്തിലെ അടുത്തഘട്ടം. കാർഷിക സമുദായങ്ങൾ വളർന്നു വന്നതോടെ കുടികളിലെ ജനങ്ങൾ കർഷകരായി മാറി. കൃഷി സ്ഥലത്തിൽ താമസിക്കുന്നതിനുള്ള അവകാശത്തെ കുടിമ അല്ലെങ്കിൽ കുടിയായ്മ എന്നും വിളിച്ചു. അടിയാർ ആയിരുന്നു ഏറ്റവും താഴ്ന്ന വിഭാഗം. ഭൂമിക്കു മേൽ അവകാശമില്ലാത്തതും ഉടമയ്ക്കു വേണ്ടി അധ്വാനിക്കാൻ ബാധ്യസ്ഥവുമായ വിഭാഗമായിരുന്നു അടിയാന്മാർ.
കൃഷിയിൽ യൂറോപ്യന്മാരുടെ സംഭാവന
17-ാം നൂറ്റാണ്ടു മുതൽ യൂറോപ്യന്മാർ കേരളത്തിൽ വേരുറപ്പിച്ചതോടെ സുഗന്ധദ്രവ്യ വ്യാപാരം അഭിവൃദ്ധിപ്പെട്ടു. കശുമാവ് (പറങ്കിമാവ്), കൈതച്ചക്ക, ശീമപ്ലാവ് (കടപ്ലാവ്), ഉരുളക്കിഴങ്ങ്, നേന്ത്രവാഴ തുടങ്ങിയവ യൂറോപ്യന്മാർ കേരളത്തിൽ പ്രചരിപ്പിച്ചു. തിരുവിതാംകൂറിൽ ചതുപ്പുനിലങ്ങൾ തെളിച്ച് കൃഷി ആരംഭിച്ചു. കടൽത്തീരത്തേക്ക് നെൽക്കൃഷി വ്യാപിച്ചതും ഇക്കാലത്താണ്. തിരുവിതാംകൂറിലും വയനാട്ടിലും മലമ്പ്രദേശങ്ങളിൽ 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനികളും വ്യക്തികളും കാപ്പി, തേയില, ഏലം തോട്ടങ്ങൾ സ്ഥാപിച്ചു. ബ്രിട്ടീഷ് തോട്ടമുടമകളെ പിന്തുടർന്ന് നാട്ടുകാരും സഹ്യാദ്രിമേഖലകളിൽ കുടിയേറി കൃഷി തുടങ്ങി. 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി മലയോര മേഖലയിൽ വലിയൊരുഭാഗം തോട്ടങ്ങളായി മാറി.
ഹരിത വിപ്ലവത്തിലൂടെ കാർഷിക മുന്നേറ്റം
കാർഷികോൽപാദനം വർധിപ്പിക്കുന്നതിനായി 1940 മുതൽ 1970 വരെ ലോകമെമ്പാടുമായി നടന്ന കാർഷിക ഗവേഷണ സാങ്കേതിക മുന്നേറ്റത്തെ ഹരിതവിപ്ലവം (മൂന്നാം കാർഷിക വിപ്ലവം) എന്ന് വിളിക്കുന്നു. ജനസംഖ്യയിലുണ്ടായ വർധനവ് ആവശ്യത്തിന് ആഹാരമില്ലാത്ത അവസ്ഥയിലേക്ക് ലോകത്തെ എത്തിച്ചു. ഇതാണ് ഹരിതവിപ്ലവത്തിന് കാരണമായത്. കൃഷി രീതികൾ പരിഷ്ക്കരിക്കുക മാത്രമായിരുന്നു ആവശ്യത്തിന് ആഹാരമുണ്ടാക്കാനുള്ള വഴി. 1940കളിൽ മെക്‌സിക്കോയിൽ നോർമൽ ഏണസ്റ്റ് ബോർലോഗിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ മുന്നേറ്റം ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ ഈ മാറ്റം ഏറ്റെടുക്കാൻ മുമ്പിൽനിന്നു. ബോർലോഗ് കണ്ടുപിടിച്ച സൊനോറ എന്ന ഗോതമ്പിന്റെ അത്യുൽപാദനശേഷിയുള്ള വിത്താണ് വിപ്ലവത്തിന് അടിസ്ഥാനമായത്. പിന്നീട് അരി, ബജ്‌റ, ചോളം തുടങ്ങിയ ധാന്യവിളകളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾക്കൊപ്പം കൃത്രിമ വളങ്ങൾ, കീടനാശിനികൾ, യന്ത്രസംവിധാനങ്ങൾ എന്നിവ കൃഷിക്ക് താങ്ങായി. ഒപ്പം കൃഷി ചെയ്യപ്പെടുന്ന സ്ഥല വിസ്തൃതി വർധിച്ചു. ജലസേചനത്തിനായി ഡാമുകളും, കനാലുകളും നിർമിക്കപ്പെട്ടു. ആവർത്തന കൃഷിയും, മണ്ണ് പരിശോധനയും, വിപണിയിൽ വില ഉറപ്പാക്കുന്ന സംവിധാനവുമൊക്കെ വിപ്ലവത്തിന് സഹായകരമായി. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ മുഖം നൽകിയ എം.എസ്. സ്വാമിനാഥൻ നമ്മുടെ ഹരിതവിപ്ലവ പിതാവായി അറിയപ്പെടുന്നു.
ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളും, കോട്ടങ്ങളും
നമ്മുടെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് ഹരിതവിപ്ലവം കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിൽ ഹരിതവിപ്ലവം വൻവിജയമായിരുന്നെങ്കിലും നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു. രാസവളങ്ങളിൽ, സൂക്ഷ്മ മൂലകങ്ങൾ (സിങ്ക്, കോപ്പർ, മാംഗനീസ്, മഗ്നീഷ്യം, ബോറോൺ) കൂടുതലുപയോഗിച്ചപ്പോൾ മണ്ണിന്റെ ഘടനയിൽ മാറ്റം വന്നു. ഭൂഗർഭ ജലനിരപ്പ് താഴ്ന്നു. പയർവർഗങ്ങളും, നവധാന്യങ്ങളും ഫലഭൂയിഷ്ഠി നൽകിയ മണ്ണിൽ ഏകധാന്യ കൃഷി വന്നതോടെ മണ്ണിന്റെ ഗുണം നഷ്ടപ്പെട്ടു. ജനിതക വൈവിധ്യം നഷ്ടപ്പെടുത്തിക്കൊണ്ട് പരമ്പരാഗത വിത്തുകൾ നഷ്ടമായി. രാസവളം, കീടനാശിനിയും മണ്ണിന്റെ സൂക്ഷ്മപരിസ്ഥിതി അപകടത്തിലാക്കി. ഇവ പല ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതായി കരുതപ്പെടുന്നു. വളർത്തു മൃഗങ്ങളുടെയും ചെറുകിട കർഷകരുടേയും സ്ഥാനം യന്ത്രവൽകരണം നഷ്ടപ്പെടുത്തി.
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിൽ ഹരിതവിപ്ലവം വൻവിജയമായിരുന്നെങ്കിലും നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു. ജൈവവൈവിധ്യ നഷ്ടം, പരമ്പരാഗത വിത്തുകളുടെ വംശനാശം, മലിനമായ മണ്ണും, ജലവും, തകർന്ന മണ്ണ്, ജല ആവാസവ്യവസ്ഥകൾ എന്നിവയുടെ കാരണമായി ഹരിതവിപ്ലവം കണക്കാക്കപ്പെട്ടു.
പ്രധാന വിളകൾ
കേരളത്തിൽ പ്രധാനമായി കൃഷി ചെയ്യുന്ന വിളകൾ ഇവയാണ്..
നെൽ വയൽ
തുവരപരിപ്പ് ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾ
കുരുമുളക്
ഇഞ്ചി
മഞ്ഞൾ
ഏലം
അടയ്ക്ക
നേന്ത്രവാഴ
ഇതര വാഴയിനങ്ങൾ
കശുവണ്ടി
മരച്ചീനി
നാളികേരം
കാപ്പി
തേയില
റബ്ബർ
മില്ലറ്റ്
പഞ്ഞ പുല്ല്
ചെറുധാന്യങ്ങൾ
മധുരകിഴങ്ങ്
മറ്റ് കിഴങ്ങ് വർഗ്ഗങ്ങൾ
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി
സംസ്ഥാനത്ത് കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്നവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എന്നിവയുടെ കീഴിൽ സംസ്ഥാനത്ത് 1884 മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ച ചന്തകൾ, ഇക്കോഷോപ്പുകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, ക്ലസ്റ്റർ ചന്തകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, കൃഷിവകുപ്പ് നേരിട്ട് നടത്തുന്ന ആഴ്ചചന്തകളിലൂടേയും വഴിയോര നഗര ചന്തകളിലൂടേയും ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ കർഷകർക്ക് നേരിട്ട് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കും.
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ കേരഫെഡ്, മാക്കറ്റ്ഫെഡ്, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, റബ്ബർമാർക്ക്, സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ്, നാളികേര വികസന ബോർഡ് തുടങ്ങിയവയാണ്.
കാർഷിക ഗവേഷണവും വിദ്യാഭ്യാസവും
കാർഷിക പഠനത്തിനും ഗവേഷണത്തിനുമുള്ള സംസ്ഥാനത്തെ പ്രമുഖ സ്ഥാപനമാണ് കാർഷിക സർവകലാശാല. സംസ്ഥാനത്തെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി വേണ്ട നൂതന വിജ്ഞാനവ്യാപന സമ്പ്രദായ ആവിഷ്ക്കരണം, സുസ്ഥിര കാർഷിക ഉൽപ്പാദനം തുടങ്ങി മൊത്തത്തിൽ ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ പ്രവർത്തനം. ഏഴ് കോളേജുകൾ, ആറ് പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ, 17 ഗവേഷണ സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളമുള്ള നാല് ഫാമുകൾ എന്നീ സ്ഥാപനങ്ങളുടെ ശൃംഖല കൂടാതെ ഇന്ത്യൻ കാർഷിക കൗൺസിലിന്റെ 31 അഖിലേന്ത്യാ ഏകോപന പദ്ധതികളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ സുസ്ഥിര വികസനത്തിലേക്കുള്ള പാതയിലേക്കു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ സർവകലാശാല തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു.
വിദഗ്ധ സേവനങ്ങൾ
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി വിദഗ്ധ സേവനങ്ങൾ സർക്കാർ ലഭ്യമാക്കുന്നുണ്ട്. കൃഷി ഭവനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവയുടെ പിന്തുണയോടെയാണ് വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നത്.
വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ)
വിത്തു മുതൽ വിപണനം വരെയുള്ള വിവിധ കാർഷിക പ്രവർത്തനങ്ങളിൽ, വാണിജ്യാടിസ്ഥാനത്തിൽ പഴം- പച്ചക്കറി കർഷകരെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് 2001-ൽ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ രൂപീകരിച്ചത്. കർഷകർക്കുള്ള സാങ്കേതിക പിന്തുണ, പങ്കാളിത്ത സാങ്കേതിക പരീക്ഷണങ്ങൾ, സ്വയംസഹായ സംഘങ്ങളുടെ രൂപീകരണം, ജൈവ സർട്ടിഫിക്കേഷനായി പങ്കാളിത്ത ഗ്യാരന്റി പരിപാടിയുടെ പ്രോത്സാഹനം, പ്രചാരണം/പരിശീലന പരിപാടികൾ, ഗുണമേന്മയുള്ള വിത്തുകളുടെ ഉൽപ്പാദനം, പങ്കാളിത്ത വായ്പാപിന്തുണ, ഗ്രൂപ്പടിസ്ഥാനത്തിലുള്ള വിപണനം, നഗരപ്രദേശത്തെ പച്ചക്കറികൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ
നാഷണൽ ഹോർട്ടികൾച്ചർ മിഷൻ എന്ന കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പിലാക്കുന്നതിനായി 2005 ലാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ രൂപീകരിച്ചത്. പഴവർഗ്ഗങ്ങളായ മാമ്പഴം, വാഴപ്പഴം, ടിഷ്യുകൾച്ചർ വാഴ, പൈനാപ്പിൾ, സ്ട്രോബറി, പച്ചക്കറികൾ, സുഗ ന്ധവ്യജ്ഞനങ്ങളായ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, പൂക്കൾ, ഔഷധസസ്യങ്ങൾ, കൂൺ, കശുവണ്ടി, കൊക്കോ, തോട്ടവിളകൾ, സുഗന്ധവിളകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനമാണ് മിഷന്റെ പ്രധാന ലക്ഷ്യം.
സർക്കാർ പദ്ധതികളും സബ്സിഡികളും
കാർഷിക രംഗത്തിന്റെ വികസനത്തിന് ധനസഹായത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങൾ കാർഷിക മേഖലയ്ക്ക് ദീർഘകാല, ഇടത്തരം, ഹ്രസ്വകാല വായ്പകൾ നൽകിവരുന്നു. സഹകരണ ബാങ്കുകളും പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റികളും (പിഎസിഎസ്) സംസ്ഥാനത്ത് കാർഷിക സാമ്പത്തിക വളർച്ച ത്വരിതപെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
കിസ്സാൻ ക്രെഡിറ്റ് കാർഡ് (കെസിസി)
ബാങ്കിംഗ് മേഖലയിൽ നിന്ന് കർഷകർക്ക് മതിയായതും സമയബന്ധിതവുമായ വായ്പ ഉറപ്പാക്കുന്നതിനുള്ള ഒരു നടപടിയായാണ് 1998-99-ൽ കെസിസി പദ്ധതി നിലവിൽവന്നത്. വിള സീസണിൽ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്. ബാങ്കിംഗ് നടപടികൾ എളുപ്പത്തിൽ ചെയ്യാൻ പദ്ധതി കർഷകരെ സഹായിക്കുന്നു.
നബാർഡിന്റെ ലോംഗ് ടേം റൂറൽ ക്രെഡിറ്റ് ഫണ്ട്
നബാർഡ് വായ്പ/റീഫിനാൻസ് രൂപത്തിലും ഗ്രാൻറായും സംസ്ഥാനങ്ങൾക്ക് സാമ്പത്തികപിന്തുണ നൽകി വരുന്നു. കാർഷിക മേഖലയിലെ നവീകരണം മുതൽ കർഷക ഉൽപാദക സംഘടനകളുടെ പ്രോത്സാഹനം, ഫാം പ്രവർത്തനങ്ങളുടെ പ്രോത്സാഹനം, നൈപുണ്യ വികസനം, സാമ്പത്തിക സഹായ പിന്തുണ, ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യൽ, ഉപജീവന അവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രൂപ്പ്/ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഗ്രാന്റ് രൂപത്തിലുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-07-2022
ലേഖനം നമ്പർ: 632